l o a d i n g

ഇന്ത്യ

ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി

എന്‍. റാമിന് നല്‍കിയ സമഗ്രമായ അഭിമുഖത്തിന്റെ പൂര്‍ണരൂപം

Thumbnail
Publisher By     Staff Reporter
November 8, 2026


ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ സമഗ്രമായ അഭിമുഖത്തില്‍, ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന തന്റെ 'ബിലോഗിംഗ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ എന്‍. റാം ഉന്നയിച്ച വ്യക്തിപരവും ചരിത്രപരവും രാഷ്ട്രീയവുമായചോദ്യങ്ങള്‍ക്ക് സോണിയ ഗാന്ധി മറുപടി നല്‍കുന്നു.

തന്റേതായ ഈ 'അവകാശബോധത്തിന്റെ' കഥ എഴുതാന്‍ ഇടയായ സാഹചര്യം, താന്‍ വളര്‍ന്നുവന്നതും ഇന്ത്യയില്‍നിന്ന് പഠിച്ചറിഞ്ഞതുമായ മൂല്യങ്ങള്‍, രാജീവ് ഗാന്ധിയില്‍നിന്നും ഇന്ദിരാ ഗാന്ധിയില്‍നിന്നും താന്‍ ഉള്‍ക്കൊണ്ട പാഠങ്ങളും അവ തന്റെ ജീവിതത്തെയും വീക്ഷണത്തെയും എങ്ങനെ സ്വാധീനിച്ചു എന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ബി.ജെ.പി-ആര്‍.എസ്.എസ് ഭരണകൂടം 'നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്കും ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും വരുത്തിവെച്ച വലിയ നാശനഷ്ടങ്ങള്‍', 1975-1977 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെ അന്നും ഇന്നും താന്‍ എങ്ങനെ നോക്കിക്കാണുന്നു എന്നത്, 1998-ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനും 1999-ല്‍ സഹപ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്ന് അതില്‍ തുടരാനും, 2004-ല്‍ പ്രധാനമന്ത്രി പദം നിരസിക്കാനുമുള്ള സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെയും മുന്നണി പങ്കാളികളുടെയും ഭാവിസാധ്യതകളും, പുസ്തകം പുറത്തിറങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രസാധകരെ മാറ്റേണ്ടിവന്ന സാഹചര്യം എന്നിവയെല്ലാം അഭിമുഖത്തില്‍ ചര്‍ച്ചയാകുന്നു.

എന്‍. റാം: 'മറ്റുള്ളവര്‍ പതിറ്റാണ്ടുകളോളം എന്റെ ''കഥ'' പറയുകയായിരുന്നു, ഇപ്പോള്‍ എന്റെ ഊഴമാണ്' എന്ന് അടുത്തിടെ താങ്കള്‍ എക്സില്‍ കുറിച്ചു. എന്റെ എ.ഐ തിരച്ചിലില്‍ വ്യക്തമാകുന്നത്, താങ്കളുടെ കഥ പറയാന്‍ ശ്രമിക്കുന്ന കുറഞ്ഞത് 75 പുസ്തകങ്ങളെങ്കിലും (ജീവചരിത്രങ്ങള്‍ ഉള്‍പ്പെടെ) നിലവിലുണ്ടെന്നാണ്. മറ്റുള്ളവര്‍ താങ്കളുടെ കഥ പറയാന്‍ തുനിഞ്ഞതില്‍ ദേഷ്യമോ അമര്‍ഷമോ തോന്നുന്നതിന് പകരം അത് താങ്കളെ രസിപ്പിക്കുകയാണ് ചെയ്തതെന്ന് പോസ്റ്റ് സൂചിപ്പിക്കുന്നു. അത് ശരിയാണോ? പതിറ്റാണ്ടുകളായി താങ്കളുടെ 'കഥ' എഴുതിയ ജീവചരിത്രകാരന്മാരുടെയും മറ്റുള്ളവരുടെയും പുസ്തകങ്ങള്‍ അല്ലെങ്കില്‍ അവയില്‍ ചിലതെങ്കിലും താങ്കള്‍ വായിച്ചിട്ടുണ്ടോ?

സോണിയ ഗാന്ധി: ഇത്രയധികം പുസ്തകങ്ങള്‍ ഉണ്ടെന്ന് എനിക്ക് തീരെ അറിവില്ലായിരുന്നു! പക്ഷേ എന്നെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്ക് ഒട്ടും താല്പര്യം തോന്നിയിട്ടില്ല. നമ്മളെക്കുറിച്ച് എഴുതപ്പെടുന്ന എല്ലാ കാര്യങ്ങളും പിന്തുടരാന്‍ ശ്രമിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്ന് പണ്ടേ രാജീവും ഞാനും തിരിച്ചറിഞ്ഞിരുന്നു. എങ്കിലും, പുസ്തകത്തില്‍ പറയുന്നതുപോലെ, സ്വന്തം കഥ സ്വയം പറയണമെന്ന് എനിക്ക് തോന്നിയ ഒരു സമയം വന്നുചേര്‍ന്നു.

എന്‍. റാം: 'ബിലോഗിംഗ്' (Belonging) എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍, പങ്കുവെക്കാന്‍ മാത്രം യോഗ്യമായ ഒരു കഥ എന്ന മട്ടില്‍ സ്വയം താഴ്ത്തിക്കെട്ടിക്കൊണ്ടാണെങ്കിലും, ഈ പുസ്തകമെഴുതാന്‍ ഇടയായ സാഹചര്യം താങ്കള്‍ വിവരിക്കുന്നുണ്ട്. വര്‍ഷങ്ങളായി താങ്കളുടെ പിന്നാലെ നടന്നിരുന്ന വിമര്‍ശകരുടെ ആ കൂട്ടവിളിയാണോ, അതോ ഉള്ളിലെന്തോ ചോദനയാണോ, അതോ രണ്ടും കൂടിയാണോ ഇത്രയും വ്യക്തിപരവും അപൂര്‍വ്വമായി മാത്രം കാണുന്ന തുറന്നുപറച്ചിലുകളുമുള്ള ഒരു പുസ്തകമെഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചത്? ഇടവേളകള്‍ ഉള്‍പ്പെടെ ഈ പുസ്തകമെഴുതാന്‍ എത്ര സമയമെടുത്തു?

സോണിയ ഗാന്ധി: അത് എത്ര കാലമായി എന്ന് എനിക്ക് കൃത്യമായ ഓര്‍മ്മയില്ല. എങ്കിലും ആദ്യമായി കുറച്ചു കാര്യങ്ങള്‍ കുറിച്ചുവെച്ചിട്ട് പത്തു വര്‍ഷത്തിലേറെയായി കാണും. അഞ്ച് വര്‍ഷം മുമ്പാണ് ഗൗരവമായി എഴുതിത്തുടങ്ങിയത്. അതൊരു തുടര്‍ച്ചയായ പ്രക്രിയ ആയിരുന്നില്ല. ചില സമയങ്ങളില്‍ ചിന്തകളും വാക്കുകളും തടസ്സമില്ലാതെ ഒഴുകിയെത്തി, എന്നാല്‍ മറ്റ് ചിലപ്പോള്‍ ഒന്നും മനസ്സിലേക്ക് വരുമായിരുന്നില്ല; നിരാശയോടെ കൈ മലര്‍ത്തി എഴുത്ത് നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ട്.

എന്‍. റാം: രാഷ്ട്രീയം ഒരു പശ്ചാത്തലമായി അല്ലെങ്കില്‍ ഒരു 'ചട്ടക്കൂടായി' മാത്രം നിലനില്‍ക്കുന്ന വ്യക്തിപരമായ ഒരു ആത്മകഥയായാണ് താങ്കള്‍ 'ബിലോഗിംഗി'നെ വിശേഷിപ്പിക്കുന്നത്. എങ്കിലും ഹൃദയം കൊണ്ട് ഇതൊരു പ്രണയകഥയാണ്; ഞാനതിനെ വായിച്ചതും അങ്ങനെ തന്നെയാണ്. രാജീവും സോണിയയും തമ്മില്‍ ഉടനടി ഉടലെടുത്ത തീവ്രമായ പ്രണയബന്ധം പിന്നീട് അതിനേക്കാള്‍ വലിയ ഒന്നായി വളരുന്നതിന്റെ കഥയാണിത്. അത് താങ്കളെ അധികാരത്തിന്റെ ഉന്നത തലങ്ങളിലേക്കും, പിന്നീട് മനസ്സില്ലാ മനസ്സോടെ പൊതുജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും, ഒടുവില്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളിലൊരാളാക്കി മാറ്റുന്നതിലേക്കും നയിച്ചു. ഇതൊരു കെട്ടുകഥയേക്കാള്‍ അത്ഭുതകരമല്ലേ?

സോണിയ ഗാന്ധി: അതെ! ഇത്രയും കാലം ഇതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് ആഗ്രഹമില്ലാതിരുന്നതിന്റെ ഒരു കാരണം അതാണ്. പക്ഷേ ഇത് ഞങ്ങള്‍ രണ്ടുപേര്‍ക്കിടയിലെ ഒരു പ്രണയകഥ മാത്രമല്ല, രാജീവിന്റെ കുടുംബത്തെയും അവരുടെ രാജ്യത്തെയും സ്നേഹിക്കാന്‍ ഞാന്‍ പഠിച്ചതിന്റെയും, ഒടുവില്‍ ഞാനും ഈ രാജ്യത്തിന്റെ ഭാഗമായി തീര്‍ന്നതിന്റെയും കഥകൂടിയാണ്. അവര്‍ അര്‍പ്പിച്ച ത്യാഗങ്ങളുടെ ലക്ഷ്യങ്ങള്‍ ഭീഷണിയിലാവുകയും പാര്‍ട്ടി ബലഹീനമാവുകയും ചെയ്തപ്പോള്‍, ഈ സ്നേഹം എങ്ങനെയാണ് എന്നെ പൊതുജീവിതത്തിലേക്ക് നയിച്ചതെന്നും ഇതിലുണ്ട്. എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് എനിക്ക് അന്ന് തോന്നി.

എന്‍. റാം: 'കാലം കടന്നുപോവുകയും ശരീരത്തിന് വയസ്സാവുകയും ചെയ്താലും, ഉള്ളിലെ മനുഷ്യന്‍ മാറ്റമില്ലാതെ തുടരുന്നു' എന്ന് ഒരിക്കല്‍ സാഹിത്യകാരന്‍ ആര്‍.കെ. നാരായണന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തില്‍, താങ്കള്‍ പിന്നീട് ജീവിക്കുകയും സ്വന്തമാക്കുകയും ചെയ്ത ലോകത്ത് നിന്നും തികച്ചും വ്യത്യസ്തമായ കുടുംബ-സാമൂഹിക അന്തരീക്ഷത്തിലാണ് താങ്കള്‍ വളര്‍ന്നത്. ഇന്ത്യയിലെ ആറ് പതിറ്റാണ്ടിലേറെയുള്ള ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ആ യുവ ഇറ്റാലിയന്‍ വനിതയുടെ എത്രത്തോളം ഭാഗം ഇന്നത്തെ താങ്കളില്‍ ബാക്കിയുണ്ട്?

സോണിയ ഗാന്ധി: വളര്‍ന്നുവന്നപ്പോള്‍ ഞാന്‍ പഠിച്ച മൂല്യങ്ങള്‍ ഇപ്പോഴും എന്നില്‍ ജീവിക്കുന്നു. അവയോട് വിശ്വസ്തത പുലര്‍ത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്: കുടുംബത്തോടും കൂട്ടുകാരോടും പുലര്‍ത്തുന്ന കൂറ്, ആത്മാര്‍ത്ഥത, മറ്റുള്ളവരോടുള്ള അനുകമ്പ, കടമയും ഉത്തരവാദിത്തവുമുള്ളവരായിരിക്കുക എന്ന ചിന്ത എന്നിവയൊക്കെയാണവ. അറുപത് വര്‍ഷം മുമ്പ് രാജീവ് കണ്ടുമുട്ടിയ അതേ വ്യക്തി തന്നെയാണ് ഈ കാര്യങ്ങളില്‍ ഞാനെന്ന് പറയാന്‍ കഴിയും. പക്ഷേ, അന്ന് ഞാന്‍ ഇപ്പോഴത്തേക്കാള്‍ കൂടുതല്‍ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുമായിരുന്നു!

എന്‍. റാം: താങ്കളുടെ ജീവിതത്തിലെ പ്രണയമായ രാജീവ് ഗാന്ധിയും, താങ്കളുമായി സവിശേഷമായ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഇന്ദിരാ ഗാന്ധിയും താങ്കളുടെ കഥയിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. തിരിഞ്ഞുനോക്കുമ്പോള്‍, അവരുടെ പ്രധാന ഗുണങ്ങളായി താങ്കള്‍ എന്താണ് കാണുന്നത്? താങ്കളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും അവര്‍ എങ്ങനെയാണ് രൂപപ്പെടുത്തിയത്?

സോണിയ ഗാന്ധി: ഒരു പുതുമണവാട്ടിയായി ഞാന്‍ ഇന്ത്യയില്‍ ഇറങ്ങുമ്പോള്‍ എനിക്ക് ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇന്ന് ഞാന്‍ എന്തൊക്കെയാണോ, എനിക്കെന്തൊക്കെ അറിയാമോ, അതെല്ലാം ഞാന്‍ അവരില്‍ നിന്നാണ് പഠിച്ചത്. അവരുടെ ധൈര്യവും സഹാനുഭൂതിയും മതേതര-ജനാധിപത്യ ഇന്ത്യയോടുള്ള പ്രതിബദ്ധതയും, എന്തിനേക്കാളും വലുത് കടമയാണെന്ന അവരുടെ ചിന്തയുമാണ് പ്രയാസങ്ങളുടെയും സംശയങ്ങളുടെയും ഘട്ടങ്ങളില്‍ എനിക്ക് പ്രചോദനമായതും എന്നെ ഉറപ്പിച്ചു നിര്‍ത്തിയതും.


എന്‍. റാം: സഞ്ജയ് ഗാന്ധിയുടെ പേര് അടിയന്തരാവസ്ഥയുടെ പര്യായമായി മാറിയെന്നും, രാജീവ് താന്‍ കേട്ട പരാതികളും വിവരങ്ങളും അമ്മയെ അറിയിക്കാറുണ്ടായിരുന്നെങ്കിലും അവരില്‍നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ലെന്നും താങ്കള്‍ എഴുതുന്നുണ്ട്. താന്‍ കേട്ടതും അനുഭവിച്ചതും കണ്ടതുമായ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ മൂത്ത മകന്റെയും മറ്റുള്ളവരുടെയും വാക്കുകള്‍ ഇന്ദിരാ ഗാന്ധി ചെവിക്കൊണ്ടിരുന്നെങ്കില്‍, അടിയന്തരാവസ്ഥയിലെ 'അതിക്രമങ്ങള്‍' എന്ന് വിളിക്കപ്പെടുന്നവ ഒഴിവാക്കാമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സോണിയ ഗാന്ധി: സഞ്ജയ് മാത്രമായിരുന്നില്ല അതിന് കാരണം, ജനങ്ങളുടെ മനസ്സില്‍ അദ്ദേഹം അടിയന്തരാവസ്ഥയുടെ പര്യായമായി പലപ്പോഴും കാണപ്പെടുന്നുണ്ടെങ്കിലും. അവരുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകരില്‍ ചിലരില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. രാജീവിനെപ്പോലെ വേറൊരു കാഴ്ചപ്പാടുള്ള വളരെ കുറച്ചുപേര്‍ മാത്രമേ അന്ന് അവര്‍ക്ക് ചുറ്റുമുണ്ടായിരുന്നുള്ളൂ. ഒടുവില്‍ എന്റെ അമ്മായിയമ്മ സ്വന്തം വിവേകത്തിലൂടെ സാഹചര്യം മനസ്സിലാക്കുകയും അത് തിരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് ഞാന്‍ കരുതുന്നത്.

എന്‍. റാം: ഞാന്‍ ജീവിക്കുകയും എതിര്‍ക്കുകയും ചെയ്ത അടിയന്തരാവസ്ഥ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു എന്നതില്‍ സംശയമില്ല. ഭാഗ്യവശാല്‍, പലവിധ കാരണങ്ങളാല്‍ അത് ഹ്രസ്വകാലമേ നീണ്ടുനിന്നുള്ളൂ. പുസ്തകത്തില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് താങ്കള്‍ രസകരമായി എഴുതുന്നുണ്ട്. അക്കാലത്ത് നടന്ന പല കാര്യങ്ങളെയും രാജീവിനെപ്പോലെ തന്നെ താങ്കളും എതിര്‍ത്തിരുന്നുവെന്ന് വ്യക്തമാണ്. അതിനെ 'അതിക്രമങ്ങള്‍' നിറഞ്ഞ, അധികാരം അമിതമായി കേന്ദ്രീകരിച്ച ഒരു കാലഘട്ടമായി കാണുന്നതിനേക്കാള്‍, ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമായ ഒരു അധ്യായമായി അംഗീകരിക്കുന്നതല്ലേ ശരി?

സോണിയ ഗാന്ധി: അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരുന്നതെന്നതിന്റെ ഗുരുതരാവസ്ഥ ഞാന്‍ അറിയുന്നത്. അതെ, ജനാധിപത്യ അവകാശങ്ങള്‍ വെട്ടിച്ചുരുക്കപ്പെടുകയും ഹേബിയസ് കോര്‍പ്പസ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു, പക്ഷേ അത് ഭരണഘടനാപരമായാണ് ചെയ്തത്. എങ്കിലും, ഞാന്‍ ആ കാലഘട്ടത്തിലേക്ക് തിരികെപ്പോയി ശ്രീമതി ഗാന്ധിയുടെ കാഴ്ചപ്പാടില്‍ നിന്ന് കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുമ്പോള്‍, അന്നത്തെ വഷളായിക്കൊണ്ടിരുന്ന സാഹചര്യങ്ങളോട് പോരാടുന്ന അവരെയാണ് ഞാന്‍ കാണുന്നത്: അക്രമാസക്തമായ പ്രതിഷേധങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുഗതാഗതത്തിനും തീയിടല്‍, വ്യാപകമായ സംഘടിത പ്രക്ഷോഭങ്ങള്‍, ഉദ്യോഗസ്ഥരോടും സായുധ സേനയോടും ഉത്തരവുകള്‍ ലംഘിക്കാനുള്ള ആഹ്വാനം പോലും അന്നുണ്ടായി. കാര്യങ്ങളെ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ പിന്നിട്ട കാലം നമ്മെ സഹായിക്കും. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് 1977 മാര്‍ച്ചിലെ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തത് ശ്രീമതി ഗാന്ധി തന്നെയായിരുന്നു എന്നത് നാം മറക്കരുത്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളില്‍ അവര്‍ പിന്നീട് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തത് താങ്കള്‍ക്ക് നന്നായി അറിയാമല്ലോ.

എന്‍. റാം: ആര്‍.എസ്.എസ്, ബി.ജെ.പി, സംഘപരിവാര്‍ പ്രസ്ഥാനങ്ങളെക്കുറിച്ചും അവര്‍ ഇന്ത്യന്‍ സമൂഹത്തിനും രാഷ്ട്രീയത്തിനും, പ്രത്യേകിച്ച് ജനാധിപത്യം, മതേതരത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങള്‍ക്കും ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ചുമാണ് താങ്കളുടെ പുസ്തകത്തിലെ ഏറ്റവും രസകരവും ഉള്‍ക്കാഴ്ചയുള്ളതുമായ ചില ഭാഗങ്ങള്‍. താങ്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ അടിസ്ഥാന വിഷയങ്ങളില്‍, ചരിത്രപരമായും സമീപകാലത്തും, ആര്‍.എസ്.എസ് നയിക്കുന്ന ഹിന്ദുത്വ ശക്തികളില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി കൃത്യമായും തുടര്‍ച്ചയായും ഫലപ്രദമായും വേറിട്ടുനിന്നിട്ടുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സോണിയ ഗാന്ധി: തീര്‍ച്ചയായും! മതേതരത്വത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഇത്ര കര്‍ശനമായ നിലപാട് (black and white) എടുക്കേണ്ടതില്ലെന്ന് പാര്‍ട്ടിക്കുള്ളിലെ ചിലര്‍ക്ക് തോന്നിയിട്ടുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ അത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ല. നമ്മുടെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും നമ്മള്‍ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ മതവും വിശ്വാസവും ഭയമില്ലാതെ ആചരിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്‍. റാം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്, നിങ്ങള്‍ രണ്ടുപേരും വ്യത്യസ്തമായ പ്രത്യയശാസ്ത്ര ലോകങ്ങളില്‍ നിന്നുള്ളവരാണെന്നും ഇന്ത്യയെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ആശയങ്ങളാണ് നിങ്ങള്‍ക്കുള്ളതെന്നും താങ്കള്‍ എഴുതുന്നു. എങ്കിലും ഭരണവര്‍ഗ്ഗത്തോടുള്ള അദ്ദേഹത്തിന്റെ അസ്വസ്ഥത താങ്കള്‍ തിരിച്ചറിയുന്നുമുണ്ട്. പുസ്തകത്തിലെ ശ്രദ്ധേയമായ ഒരു ഭാഗത്തില്‍, ഡല്‍ഹിയിലെ വരേണ്യ വര്‍ഗ്ഗത്തിന്റെ ദിവാന്‍ മുറികളില്‍ കേള്‍ക്കുന്ന രാഷ്ട്രീയ അഭിപ്രായങ്ങള്‍ 'ഇന്ത്യയുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണെന്ന്' തോന്നി താങ്കള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത് ഓര്‍ക്കുന്നു. താങ്കളുടെ മണ്ഡലത്തിലും രാജ്യത്തുടനീളവും താങ്കള്‍ കണ്ട ജനങ്ങളുടെ ദുരിതവും ജീവിക്കാനായുള്ള പോരാട്ടവും ഈ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന കൂട്ടര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതായിരുന്നു. മോദിയുടെ എളിയ പശ്ചാത്തലം അദ്ദേഹത്തിന്റെ പി.ആര്‍ ടീം അതിശയോക്തിപരമായി അവതരിപ്പിച്ചതാണെങ്കിലും, അദ്ദേഹം 'ആര്‍.എസ്.എസിനുള്ളില്‍ പാവപ്പെട്ട ഒരു ലോകത്തുനിന്ന് സ്വന്തം അധ്വാനം കൊണ്ടാണ് അധികാരത്തിലേക്ക് ഉയര്‍ന്നുവന്നത്' എന്നും താങ്കള്‍ നിരീക്ഷിക്കുന്നു. ഇതില്‍ നിന്ന് കോണ്‍ഗ്രസ് എന്തെല്ലാം രാഷ്ട്രീയ പാഠങ്ങളാണ് ഉള്‍ക്കൊള്ളേണ്ടത്?

സോണിയ ഗാന്ധി: അദ്ദേഹം തികച്ചും വ്യത്യസ്തമായ ഒരു പ്രത്യയശാസ്ത്ര ലോകത്തുനിന്നാണ് വരുന്നത് എന്നത് സത്യമാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ആളുകള്‍ വിജയിക്കുന്നതിന് നിരവധി വഴികളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും ഉദാഹരണങ്ങള്‍ എടുക്കൂ. ആര്‍.എസ്.എസില്‍ നിന്ന് ഞങ്ങള്‍ക്ക് വലിയ പാഠങ്ങളൊന്നും പഠിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

എന്‍. റാം: താങ്കളുടെ വിദേശ ബന്ധം ഉയര്‍ത്തിക്കാട്ടി താങ്കള്‍ക്ക് ഇന്ത്യയില്‍ ഉന്നത പദവികള്‍ വഹിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ ശരദ് പവാര്‍, പി.എ. സാംഗ്മ, താരിഖ് അന്‍വര്‍ എന്നിവര്‍ വാദിച്ചപ്പോള്‍ ഉണ്ടായ സങ്കടം താങ്കള്‍ രേഖപ്പെടുത്തുന്നുണ്ട്. 'എന്റെ കണ്ണുകളില്‍ വെള്ളം നിറയുന്നത് ഞാന്‍ അറിഞ്ഞു, ഞാന്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പദവിയും അധികാരവും പിടിച്ചെടുക്കാനല്ല ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഈ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തന്നെയാണ് എന്നോട് രാഷ്ട്രീയത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടത്, ഇപ്പോള്‍ അവര്‍ തന്നെ എനിക്കെതിരെ തിരിയുന്നു... പദവി വഹിക്കുന്ന വിഷയമല്ല എന്നെ വേദനിപ്പിച്ചത്, ഇന്ത്യയോടുള്ള എന്റെ കൂറ് ചോദ്യം ചെയ്യപ്പെട്ടു എന്നതായിരുന്നു.' താങ്കള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചെങ്കിലും, തുടരാന്‍ പാര്‍ട്ടി നേതാക്കള്‍ താങ്കളെ നിര്‍ബന്ധിച്ചു. അവസരം വന്നാല്‍ പ്രധാനമന്ത്രിപദം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം കടുപ്പിക്കാന്‍ ഈ സംഭവം കാരണമായോ?

സോണിയ ഗാന്ധി: തീര്‍ച്ചയായും എനിക്ക് വിഷമം തോന്നി. അവര്‍ എന്റെ സഹപ്രവര്‍ത്തകരായിരുന്നു, എനിക്ക് അവരില്‍ വിശ്വാസമുണ്ടായിരുന്നു, പക്ഷേ അവര്‍ക്ക് എന്നില്‍ വിശ്വാസമില്ലെന്ന് വ്യക്തമായി. അവര്‍ ഇപ്പോഴും എന്നെ പുറത്തുള്ളവളായി കാണുന്നു എന്നത് എന്നെ ഞെട്ടിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍, അവരുടേതായ കാരണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നിരിക്കാം എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ ഇത് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിലായിരുന്നു, പ്രധാനമന്ത്രി പദവിയെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സില്‍ പോലുമുണ്ടായിരുന്നില്ല. അതെ, ഞാന്‍ രാജി വെച്ചു, പക്ഷേ കുറച്ചുകാലത്തെ ആത്മപരിശോധനക്ക് ശേഷം, എന്റെ വ്യക്തിപരമായ വികാരങ്ങള്‍ എന്റെ വലിയ ലക്ഷ്യത്തില്‍ നിന്ന് എന്നെ വ്യതിചലിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് തുടരേണ്ടതുണ്ടായിരുന്നു.

എന്‍. റാം: മുപ്പതാം അധ്യായമാണ് രാഷ്ട്രീയമായി ഏറ്റവും രസകരവും വ്യക്തിപരമായി ഏറ്റവും വികാരഭരിതവുമായ ഭാഗം. 2004-ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സഖ്യം വിജയിച്ചതിന് ശേഷം, എല്ലാവരും താങ്കള്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതിയ ഘട്ടത്തില്‍ ആ പദവി വേണ്ടെന്നുവെക്കാനുള്ള തീരുമാനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ ഈ അധ്യായം നല്‍കുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ്, കോണ്‍ഗ്രസ് വിജയിച്ചാല്‍ പദവി സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ താങ്കളുടെ മക്കളില്‍ ഒരാളോട് ''ഒരിക്കലുമില്ല'' എന്ന് താങ്കള്‍ പറഞ്ഞിരുന്നു. മുത്തശ്ശിയുടെയും അച്ഛന്റെയും വധമുണ്ടാക്കിയ ആഘാതത്തില്‍ ജീവിച്ചിരുന്ന രാഹുലും പ്രിയങ്കയും ആ പദവിയില്‍ വലിയ അപകടമുണ്ടെന്ന് വിശ്വസിക്കുകയും അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നിട്ടും, പാര്‍ട്ടി നേതാക്കള്‍ താങ്കളെ നിര്‍ബന്ധിച്ച ആ 'നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക്' ഒടുവില്‍ താങ്കള്‍ 'ടീക് ഹേ' (ശരി) എന്ന് പറഞ്ഞ് വഴങ്ങിയെങ്കിലും പിന്നീട് മനസ്സ് മാറ്റി. പകരം ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി. താങ്കള്‍ ആ പദവി സ്വീകരിച്ചിരുന്നെങ്കില്‍ യു.പി.എ നയങ്ങളും കോണ്‍ഗ്രസിന്റെ തന്ത്രങ്ങളും എങ്ങനെ വ്യത്യസ്തമാകുമായിരുന്നു എന്ന് താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അന്നത്തെയും ഇന്നത്തെയും ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളെക്കാളും ഡോ. സിംഗിനെക്കാളും താങ്കള്‍ കൂടുതല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് കാഴ്ചപ്പാടുള്ള ആളാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നതുകൊണ്ടാണ് ഞാന്‍ ഇത് ചോദിക്കുന്നത്.

സോണിയ ഗാന്ധി: ഇല്ല, ഒരിക്കലുമില്ല. അങ്ങനെയൊരു ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയിട്ടേയില്ല. നമ്മുടെ അനുഭവം മൊത്തത്തില്‍ വളരെ പോസിറ്റീവായിരുന്നു. ഞങ്ങള്‍ ഒരു ടീമായി പ്രവര്‍ത്തിച്ചു, അദ്ദേഹം സര്‍ക്കാറിനെ നയിക്കുകയും ഞാന്‍ പാര്‍ട്ടിയെ നയിക്കുകയും ചെയ്തുകൊണ്ട് ഞങ്ങളുടെ ചുമതലകള്‍ വ്യക്തമായി വിഭജിച്ചിരുന്നു.

എന്‍. റാം: ഇന്ത്യയിലേക്ക് വന്നതിലും വിവാഹം കഴിച്ച കുടുംബത്തോടൊപ്പം ഇവിടെ ജീവിതം കെട്ടിപ്പടുത്തതിലും വ്യക്തിജീവിതത്തില്‍ യാതൊരു നിരാശയുമില്ലെന്ന് ഉപസംഹാരത്തില്‍ താങ്കള്‍ വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയും അതിന്റെ പ്രസിഡന്റാവുകയും ചെയ്തപ്പോള്‍, 'ജീവിതം നമ്മെ അവിശ്വസനീയമെന്ന് കരുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ പുറത്തുവരുന്ന, പുറത്തെടുക്കാത്ത ശേഷികള്‍ വ്യക്തികള്‍ക്കുണ്ടെന്ന്' തിരിച്ചറിഞ്ഞതായി പ്രത്യാശാനിര്‍ഭരമായ കുറിപ്പും താങ്കള്‍ പങ്കുവെക്കുന്നു. എങ്കിലും, രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ നടത്തേണ്ടി വന്നപ്പോഴാണ് സംശയങ്ങളുമായി താങ്കള്‍ പോരാടിയതെന്ന് താങ്കള്‍ എഴുതുന്നു. 'ഞാന്‍ ഇപ്പോള്‍ എന്നോട് തന്നെ ചോദിക്കുകയാണ്,' താങ്കള്‍ എഴുതുന്നു, 'ആ ഒത്തുതീര്‍പ്പുകള്‍ അവയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റിയോ? എപ്പോഴും ഇല്ല. അവ പാര്‍ട്ടിക്ക് അനുകൂലമാണെന്ന് തോന്നിയപ്പോള്‍ പോലും, മനസ്സിന്റെ ഉള്ളില്‍ എനിക്ക് സന്തോഷിക്കാന്‍ കഴിഞ്ഞില്ല. അവ ഇപ്പോഴും എന്റെ മനസ്സാക്ഷിയെ അലട്ടുന്നുണ്ട്.' എന്തായിരുന്നു ആ ഒത്തുതീര്‍പ്പുകള്‍? ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ പറയാമോ?

സോണിയ ഗാന്ധി: നമുക്ക് യാഥാര്‍ത്ഥ്യബോധമുള്ളവരാകാം, രാഷ്ട്രീയത്തില്‍ ചിലപ്പോഴൊക്കെ ഒത്തുതീര്‍പ്പുകള്‍ ഒഴിവാക്കാനാവാത്തതാണ്. ചിലപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പങ്കുവെക്കാത്ത ചിലരുമായി കൈകോര്‍ക്കാന്‍ നിര്‍ബന്ധിതരായ പ്രയാസകരമായ രാഷ്ട്രീയ തീരുമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് എന്റെ മനസ്സില്‍ ഒരിക്കലും സമാധാനം തന്നിരുന്നില്ല. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് പൂര്‍ണ്ണ വ്യക്തതയുണ്ട്: ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും ഞങ്ങള്‍ ഒരിക്കലും ഒരു ഒത്തുതീര്‍പ്പും ഉണ്ടാക്കിയിട്ടില്ല, ഇനി ഉണ്ടാക്കുകയുമില്ല.

എന്‍. റാം: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പാര്‍ലമെന്ററി രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും മാന്യതയും മര്യാദയും ഇല്ലാതായതിനെക്കുറിച്ച് താങ്കള്‍ ദുഃഖിക്കുന്നു 'തങ്ങളോട് വിയോജിക്കുന്നവരെ ചെറുതാക്കാനും ഉപദ്രവിക്കാനും ഏകാധിപത്യ ഭരണകൂടങ്ങള്‍ കാണിക്കുന്ന ഒരു ഹൃദയശൂന്യത.' 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ കാര്യങ്ങള്‍ മാറുമെന്നും രാഷ്ട്രീയം നയങ്ങളെയും പരിപാടികളെയും കുറിച്ചുള്ള മത്സരത്തിലേക്ക് തിരികെ വരുമെന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

സോണിയ ഗാന്ധി: കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്കും ജനാധിപത്യത്തിനും സ്ഥാപനങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഈ സര്‍ക്കാര്‍ പോയാല്‍ പോലും നമ്മുടെ സംവിധാനങ്ങളെ വീണ്ടും ആരോഗ്യകരമായ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ സമയമെടുക്കും, രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് വലിയ ശ്രമവും ആവശ്യമാണ്. ജനങ്ങള്‍ ഇപ്പോള്‍ അസ്വസ്ഥരായിത്തുടങ്ങുകയും നാശനഷ്ടങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. പക്ഷേ ഞാന്‍ ശുഭപ്രതീക്ഷയുള്ളവളാണ്, ശരിയായ ഭരണത്തിലേക്ക് മടങ്ങിവരുന്നതിനെ ഇന്ത്യയിലെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് എനിക്കറിയാം.

എന്‍. റാം: ഇന്ത്യയിലെ പ്രബല പാര്‍ട്ടി എന്ന നിലയിലുള്ള കോണ്‍ഗ്രസിന്റെ തകര്‍ച്ച രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസ് പാടുപെടുകയാണ്. 2004 നും 2014 നും ഇടയില്‍ പാര്‍ട്ടിക്ക് കുറച്ചൊക്കെ തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞെങ്കിലും, തകര്‍ച്ചയുടെ പ്രവണത മാറ്റാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പുസ്തകത്തില്‍ കോണ്‍ഗ്രസിനെക്കുറിച്ച് താങ്കള്‍ വിശദമായി എഴുതുന്നുണ്ട്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെയും ഭാവി സാധ്യതകളെയും താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

സോണിയ ഗാന്ധി: ഞാന്‍ അത്ര നിരാശാവതിയല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തുല്യമായ ഒരു മത്സരാവസരം ലഭിച്ചിട്ടില്ല എന്നത് പരിഗണിക്കുക. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിലും അവര്‍ക്കുള്ള പൂര്‍ണ്ണമായ പിടിമുറുക്കലും, മുഖ്യധാര മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണവും, അവരുടെ പണക്കൊഴുപ്പും, മതത്തെ ദുരുപയോഗം ചെയ്യുന്നതും കണക്കിലെടുക്കുക. എന്നിട്ടും, നമ്മുടെ പാര്‍ട്ടി പോരാടുകയും പുരോഗതി കൈവരിക്കുകയും ചെയ്യുന്നുണ്ട്, വാസ്തവത്തില്‍ ഈ ആക്രമണത്തെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ള ഒരേയൊരു പാര്‍ട്ടി ഇതാണ്. നമ്മുടെ പ്രവര്‍ത്തകരും നേതാക്കളും അത്യധികം ധൈര്യശാലികളാണ്. അവര്‍ എല്ലാത്തരം പീഡനങ്ങളും നേരിട്ടിട്ടുണ്ട്, എന്നിട്ടും ഓരോ ഗ്രാമത്തിലും ഓരോ ജില്ലയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നമ്മുടെ ഭരണഘടനയില്‍ അധിഷ്ഠിതമായ മൂല്യങ്ങള്‍ക്കായി ഇപ്പോഴും പോരാടുന്നു. അതിലുപരിയായി, സമീപമാസങ്ങളില്‍ പല തിരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെട്ടു എന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട്, ജനങ്ങള്‍ ഇപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്. കോണ്‍ഗ്രസ് സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, നമ്മുടെ ഭാവി സാധ്യതകള്‍ ഓരോ ദിവസവും മെച്ചപ്പെടുന്നുണ്ട്.

എന്‍. റാം: ഇന്ത്യയിലും വിദേശത്തും വലിയ വായനക്കാരെ ആകര്‍ഷിക്കുമെന്ന് ഉറപ്പുള്ള, ഇത്രയും വ്യക്തിപരവും രാഷ്ട്രീയവുമായ പ്രാധാന്യമുള്ള ഒരു പുസ്തകത്തിന്റെ പ്രസാധകരെ പുസ്തകം പുറത്തിറങ്ങുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാറ്റുന്നത് അസാധാരണമാണ്. 2026 ഓഗസ്റ്റ് അവസാനത്തോടെ, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ 'ബിലോംഗിംഗ്: എ ജേര്‍ണി ഓഫ് ലവ്' പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. സെപ്റ്റംബര്‍ ആദ്യം, ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ നവംബര്‍ 10-ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ മാറ്റം വലിയ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചു. നരേന്ദ്ര മോദി, ആര്‍.എസ്.എസ്, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍, ന്യൂനപക്ഷങ്ങള്‍, ചൈനയുമായുള്ള ഇന്ത്യയുടെ ഏറ്റുമുട്ടല്‍ എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളിലെ വിയോജിപ്പുകളാണ് ഇതിന് കാരണമെന്ന് ഒരു പത്ര റിപ്പോര്‍ട്ട് സൂചിപ്പിച്ചു. കയ്യെഴുത്തുപ്രതിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പുസ്തകപ്രസിദ്ധീകരണവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് താങ്കളുടെ ടീം തീരുമാനിക്കുകയായിരുന്നുവെന്ന് പെന്‍ഗ്വിന്‍ പറഞ്ഞു. ആ വിവരണം ശരിയാണോ? ഇത് പുസ്തകത്തിലെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമായിരുന്നോ, അതോ ഒരു എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വലിയ ചോദ്യങ്ങള്‍ ഇതിലുണ്ടായിരുന്നോ?

സോണിയ ഗാന്ധി: ഈ വിവാദങ്ങളില്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

Photo

Latest News

ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
November 8, 2026
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
November 8, 2026
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
November 8, 2026
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
November 8, 2026
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
November 8, 2026
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
November 8, 2026
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
November 8, 2026
ഇസ്രായേലില്‍ സര്‍ക്കാര്‍  രൂപീകരിക്കാന്‍ ഐസന്‍കോട്ട്
ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ട്
November 8, 2026
 'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
November 8, 2026
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
November 8, 2026