ബെംഗളൂരു: ഇന്ത്യയിലെ അതിവേഗ ട്രെയിന്‍ യാത്രാ രംഗത്ത് പുതിയ നാഴികക്കല്ലായി ബെംഗളൂരുവിനെയും ഗോവയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് (യശ്വന്ത്പൂര്‍-മഡ്ഗാവ്) സര്‍വീസ് ആരംഭിച്ചു. മംഗളൂരു വഴി സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 13 മണിക്കൂറിലധികം യാത്രാസമയമുള്ള ഈ സര്‍വീസ്, ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് ചെയര്‍ കാര്‍ ട്രെയിന്‍ എന്ന ബഹുമതിയും സ്വന്തമാക്കിയിരിക്കുകയാണ്.
യശ്വന്ത്പൂരില്‍ നിന്ന് രാവിലെ 7:35-ന് പുറപ്പെടുന്ന ട്രെയിന്‍ ഏകദേശം 13 മണിക്കൂറും 20 മിനിറ്റും കൊണ്ട് രാത്രി 8:55-ഓടെ ഗോവയിലെ മഡ്ഗാവില്‍ എത്തിച്ചേരും. ആഴ്ചയില്‍ ആറ് ദിവസമാണ് ഈ സര്‍വീസ് ഉണ്ടായിരിക്കുക. യാത്രാമധ്യേ ശ്രാവണബെളഗോള, ഹാസന്‍, സക്ലേഷ്പൂര്‍, സുബ്രഹ്‌മണ്യ റോഡ്, കബക പുത്തൂര്‍, മംഗളൂരു ജംഗ്ഷന്‍, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂര്‍, മുരുഡേശ്വര്‍, ഗോകര്‍ണ റോഡ്, കാര്‍വാര്‍ എന്നീ 12 പ്രധാന സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്. കുക്കെ സുബ്രഹ്‌മണ്യ, ഉഡുപ്പി, കൊല്ലൂര്‍ മൂകാംബിക തുടങ്ങിയ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര മേഖലകളിലേക്കും എത്തുന്ന യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് വലിയ അനുഗ്രഹമാകും.
ട്രെയിനിനുള്ളിലെ അത്യാധുനിക സൗകര്യങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് കണ്ടന്റ് ക്രിയേറ്റര്‍ ശിവ റായ് പങ്കുവെച്ച വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. വൃത്തിയുള്ളതും സുഖപ്രദവുമായ ഇന്റീരിയറുകള്‍, ട്രെയിനിനുള്ളിലെ ഭക്ഷണ വിതരണ സൗകര്യം, പശ്ചിമഘട്ടത്തിന്റെ മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാന്‍ സഹായിക്കുന്ന 180 ഡിഗ്രി തിരിക്കാവുന്ന ീറ്റുകള്‍ എന്നിവ യാത്രക്കാര്‍ക്ക് മികച്ച അനുഭവമാണ് നല്‍കുന്നത്.
ബെംഗളൂരുവില്‍നിന്ന് ഗോവയിലേക്കും തീരദേശ കര്‍ണാടകയിലേക്കും ബസ്സുകളെ മാത്രം ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ വലിയ ആശ്വാസമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം, 13 മണിക്കൂറിലധികം നീളുന്ന പകല്‍ യാത്രക്ക് ചെയര്‍ കാര്‍ സീറ്റുകള്‍ എത്രത്തോളം അനുയോജ്യമാകുമെന്നതിനെക്കുറിച്ചും, സാധാരണ ട്രെയിനുകളെ അപേക്ഷിച്ചുള്ള യാത്രാസമയത്തെക്കുറിച്ചും യാത്രക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണങ്ങളും ഉയരുന്നുണ്ട്.
Related News