തൃശൂർ: കേരള പോലീസിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഘട്ടംഘട്ടമായി 30 ശതമാനമായി ഉയർത്താനുള്ള ചരിത്രപരമായ തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള പോലീസ് അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 32-ബി ബാച്ചിലെ 89 സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ സംസ്ഥാനത്തെ 63 പോലീസ് സ്റ്റേഷനുകളിൽ വനിതാ ഉദ്യോഗസ്ഥരാണ് എസ്.എച്ച്.ഒമാരായി പ്രവർത്തിക്കുന്നത്. കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും കുറ്റവാളികളെ പിടികൂടുന്നതിലുമെല്ലാം പുരുഷ ഉദ്യോഗസ്ഥർക്ക് സമാനമായ മികച്ച പ്രകടനമാണ് വനിതാ ഉദ്യോഗസ്ഥർ കാഴ്ചവെക്കുന്നതെന്ന് മന്ത്രി അഭിനന്ദിച്ചു.
ജനങ്ങളാണ് പോലീസിന്റെ യജമാനന്മാരെന്നും കോടതിയും പോലീസുമാണ് ജനങ്ങളുടെ അവസാനത്തെ ആശ്രയമെന്ന ബോധ്യത്തോടെ പ്രവർത്തിച്ച് ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ പുതിയ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഓരോ പോലീസ് സ്റ്റേഷനും ജനങ്ങൾക്ക് തങ്ങളുടേതാണെന്ന വിശ്വാസം ഉണ്ടാകുന്ന തരത്തിൽ പ്രവർത്തിക്കണം. സംസ്ഥാന സർക്കാർ ആരംഭിച്ച 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. സങ്കടങ്ങളും പരാതികളുമായി സ്റ്റേഷനിലെത്തുന്ന ഓരോ വ്യക്തിയോടും മാന്യമായി പെരുമാറുകയും നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം വളർത്തുകയും വേണം. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യവും അധികാരവും സംരക്ഷിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ചുമതല കൂടി നൽകിയത് അവരിലുള്ള സർക്കാരിന്റെ വിശ്വാസത്തിന്റെ തെളിവാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
കുറ്റാന്വേഷണത്തിലും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിലും കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയാണ്. എപ്പോഴും വിമർശനങ്ങൾക്ക് വിധേയമാകുന്ന സേനയാണ് പോലീസെങ്കിലും, കഴിഞ്ഞ ആറുമാസക്കാലത്തിനിടെ വിമർശനങ്ങൾക്കപ്പുറം പൊതുജനങ്ങളിൽ നിന്ന് അഭിനന്ദനങ്ങളും കയ്യടികളുമാണ് കേരള പോലീസിന് ലഭിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ആധുനിക വെല്ലുവിളികളെ നേരിടാൻ സേന സജ്ജമാണ്. എന്നാൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ മാത്രം പോലീസിന്റെ ഉത്തരവാദിത്തം ഒതുങ്ങുന്നില്ലെന്നും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടുള്ള ധാർമിക ഉത്തരവാദിത്തം നിർവഹിക്കാൻ പോലീസ് മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുമാസമായി 'ഓപ്പറേഷൻ തൂഫാൻ' വിജയകരമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിമാഫിയയെ വേരറുക്കാനും യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനും പോലീസ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു.
89 സബ് ഇൻസ്പെക്ടർമാർ ഇനി പോലീസ് സേനയുടെ ഭാഗം
ചൊവ്വാഴ്ച രാവിലെ എട്ടിന് കേരള പോലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. 75 പുരുഷന്മാരും 14 വനിതകളും ഉൾപ്പെടുന്ന പുതിയ ബാച്ചിൽ 36 പേർ വിവാഹിതരാണ്. 46 പേർ ബിരുദധാരികളും 17 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. ഒരാൾ എം.ബി.എയും 23 പേർ ബി.ഇ/ബി.ടെക്കും രണ്ട് പേർ എം.ടെക്കും നേടിയവരാണ്.
കൊല്ലം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ സേനയിലെത്തുന്നത് (16 പേർ). തിരുവനന്തപുരം-13, കോഴിക്കോട്-12, കണ്ണൂർ-10, തൃശ്ശൂർ-8, കോട്ടയം-7, പാലക്കാട്-5, മലപ്പുറം-5, വയനാട്-4, ആലപ്പുഴ-2, ഇടുക്കി-2, എറണാകുളം-2, കാസർകോട്-2, പത്തനംതിട്ട-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പ്രാതിനിധ്യം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഈ ഉദ്യോഗസ്ഥരിൽ നിന്ന് പരിഷ്കൃതമായ പെരുമാറ്റവും ഉയർന്ന തൊഴിൽമികവുമാണ് കേരള സമൂഹം പ്രതീക്ഷിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
2025 നവംബർ 11-ന് ആരംഭിച്ച പരിശീലന പരിപാടിയിലൂടെ പോലീസിന്റെ ആപ്തവാക്യമായ 'മൃദുഭാവേ ദൃഢകൃത്യേ' എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ആധുനിക പരിശീലനമാണ് 89 പേർക്കും നൽകിയത്. ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം തുടങ്ങിയ നിയമങ്ങൾക്ക് പുറമെ പോലീസിംഗിലെ നിർമ്മിത ബുദ്ധി (AI), സൈബർ കുറ്റകൃത്യങ്ങൾ, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, ദുരന്തനിവാരണം, ട്രോമാ കെയർ, തീരദേശ സുരക്ഷ, ക്വിക്ക് റെസ്‌പോൺസ് ടീം പ്രവർത്തനം, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം എന്നിവയിലും വിദഗ്ധ പരിശീലനം ലഭ്യമാക്കി.
എ.കെ 47, ടാർ, ഇൻസാസ്, എസ്.എൽ.ആർ, എൽ.എം.ജി, ഗ്ലോക്ക് പിസ്റ്റൾ, 9 എം.എം പിസ്റ്റൾ, കാർബൈൻ തുടങ്ങിയ അത്യാധുനിക ആയുധങ്ങളിലും പരിശീലനം നൽകി. ദേശീയ ദുരന്ത പ്രതികരണ സേനയിലെ വിദഗ്ധർക്ക് പുറമെ അരീക്കോട് എസ്.ഒ.ജി ക്യാമ്പിൽ 15 ദിവസത്തെ ഭീകരവിരുദ്ധ പരിശീലനവും കുട്ടിക്കാനത്ത് അഞ്ച് ദിവസത്തെ ഹൈ ആൾട്ടിറ്റ്യൂഡ് പരിശീലനവും കൊച്ചി നേവൽ ബേസിലും ഫോർട്ട് കൊച്ചി തീരദേശ പോലീസ് സ്റ്റേഷനിലും തീരദേശ സുരക്ഷാ പരിശീലനവും തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ പ്രായോഗിക പരിശീലനവും നൽകി.
ബെസ്റ്റ് ആൾറൗണ്ടറായി റമീസ് നിഹാൽ കെ.സി
പരിശീലനത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് മന്ത്രി ട്രോഫികൾ സമ്മാനിച്ചു. ബെസ്റ്റ് ഇൻഡോർ, ബെസ്റ്റ് ഔട്ട്ഡോർ, ബെസ്റ്റ് ആൾറൗണ്ടർ എന്നീ വിഭാഗങ്ങളിൽ റമീസ് നിഹാൽ കെ.സി ജേതാവായി. അഖിൽ ശശീന്ദ്രൻ ബെസ്റ്റ് ഷൂട്ടറായും ഗോകുൽ ആർ.എസ് ബെസ്റ്റ് ഇൻ സൈബർ പ്രൊഫിഷ്യൻസിയായും തിരഞ്ഞെടുക്കപ്പെട്ടു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ (ഔട്ട്ഡോർ) ജയരാജ് എൻ.ആർ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.എ.പി-1 ബറ്റാലിയൻ ബാൻഡ് മാസ്റ്റർ എസ്.ഐ ജോസ് ജോൺ, കെ.എ.പി-2 ബറ്റാലിയൻ ബാൻഡ് മാസ്റ്റർ എസ്.ഐ ശശി എം.കെ, എം.എസ്.പി ബറ്റാലിയൻ ബാൻഡ് മാസ്റ്റർ എസ്.ഐ ജിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ബാൻഡ് സംഘം പരേഡിന് താളവാദ്യങ്ങളാൽ മിഴിവേകി.
രാജൻ ജെ. പല്ലൻ എം.എൽ.എ, കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, കേരള പോലീസ് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കൗൺസിലർ ടി.ആർ. ഹിരൺ, തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി നാരായണൻ ടി, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ എസ്.പി മുഹമ്മദ് നദിമുദീൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് മുഹമ്മദ് ആരിഫ്, കെ.എ.പി 4 കമാൻഡന്റ് അജിത്ത് കുമാർ സി.പി, പോലീസ് ഉദ്യോഗസ്ഥർ, പരിശീലനാർത്ഥികളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.