ഖുര്‍ആനിലെ ശാസ്ത്രപരമായ സൂചനകളും പരാമര്‍ശങ്ങളും പൊതുജനങ്ങള്‍ക്കായി ലളിതമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ 'വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങള്‍' പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത പ്രഭാഷകനായ ആദില്‍ അത്തീഫ് സ്വലാഹി നിര്‍വഹിച്ചു. ചെയര്‍മാന്‍ അബ്ദുന്നസീര്‍ അധ്യക്ഷത വഹിച്ചു. പദ്ധതി ഡയറക്ടറായ അലി റഷീദ് സംസാരിച്ചു. പ്രോഗ്രാമിന്റെ വിജയത്തിനു വേണ്ടി പരിശ്രമിച്ച ഗ്ലോബല്‍ ഡയറക്ടര്‍ ലൈലാ വണ്ടൂര്‍, ഡിവിഷനല്‍ ഡയറക്ടര്‍മാരായ ആഷിക് മഞ്ചേരി, സുലേഖ മാഞ്ഞാലില്‍, സഫിയ സുബൈര്‍, പ്രോഗ്രാം എഡിറ്റ് ചെയ്ത നദീറ ഹാരിസ് എന്നിവരെ ചെയര്‍മാന്‍ പ്രത്യേകം അഭിനന്ദിച്ചു.
ഏകദേശം 40 ഹ്രസ്വ വീഡിയോ എപ്പിസോഡുകളടങ്ങിയ പരമ്പരയിലൂടെ ഖുര്‍ആനിലെ ശാസ്ത്രപരമായ പരാമര്‍ശങ്ങള്‍ ആകര്‍ഷകവും ലളിതവുമായ രീതിയില്‍ പൊതുജനങ്ങളുടെ മുന്നിലേക്കെത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അലി റഷീദ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ഖുര്‍ആനെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനും അതിന്റെ സന്ദേശങ്ങള്‍ സമകാലിക സാഹചര്യങ്ങളില്‍ പഠനവിധേയമാക്കുന്നതിനും ഈ വീഡിയോ പരമ്പര സഹായകരമാകുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഈ സംരംഭം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഖുര്‍ആന്‍ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള ഒരു വേറിട്ട ശ്രമമാണ്. ഖുര്‍ആനിലെ ശാസ്ത്രസൂചനകളെ ഇത്തരത്തില്‍ ഏകോപിപ്പിച്ച് എപ്പിസോഡ് രൂപത്തില്‍ അവതരിപ്പിക്കുന്ന പദ്ധതി ആദ്യത്തേതാണെന്നും സംഘാടകര്‍ അറിയിച്ചു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് പിന്തുണയും സഹകരണവും നല്‍കുകയും വീഡിയോ തയ്യാറാക്കുകയും ചെയ്ത എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി രേഖപ്പെടുത്തി. ഈ പ്രോഗ്രാമിനായി ആദ്യ വീഡിയോ തയ്യാറാക്കിയ അനീസ ഷെഫീക്കിനെയും പ്രത്യേകം അഭിനന്ദിച്ചു.
Related News