ജിദ്ദ: ജിദ്ദ - കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സ്, ഫ്‌ലൈ നാസ് എന്നീ വിമാനക്കമ്പനികള്‍ക്ക് പ്രതിദിന സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി അനുമതി നല്‍കണമെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ആവശ്യപ്പെട്ടു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇരു കമ്പനികളും കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചത് പ്രവാസികള്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും വലിയ ആശ്വാസമാണ്. എന്നാല്‍ നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുള്ള സര്‍വീസുകള്‍ യാത്രക്കാരുടെ തിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സൗദിയിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പ്രവാസികളുടെ യാത്രാക്ലേശം ഇരട്ടിയാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പോലും ഇപ്പോള്‍ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യം പരിഗണിച്ച് സൗദി വിമാനക്കമ്പനികള്‍ക്ക് ദിവസേന സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത് പ്രവാസികള്‍ക്ക് വലിയ തുണയാകും.
കരിപ്പൂര്‍ വിമാനത്താവളത്തിലെ റിസ നിര്‍മ്മാണം വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വരും മാസങ്ങളില്‍ മണിക്കൂറുകളോളം റണ്‍വേ അടച്ചിടുന്നത് നിലവിലുള്ള സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനും നടപടി സ്വീകരിക്കണം.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കോഴിക്കോട് നിന്നും തിരുവനന്തപുരം, ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍, മംഗലാപുരം എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പ്രാദേശിക വിമാനക്കമ്പനികള്‍ മുന്നോട്ടുവരണം.
സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലേക്ക് കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ലോര്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി നടപടിയെടുക്കണം.
പ്രവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പും ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്ററും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Related News