ദുബായ്: യു.എ.ഇയിലെ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി നിര്‍മ്മിത ബുദ്ധി (എഐ), മലിനജല നിരീക്ഷണം, ഉപഭോക്താക്കളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചയായി. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച ഇരുപതാമത് 'ദുബായ് ഇന്റര്‍നാഷണല്‍ ഫുഡ് സേഫ്റ്റി കോണ്‍ഫറന്‍സിലെ' ഭക്ഷ്യ ആവാസവ്യവസ്ഥയുടെ ഭാവി എന്ന സെഷനിലാണ് വിദഗ്ധര്‍ പുതിയ സാങ്കേതിക സാധ്യതകള്‍ അവതരിപ്പിച്ചത്. പരമ്പരാഗത പരിശോധനാ രീതികള്‍ക്ക് അപ്പുറം, ഭക്ഷ്യജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് മുന്‍പ് തന്നെ അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഈ സാങ്കേതികവിദ്യകള്‍ സഹായിക്കും.
റസ്റ്റോറന്റ് അടുക്കളകളിലെ ശുചിത്വ ലംഘനങ്ങള്‍ തത്സമയം കണ്ടെത്താന്‍ എ.ഐ ക്യാമറകള്‍ക്ക് സാധിക്കുമെന്ന് എ.ഐ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെല്ലമി ആല്‍ഡന്‍ മാനേജിംഗ് പാര്‍ട്ണര്‍ ഫഹദ് ബിസാരി വ്യക്തമാക്കി. അടുക്കളയിലെ സിങ്കിനുള്ളില്‍ തറ തുടയ്ക്കുന്ന മോപ്പ് വെച്ചിരിക്കുന്നത് പോലുള്ള ഗുരുതരമായ ശുചിത്വ വീഴ്ചകള്‍, എലികളുടെ സാന്നിധ്യം, ഉപകരണങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കുന്നത് എന്നിവ എ.ഐ സംവിധാനം കൃത്യമായി തിരിച്ചറിയും. വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ തന്നെ ഉടമകള്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ മുന്നറിയിപ്പ് സന്ദേശം നല്‍കാനും, ആവര്‍ത്തിച്ചാല്‍ ഉന്നത അധികാരികളെ അറിയിക്കാനും ഇതിലൂടെ സാധിക്കും. സര്‍ക്കാര്‍ പരിശോധനകള്‍ക്ക് പുറമെ ഭക്ഷ്യസ്ഥാപനങ്ങള്‍ സ്വയം നിരീക്ഷണത്തിനായി ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ലേബലുകള്‍, പാക്കേജിംഗ്, സീലുകള്‍ എന്നിവയിലെ പിഴവുകള്‍ കണ്ടെത്താനും എ.ഐ ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷ്യവ്യവസ്ഥയില്‍ കര്‍ഷകര്‍ക്കും ഭക്ഷ്യനിര്‍മ്മാതാക്കള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പുറമെ സ്‌കൂളുകള്‍, മാധ്യമങ്ങള്‍, സിവില്‍ സൊസൈറ്റി, ഫുഡ് ബ്ലോഗര്‍മാര്‍ എന്നിവര്‍ക്കും നിര്‍ണ്ണായക പങ്കുണ്ടെന്ന് എമിറേറ്റ്‌സ് ഹെല്‍ത്ത് ഇക്കണോമിക്‌സ് സൊസൈറ്റി പ്രസിഡന്റ് ഡോ. സാറ അല്‍ ദല്ലാല്‍ അഭിപ്രായപ്പെട്ടു. അതേസമയം, രോഗം പടര്‍ന്ന ശേഷം പ്രതികരിക്കുന്നതിന് പകരം മുന്‍കൂട്ടി അപകടസൂചനകള്‍ കണ്ടെത്തുന്ന രീതിയിലേക്ക് ഭക്ഷ്യസുരക്ഷാ സംവിധാനങ്ങള്‍ മാറണമെന്ന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഫ്രാങ്ക് യാനാസ് ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ ഓണ്‍ലൈന്‍ സെര്‍ച്ചുകള്‍, ഉപഭോക്താക്കളുടെ റിവ്യൂകള്‍, മലിനജല പരിശോധന എന്നിവ വഴി രോഗവ്യാപന സൂചനകള്‍ നേരത്തെ കണ്ടെത്താനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൂഗിള്‍ സെര്‍ച്ച് വിവരങ്ങളും യെല്‍പ്പ്, ആമസോണ്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഉപഭോക്തൃ അഭിപ്രായങ്ങളും വിശകലനം ചെയ്യുന്നതിലൂടെ ഭക്ഷ്യവിഷബാധയും ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കേണ്ട സാഹചര്യങ്ങളും ആഴ്ചകള്‍ക്ക് മുന്‍പേ പ്രവചിക്കാന്‍ മെഷീന്‍ ലേണിംഗിന് സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ, രോഗികള്‍ ആശുപത്രികളില്‍ എത്തുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മലിനജല പരിശോധനയിലൂടെ ഫ്‌ളൂ വകഭേദങ്ങള്‍, അഞ്ചാംപനി, സൈക്ലോസ്‌പോറ പോലുള്ള സൂക്ഷ്മപരാദങ്ങള്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News