ന്യൂദല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ പാക്കിസ്ഥാന്‍ മന്ത്രി മുസദിഖ് മസൂദ് മാലിക് ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചു. പാക്കിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണക്കുന്നതിനെക്കുറിച്ച ചോദ്യങ്ങളാണ് അദ്ദേഹം പ്രധാനമായും നേരിട്ടത്.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ചുള്ള ഇന്ത്യയുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് മറുപടി നല്‍കിയില്ല. ഭീകരവാദവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തെളിവുകള്‍ കൈമാറുന്ന സുതാര്യമായ സംവിധാനം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആദ്യ എസ്.സി.ഒ (ഷാങ്ഹായ് സഹകരണ സംഘടന) സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തിന് പാക്കിസ്ഥാന്‍ മന്ത്രിയെ ക്ഷണിച്ചത് വലിയ വിവാദമായിട്ടുണ്ട്. ഭീകരാക്രമണങ്ങളില്‍ ആയിരക്കണക്കിന് പാകിസ്ഥാനികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഭീകരവാദ പ്രശ്‌നങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും മാലിക് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും പരസ്പരം തെളിവുകള്‍ ഹാജരാക്കി വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കണമെന്ന നിര്‍ദേശം പാകിസ്ഥാന്‍ പലതവണ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭീകരവാദം സംബന്ധിച്ച ചര്‍ച്ചകള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും പറഞ്ഞു.
എന്നാല്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘങ്ങളെയും ഇന്ത്യ ഉന്നയിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദ ആരോപണങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ബഹുരാഷ്ട്ര വേദിയിലെ ചര്‍ച്ചകളെ ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കങ്ങളിലേക്ക് മാത്രം ചുരുക്കരുതെന്നും ഇറാന്‍, മധ്യേഷ്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ മേഖലകളിലെ വിശാലമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും മേഖലയുടെ വെല്ലുവിളികള്‍ വ്യക്തമായ തെളിവുകളുടെയും ക്രമബദ്ധമായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.
മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പാക് മന്ത്രിയാണ് മുസദിഖ്.
വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തിയ അദ്ദേഹത്തെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ചാര്‍ജ് ഡി അഫയേഴ്‌സ് സാദ് വാറൈച്ച് സ്വീകരിച്ചു.
എസ്.സി.ഒ സംഘടിപ്പിക്കുന്ന ആദ്യ സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. സംസ്‌കാരം, ചരിത്രം, നാഗരികതകള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയിലൂടെ മേഖലയില്‍ പരസ്പര ധാരണയും സഹകരണവും വളര്‍ത്തുകയാണ് ഫോറത്തിന്റെ ലക്ഷ്യം.
ഇന്ത്യ, പാകിസ്ഥാന്‍, ചൈന, റഷ്യ, മധ്യേഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷാങ്ഹായ് സഹകരണ സംഘടനയില്‍ പത്ത് അംഗരാജ്യങ്ങളുണ്ട്. 2017ലാണ് ഇന്ത്യ സംഘടനയില്‍ പൂര്‍ണ അംഗമായത്.
Related News