സൂറിക്: 2026 ഫിഫ ലോകകപ്പിലെ ആവേശകരമായ പോരാട്ടങ്ങള്‍ക്ക് ആവര്‍ത്തിക്കാന്‍ വേദിയൊരുങ്ങുന്നു. യുവതാരം ലാമിന്‍ യമാലും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന സ്‌പെയിന്‍-ഫ്രാന്‍സ് മത്സരമാണ് യുവേഫ നേഷന്‍സ് ലീഗ് 2026-27 ക്വാര്‍ട്ടര്‍ ഫൈനലിലെ പ്രധാന ആകര്‍ഷണം. നറുക്കെടുപ്പിലാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തീരുമാനിച്ചത്.
ലോകകപ്പ് സെമിഫൈനലില്‍ ഏറ്റുമുട്ടിയ സ്‌പെയിനും ഫ്രാന്‍സും വീണ്ടും മുഖാമുഖം വരുമ്പോള്‍ ഇംഗ്ലണ്ടും നോര്‍വേയും മറ്റൊരു ലോകകപ്പ് ആവര്‍ത്തന മത്സരത്തില്‍ ഏറ്റുമുട്ടും. ലോകകപ്പില്‍ ഇംഗ്ലണ്ട് നോര്‍വേയെ 2-1ന് തോല്‍പ്പിച്ചിരുന്നു. സ്‌പെയിന്‍ ഫ്രാന്‍സിനെ 2-0ന് കീഴടക്കിയാണ് ലോകകപ്പ് കിരീടത്തിലേക്ക് മുന്നേറിയത്.
നെതര്‍ലന്‍ഡ്‌സ്-പോര്‍ച്ചുഗല്‍, ബെല്‍ജിയം- ജര്‍മനി എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ മാര്‍ച്ച് 25 മുതല്‍ 30 വരെയാണ് നടക്കുക. ആദ്യ പാദ മത്സരങ്ങള്‍ മാര്‍ച്ച് 25-27 തീയതികളിലും രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് 28-30 തീയതികളിലുമാണ്.
ക്വാര്‍ട്ടര്‍ വിജയികള്‍ ജൂണ്‍ 9 മുതല്‍ 13 വരെ നടക്കുന്ന ഫൈനല്‍ ഫോര്‍ മിനി ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടും. സെമിഫൈനലില്‍ ക്വാര്‍ട്ടര്‍ 3 വിജയികള്‍ ക്വാര്‍ട്ടര്‍ 1 വിജയികളെയും ക്വാര്‍ട്ടര്‍ 4 വിജയികള്‍ ക്വാര്‍ട്ടര്‍ 2 വിജയികളെയും നേരിടും.
ഫൈനല്‍ ഫോര്‍ ആതിഥേയ രാജ്യം നാല് യോഗ്യത നേടിയ ടീമുകളില്‍ ഒന്നായിരിക്കും. ഡിസംബര്‍ 7ന് ബെല്‍ഫാസ്റ്റില്‍ നടക്കുന്ന യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ആതിഥേയരെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related News