ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഈ ആഴ്ച ആദ്യം നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ മൃതദേഹങ്ങള്‍ ശവപ്പെട്ടികള്‍ പോലുമില്ലാതെ ഡമ്പര്‍ ട്രക്കില്‍ സ്വദേശത്തേക്ക് കൊണ്ടുവന്ന സംഭവം വന്‍ പ്രതിഷേധത്തിനും ദുഃഖത്തിനും ഇടയാക്കി. വെള്ളിയാഴ്ച കിയാര്‍ ഗ്രാമത്തിലേക്കാണ് വീരമൃത്യു വരിച്ച ബാബി ചന്ദ്, രഷ്പാല്‍ കുമാര്‍ എന്നീ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ അനാദരവോടെ എത്തിച്ചത്. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ മൃതദേഹങ്ങള്‍ സാധാരണ ചരക്കുകള്‍ പോലെ കൊണ്ടുവന്നത് കണ്ടതോടെ ദുഃഖിതരായ കുടുംബാംഗങ്ങളും ഗ്രാമവാസികളും കടുത്ത രോഷത്തോടെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ക്കൊപ്പം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ലെന്നും, മൃതദേഹങ്ങള്‍ ഉയര്‍ത്താന്‍ സ്‌ട്രെച്ചറോ പുതപ്പിക്കാന്‍ വെള്ളത്തുണിയോപോലും പോലീസ് നല്‍കിയില്ലെന്നും ഗ്രാമവാസികള്‍ ആരോപിച്ചു. ഒടുവില്‍ സൈന്യത്തില്‍ നിന്നാണ് സ്‌ട്രെച്ചര്‍ സംഘടിപ്പിച്ചതെന്നും ഗ്രാമവാസികള്‍ തന്നെ വെള്ളത്തുണി വാങ്ങി മൃതദേഹങ്ങള്‍ പുതപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ബി.ജെ.പി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ ശര്‍മ്മയും കിഷ്ത്വാര്‍ എം.എല്‍.എ ശഗുണ്‍ പരിഹാറും അധികൃതരുടെ അനാസ്ഥയെ രൂക്ഷമായി വിമര്‍ശിച്ചു.
സ്ഥലത്തെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ശഗുണ്‍ പരിഹാര്‍ വികാരാധീനയായി പ്രതികരിക്കുകയും, വിഷയം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ തയ്യാറായതെന്നു പറയുകയും ചെയ്തു. പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി നേരിട്ട് സംസാരിച്ച് കുടുംബാംഗങ്ങളുടെയും ഗ്രാമവാസികളുടെയും വേദനയും പ്രതിഷേധവും അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തുടര്‍ന്ന് പുഷ്പചക്രം അര്‍പ്പിക്കല്‍ ചടങ്ങും പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളും നല്‍കിയ ശേഷമാണ് ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
Related News