ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന ഇറാന്റെ തെക്കന്‍ ദ്വീപായ ഖെഷ്മില്‍ അമേരിക്ക ചൊവ്വാഴ്ച നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ദ്വീപില്‍ അഞ്ചോ ആറോ ഉഗ്ര സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ ആക്രമണത്തില്‍ ദ്വീപിലെ ജനവാസ മേഖലകള്‍ക്കോ, വാണിജ്യ കേന്ദ്രങ്ങള്‍ക്കോ, അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ അഹമ്മദ് നഫീസി വ്യക്തമാക്കി. ഖെഷ്മ് ദ്വീപിലെ സാഹചര്യം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്നും എല്ലാ ദുരിതാശ്വാസ, സേവന ഏജന്‍സികളും അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്റൈനില്‍ ഇറാന്റെ പ്രത്യാക്രമണം
അതേസമയം, ബഹ്റൈനില്‍ അമേരിക്ക പ്രവര്‍ത്തിപ്പിക്കുന്ന റഡാര്‍ സംവിധാനത്തിന് നേരെ ചൊവ്വാഴ്ച രാവിലെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് അറിയിച്ചു. ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തില്‍ യു.എസ് സൈന്യം പ്രവര്‍ത്തിപ്പിക്കുന്ന റഡാര്‍ സംവിധാനത്തെ ലക്ഷ്യമിട്ടാണ് കൃത്യതയാര്‍ന്ന ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ 'സെപാഹ് ന്യൂസ്' വ്യക്തമാക്കി. അമേരിക്കന്‍ സൈനിക ഡ്രോണുകള്‍ ഇറാന്റെ വ്യോമാതിര്‍ത്തി തുടര്‍ച്ചയായി ലംഘിച്ചതിനുള്ള മറുപടിയാണ് ഈ ആക്രമണമെന്നും ഇറാന്‍ വിശദീകരിച്ചു.
കഴിഞ്ഞ ഫെബ്രുവരി അവസാനം പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഇറാന്‍ ശ്രമിച്ചുവരികയാണ്. തങ്ങളുടെ അനുമതിയുള്ള പാതകളിലൂടെ മാത്രമേ കപ്പലുകള്‍ സഞ്ചരിക്കാവൂ എന്നാണ് ഇറാന്റെ നിലപാട്. അനുമതിയില്ലാതെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ പതിവായി ആക്രമണം നടത്തുന്നുണ്ട്.
ഇതിന് മറുപടിയായി ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും, ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ സഹായം നല്‍കുകയും ചെയ്യുന്നുണ്ട്.
സമീപ ആഴ്ചകളില്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപിടിച്ചതായും കടലില്‍ സ്ഥാപിച്ച മൈനുകളില്‍ തട്ടിയാണ് അപകടമുണ്ടായതെന്നും ഇറാന്‍ പലതവണ അവകാശപ്പെട്ടിരുന്നു. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് എണ്ണക്കപ്പലുകള്‍ നാവിക മൈനുകളില്‍ തട്ടിയതായി ഇറാന്‍ സായുധ സേന ചൊവ്വാഴ്ചയും അറിയിച്ചു. എന്നാല്‍, കടലിടുക്കിലെ പ്രധാന പാതകളില്‍ നിന്ന് എല്ലാ മൈനുകളും നീക്കം ചെയ്തതായി യു.എസ് സൈന്യം അടുത്തിടെ വ്യക്തമാക്കിയിരുന്നു. വേനല്‍ക്കാലം മുതല്‍ ഇതുവരെ ഹോര്‍മുസ് വഴി 150 കോടി ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ ഗള്‍ഫ് രാജ്യങ്ങളെ സഹായിച്ചതായി മേഖലയിലെ യു.എസ് സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
Related News