റിയാദ്: ഒരേ കമ്പനിയിൽ 44 വർഷത്തെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കനിവ് റിയാദിന്റെ സ്ഥാപക നേതാക്കളിലൊരാളും നിലവിലെ രക്ഷാധികാരിയുമായ മൊയ്തു പാട്ടുപാറയ്ക്ക് സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. സുലൈ മോഡേൺ സർക്യൂട്ട് ഫാക്ടറി ഹാളിൽ നടന്ന ചടങ്ങിൽ അംഗങ്ങൾ അദ്ദേഹത്തോടൊപ്പമുള്ള ഓർമകളും അനുഭവങ്ങളും പങ്കുവെച്ചു.
മലപ്പുറം ചേങ്ങോട്ടൂർ കോൽക്കളം സ്വദേശിയായ മൊയ്തു 1982-ലാണ് റിയാദിലെത്തിയത്. മലയാളം മാത്രം അറിയുന്ന ചെറുപ്പക്കാരനായി പ്രവാസം ആരംഭിച്ച അദ്ദേഹം ഭാഷാപരമായ പരിമിതികളും ജീവിതപ്രതിസന്ധികളും കഠിനാധ്വാനത്തിലൂടെ മറികടന്ന അനുഭവങ്ങൾ അനുസ്മരിച്ചു. സൗദിയുടെ വളർച്ചയ്ക്കും മാറ്റങ്ങൾക്കും സാക്ഷിയായ പ്രവാസജീവിതത്തിൽ, സ്‌പോൺസറുടെ കുടുംബം ഒരംഗത്തെപ്പോലെ പരിഗണിച്ചതും ഉംറയും ഹജ്ജും നിർവഹിക്കാനും പിന്നീട് കുടുംബത്തോടൊപ്പം ഹജ്ജിൽ പങ്കെടുക്കാനും കഴിഞ്ഞതും നന്ദിയോടെ ഓർത്തെടുത്തു.
വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞപ്പോൾ താങ്ങായ സൗദി പൗരന്മാരെയും സഹപ്രവർത്തകരെയും അദ്ദേഹം നന്ദിയോടെ സ്മരിച്ചു. ബത്തയിലെ സൺസിറ്റി കെട്ടിടത്തിന് പിന്നിൽ കല്ലിലിരുന്ന് കനിവിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് രൂപം നൽകിയ ഓർമകളും അദ്ദേഹം പങ്കുവെച്ചു.
ശാരീരിക പ്രയാസങ്ങൾക്കിടയിലും സംഘടനയുടെ പരിപാടികളിൽ സജീവമായി പങ്കെടുത്ത മൊയ്തുവിന്റെ ആത്മാർഥതയും കുടുംബത്തോടും നാട്ടിലെ നിർധനരോടുമുള്ള കരുതലും അംഗങ്ങൾ അനുസ്മരിച്ചു. ചടങ്ങിൽ മമ്മറ്റി സ്‌നേഹോപഹാരം സമ്മാനിച്ചു. സംഘടനയുടെ കാരണവരായ മൊയ്തുവിന് ആരോഗ്യവും സമാധാനവും നിറഞ്ഞ വിശ്രമജീവിതം ആശംസിച്ചാണ് അംഗങ്ങൾ യാത്രയയപ്പ് നൽകിയത്.
Related News