മസ്‌കറ്റ് / മനാമ: ഗള്‍ഫ് മേഖലയിലെ സമുദ്ര-വ്യോമ സുരക്ഷാ സാഹചര്യങ്ങള്‍ അതീവ ഗുരുതരമായി തുടരുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ തീരത്തിന് സമീപം ടാങ്കര്‍ കപ്പലിന് നേരെ രണ്ടാം തവണയും ആക്രമണമുണ്ടായി. ഒമാനിലെ ഖസബ് തുറമുഖ നഗരത്തിന് 7 നോട്ടിക്കല്‍ മൈല്‍ (13 കിലോമീറ്റര്‍) വടക്കായി സഞ്ചരിച്ചിരുന്ന ടാങ്കറിന് നേരെയാണ് ചൊവ്വാഴ്ച വീണ്ടും ആക്രമണമുണ്ടായതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കപ്പലില്‍ തീപിടുത്തമുണ്ടായതായും, കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ കാണാതായതായും അവര്‍ വ്യക്തമാക്കി. തിങ്കളാഴ്ചയുണ്ടായ ആദ്യ ആക്രമണത്തില്‍ കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ തീപിടുത്തമുണ്ടാകുകയും കപ്പലിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തിരുന്നെങ്കിലും ജീവനക്കാര്‍ സുരക്ഷിതരാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ചൊവ്വാഴ്ചയുണ്ടായ രണ്ടാമത്തെ ആക്രമണത്തിന് ശേഷം ജീവനക്കാരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ നാവിക മൈനുകളില്‍ ഇടിച്ചാണ് ഒരു എല്‍.പി.ജി കപ്പലിനും ഓയില്‍ ടാങ്കറിനും തീപിടിച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് അവകാശപ്പെട്ടു.
ഇതിനിടെ, ചൊവ്വാഴ്ച രാവിലെ ബഹ്റൈന്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ നിരവധി വ്യോമാക്രമണങ്ങള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായി ബഹ്റൈന്‍ പ്രതിരോധ സേന അറിയിച്ചു. തലസ്ഥാനമായ മനാമയില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം താമസക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് രണ്ട് തവണ തുടര്‍ച്ചയായി അടിയന്തര ജാഗ്രതാ സന്ദേശങ്ങള്‍ അയച്ചതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഭീഷണി ഒഴിഞ്ഞതായി പിന്നീട് അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തില്‍ അമേരിക്കന്‍ സൈന്യം പ്രവര്‍ത്തിപ്പിക്കുന്ന റഡാര്‍ സംവിധാനത്തെ ലക്ഷ്യമിട്ട് തങ്ങളുടെ കോംബാറ്റ് ഡ്രോണുകള്‍ കൃത്യതയാര്‍ന്ന ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഔദ്യോഗിക വെബ്‌സൈറ്റായ 'സെപാഹ് ന്യൂസിലൂടെ' വ്യക്തമാക്കി. ഇറാന്റെ വ്യോമാതിര്‍ത്തി അമേരിക്കന്‍ സൈനിക ഡ്രോണുകള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിനുള്ള തിരിച്ചടിയായാണ് ഈ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വിശദീകരണം. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സൈനിക യൂണിറ്റുകള്‍ അതീവ ജാഗ്രതയിലാണെന്നും പൂര്‍ണ്ണ സജ്ജമാണെന്നും ബഹ്റൈന്‍ ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി.
Related News