മുംബൈ: ഇരു എന്‍.സി.പികളെയും ലയിപ്പിച്ച് എന്‍.ഡി.എയുടെ ഭാഗമാക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്തായി സൂചന. ശരദ് പവാര്‍ വിഭാഗം എന്‍.ഡി.എയുടെ ഭാഗമാവുന്നതില്‍ എതിര്‍പ്പില്ലെങ്കിലും രണ്ട് എന്‍.സി.പികളും തമ്മിലുള്ള ലയനത്തെ അനുകൂലിക്കില്ലെന്ന സുനേത്ര പവാറിന്റെ നിലപാടാണ് തടസ്സമായത്.
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിവിഭാഗവുമായി ബന്ധപ്പെട്ട് യാതൊരു ലയന ചര്‍ച്ചയും നടക്കുന്നില്ലെന്ന് അജിത് പവാര്‍ വിഭാഗത്തിന്റെ എന്‍.സി.പി വ്യക്തമാക്കി. ഔദ്യോഗികമായോ അനൗദ്യോഗികമായോ ലയന ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ നേരത്തേ പലതവണ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ദേശീയ മുഖ്യ വക്താവ് ഉമേഷ് പാട്ടീല്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി എന്‍.സി.പിയുടെ ലയനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചില 'സ്രോതസ്സുകളെ' ഉദ്ധരിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. തങ്ങളുടെ ഭാഗത്തുനിന്നോ മറുഭാഗത്തുനിന്നോ ലയന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും പാട്ടീല്‍ വ്യക്തമാക്കി.
വ്യാജ രാഷ്ട്രീയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനും സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാനും മാധ്യമങ്ങളെ ഉപയോഗിക്കുന്ന അജ്ഞാത സ്രോതസ്സുകളെ വിശ്വസിക്കുന്നത് ജനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍.സി.പി ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും പൂനെ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ സുനേത്ര പവാര്‍ പൂനെയിലെത്തുമ്പോള്‍ പാര്‍ട്ടി എംഎല്‍എമാരും ഭാരവാഹികളും കോര്‍പറേറ്റര്‍മാരും പ്രവര്‍ത്തകരും അവരെ സന്ദര്‍ശിക്കുന്നത് സ്വാഭാവികമാണെന്ന് പാട്ടീല്‍ പറഞ്ഞു. മണ്ഡലങ്ങളുടെ വികസനം, ജില്ലാ ആസൂത്രണ സമിതിയിലെ വിഷയങ്ങള്‍, സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികള്‍ നേതാക്കളെ കാണുന്നതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലയന നിര്‍ദേശമില്ലെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും പാര്‍ലമെന്റ് അംഗം സുപ്രിയ സുലെയും എംഎല്‍എ രോഹിത് പവാറും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കഴിഞ്ഞ ഒരാഴ്ചയായി ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണെന്ന് പാട്ടീല്‍ ചോദിച്ചു. പാര്‍ട്ടി തുടക്കംമുതല്‍ നല്‍കുന്ന വിശദീകരണങ്ങള്‍ അവഗണിച്ച് അജ്ഞാത സ്രോതസ്സുകളെ മാത്രം ആശ്രയിക്കുന്നത് പാര്‍ട്ടിയോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പികളെ ലയിപ്പിക്കാനും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സൂലെയെ കേന്ദ്ര മന്ത്രിസഭയിലുള്‍പെടുത്താനുമാണ് നീക്കം നടന്നത്. അസുഖബാധിതനായ ശരദ് പവാറിനെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം സൂചിപ്പിച്ച്. പവാര്‍ വിശ്രമിക്കണമെന്നും മകള്‍ സുപ്രിയ ഇനി രാജ്യം നോക്കുമെന്നും മോദി അദ്ദേഹത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ലയന നീക്കം സജീവമായത്.
Related News