ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ പുത്രന്‍ സഞ്ജയ് ഗാന്ധിയുടെ അപകട മരണം കുടുംബത്തിലുണ്ടാക്കിയ ദുഃഖത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് സോണിയാ ഗാന്ധി. ആത്മകഥയിലാണ് ഇതുവരെ പുറംലോകമറിയാത്ത കാര്യങ്ങള്‍ സോണിയ വെളിപ്പെടുത്തിയത്.
1980 ജൂണ്‍ 23നാണ് സഞ്ജയ് ഗാന്ധി ഹെലിക്കോപ്റ്റര്‍ അപടകത്തില്‍ മരിച്ചത്. മരണവാര്‍ത്തയറിഞ്ഞ പത്തുവയസ്സുകാരന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം സോണിയ ഓര്‍മിക്കുന്നു. 'ചാച്ചാ ഈ മോര്‍ട്ടോ' (അമ്മാവന്‍ മരിച്ചു) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ രാഹുല്‍ ആവര്‍ത്തിക്കുകയായിരുന്നു. അമ്മാവന്റെ മരണവാര്‍ത്ത ഇറ്റലിയിലായിരുന്ന സോണിയയുടെ അമ്മയെ അറിയിക്കുന്നതിനിടെ രാഹുല്‍ പൊട്ടിക്കരഞ്ഞു. അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തില്‍ തളര്‍ന്നുപോയ രാഹുലിനെ ആശ്വസിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ ഏറെ പണിപ്പെട്ടു.
1980 ജൂണില്‍ സോണിയയും ഭര്‍ത്താവ് രാജീവ് ഗാന്ധിയും മക്കളായ രാഹുലും പ്രിയങ്കയുമൊത്ത് അവധിക്കാലം ചെലവിടാന്‍ ഇറ്റലിയിലെത്തിയിരുന്നു. രാഹുലിനെയും പ്രിയങ്കയെയും ഇറ്റലിയിലെ ഒര്‍ബസാനോയിലുള്ള സോണിയയുടെ മാതാപിതാക്കളുടെ വീട്ടില്‍ നിര്‍ത്തിയശേഷം സോണിയയും രാജീവും ഫ്‌ലോറന്‍സിലേക്ക് യാത്ര തിരിച്ചു.
ജൂണ്‍ 23ന് രാവിലെ ഫ്‌ലോറന്‍സിലെ താമസസ്ഥലത്ത് പ്രഭാതഭക്ഷണത്തിനായി എത്തിയപ്പോഴാണ് ഹോട്ടല്‍ ജീവനക്കാരന്‍ പരിഭ്രാന്തിയോടെ സോണിയയുടെ മാതാപിതാക്കളെ അടിയന്തരമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടത്. കുട്ടികള്‍ക്ക് എന്തോ സംഭവിച്ചിരിക്കുമെന്ന ആശങ്കയിലായിരുന്നുവെന്ന് സോണിയ എഴുതുന്നു. എന്നാല്‍ ഫോണിലൂടെ കാത്തിരുന്നത് അതിലും വലിയ ദുരന്തവാര്‍ത്തയായിരുന്നു. രാജീവിന്റെ ഇളയ സഹോദരന്‍ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ മരിച്ചിരിക്കുന്നു.
ഡല്‍ഹിയില്‍നിന്ന് സോണിയയുടെ അമ്മയ്ക്ക് ലഭിച്ച ഫോണ്‍വിളിയിലൂടെയാണ് വിവരം അറിയിച്ചത്. ഫോണില്‍ പറയുന്നത് വ്യക്തമായി മനസ്സിലാകാതിരുന്ന അവര്‍ ഫോണ്‍ പത്തുവയസ്സുകാരനായ രാഹുലിന് കൈമാറി. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍.കെ. ധവാനായിരുന്നു മറുതലയ്ക്കല്‍.
'ഒരു അപകടമുണ്ടായി, രാഹുല്‍. ചാച്ച മരിച്ചു' എന്നായിരുന്നു ധവാന്റെ വാക്കുകള്‍. കേട്ട വിവരം മുത്തശ്ശിയോട് പറയുന്നതിനിടെ രാഹുല്‍ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞത് 'ചാച്ചാ ഈ മോര്‍ട്ടോ' എന്ന വാക്കുകള്‍ മാത്രമായിരുന്നു. രാജീവും സോണിയയും ഒര്‍ബസാനോയിലെ വീട്ടിലെത്തിയപ്പോഴും രാഹുല്‍ കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. പ്രിയങ്കയും സംഭവത്തിന്റെ ആഘാതത്തില്‍ സ്തബ്ധയായിരുന്നു.
സോണിയയുടെ മാതൃഭാഷയായ ഇറ്റാലിയന്‍ ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ സംഭാഷണങ്ങളില്‍ നിലനിന്നിരുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം. രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തിനുശേഷം ഇന്ത്യയിലെത്തിയെങ്കിലും കുടുംബത്തിനുള്ളിലെ ചില സ്വകാര്യ സംഭാഷണങ്ങളില്‍ സോണിയ ഇറ്റാലിയന്‍ ഉപയോഗിച്ചിരുന്നു. രാഹുലും ഈ ഭാഷയില്‍ സംസാരിക്കുമായിരുന്നുവെന്ന് സോണിയയുടെ ഓര്‍മകള്‍ വ്യക്തമാക്കുന്നു.
2006ല്‍ യുപിഎ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സോണിയയും രാഹുലും ഇറ്റാലിയന്‍ ഭാഷയില്‍ സംസാരിച്ച സംഭവവും ഇതിന് ഉദാഹരണമായി മാധ്യമപ്രവര്‍ത്തക കൂമി കപൂര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ സ്വകാര്യ സംഭാഷണം തുടരാനാകില്ലെന്ന് മനസ്സിലാക്കിയ സോണിയ ഇറ്റാലിയനിലേക്ക് മാറുകയായിരുന്നു.
രാജീവ് ഗാന്ധിക്കും ഇറ്റാലിയന്‍ ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു. സോണിയയുടെ മാതാപിതാക്കളുമായി ഈ ഭാഷയില്‍ സംസാരിച്ചിരുന്നതായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശോക് പാണ്ഡെ തന്റെ പുസ്തകത്തില്‍ അനുസ്മരിക്കുന്നുണ്ട്.
സഞ്ജയിന്റെ മരണവാര്‍ത്തയറിഞ്ഞ ഇന്ദിരാഗാന്ധിയുടെ മാനസികാവസ്ഥയും സോണിയ ആത്മകഥയില്‍ വിവരിക്കുന്നു. അപകടസ്ഥലത്തെത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഇന്ദിര തന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. 'അവിടേക്ക് പോകുമ്പോള്‍ ദൈവത്തോട് പ്രാര്‍ഥിച്ചു, അത് അവനായിരിക്കരുതേ എന്ന്. എന്നാല്‍ അവനാണെന്ന് കണ്ടപ്പോള്‍ മുന്നോട്ടുപോകണം, സംസാരിക്കണം, നടക്കണം, എന്തെങ്കിലും ചെയ്യണം എന്ന് സ്വയം ആവര്‍ത്തിച്ചുകൊണ്ടിരുന്നു' എന്നായിരുന്നു ആ കുറിപ്പ്.
സഞ്ജയിന്റെ ഭാര്യ മേനക ഗാന്ധിയോടൊപ്പം ആശുപത്രിയിലെത്തിയ ഇന്ദിര, മകന്റെ മൃതദേഹത്തിന്റെ ക്രമീകരണങ്ങള്‍ക്കിടയിലും ബന്ധുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ശ്രദ്ധിച്ചു. എന്നാല്‍ രാജീവും സോണിയയും ഡല്‍ഹിയിലെത്തി മൃതദേഹം കണ്ടു വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ഇന്ദിരയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. കൊച്ചുമക്കളെ ചേര്‍ത്തുപിടിച്ച അവര്‍ പൊട്ടിക്കരഞ്ഞു.
രാജീവിനെ മുറുകെപ്പിടിച്ച് ഇന്ദിര ചോദിച്ചത്: 'എന്തിന്, എന്തിന് സഞ്ജയ്? എന്തിന് അവന്‍? എന്തുകൊണ്ട് ഞാനായില്ല?' എന്നായിരുന്നു. രാജീവും കരഞ്ഞു. ആ കാഴ്ച കണ്ടുനിന്ന തനിക്ക് ആശ്വസിപ്പിക്കാന്‍ വാക്കുകളൊന്നും ലഭിച്ചില്ലെന്ന് സോണിയ ഓര്‍മിക്കുന്നു.
1980 ജൂണ്‍ 23ന് രാവിലെ സഫ്ദര്‍ജങ് വിമാനത്താവളത്തില്‍നിന്ന് പിറ്റ്‌സ് എയറോബാറ്റിക് വിമാനം പറത്താനാണ് സഞ്ജയ് പുറപ്പെട്ടത്. ലൂപ്പ് അഭ്യാസത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീണ് സഞ്ജയും സഹപൈലറ്റ് ക്യാപ്റ്റന്‍ സുഭാഷ് സക്‌സേനയും മരിച്ചു. ആവശ്യമായ പ്രാഥമിക പരിശീലനം ലഭിക്കാതെ വിമാനം പറത്തരുതെന്ന് രാജീവ് സഹോദരന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും സോണിയ പറയുന്നു.
ജൂണ്‍ 25ന് യമുനാതീരത്തെ ശാന്തിവന്‍ സമുച്ചയത്തില്‍ സഞ്ജയിന്റെ സംസ്‌കാരം നടന്നു. അന്ന് സഞ്ജയിന്റെ മകന്‍ വരുണിന് മൂന്നു മാസം പ്രായമായിരുന്നു.
സഞ്ജയിന്റെ മരണം കുടുംബദുരന്തം മാത്രമായിരുന്നില്ല; ഇന്ത്യന്‍ രാഷ്ട്രീയത്തിലും നിര്‍ണായക വഴിത്തിരിവായി. ഇന്ദിരാഗാന്ധിയുടെ വിശ്വസ്ത രാഷ്ട്രീയ സഹായി കൂടിയായിരുന്ന സഞ്ജയിന്റെ മരണത്തിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങി. ആ സമ്മര്‍ദമാണ് രാജീവിന്റെ ജീവിതത്തെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിയെയും മാറ്റിമറിച്ച തീരുമാനത്തിലേക്ക് നയിച്ചത്.
Related News