ജിദ്ദ: ദീര്‍ഘകാലം ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗം പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുകയും ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എറണാകുളം ചോറ്റാനിക്കര ഞാളിയത്ത് കോട്ടയത്തുപാറ ജോയ് പോള്‍ (73) ഹൃദയാഘാതം മൂലം അന്തരിച്ചു. ഉച്ചഭക്ഷണ ശേഷം വീട്ടില്‍ വിശ്രമിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. സംസ്‌കാരം ഞായറാഴ്ച (22ന്) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം വെട്ടിക്കല്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയില്‍ നടക്കും. ഇന്ത്യന്‍ സ്‌കൂളിലെ തന്നെ അധ്യാപികയായിരുന്ന സുനിത (മിന) ആണ് ഭാര്യ. മക്കള്‍: കോളിന്‍ (യു.കെ), നോയല്‍. മരുമകന്‍: അജയ്.
സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും അവരുടെ കലാ-സാംസ്‌കാരിക കഴിവുകള്‍ വളര്‍ത്തുന്നതിനും ജോയ് പോള്‍ വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുന്നതാണ്. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായാണ് ഓപ്പണ്‍ സ്‌കൂള്‍ എന്ന സംവിധാനത്തിന് അദ്ദേഹം തുടക്കമിട്ടത്. സ്‌കൂള്‍ സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ പ്രവാസികളുടെ മക്കള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്തു. ഇന്ത്യന്‍ എംബസി സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ക്കും തുടര്‍പഠനത്തിനുള്ള അവസരമാണ് ഇതിലൂടെ കൈവന്നത്.
സൗദിയിലെത്തുന്നതിന് മുമ്പ് കോട്ടയം ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ അധ്യാപകനായിരുന്നു. പിന്നീട് സൗദിയിലെത്തിയ അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് സജീവമാവുകയും ഇന്ത്യന്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട് നാല് പതിറ്റാണ്ടോളം കാലം പ്രവര്‍ത്തിക്കുകയും ചെയ്തു. പ്രവാസം അവസാനിപ്പിച്ച നാട്ടിലെത്തിയ ശേഷവും സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.
പഠനത്തോടൊപ്പം കുട്ടികളുടെ കലാവാസനകള്‍ വളര്‍ത്തുന്നതിനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജിദ്ദ കേരള കലാസാഹിതി സ്ഥാപകാംഗമായ ജോയ് പോള്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സൗദി എറണാകുളം റസിഡന്റ്‌സ് അസോസിയേഷന്‍ രക്ഷാധികാരി തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹിയായും സേവനമനുഷ്ഠിച്ചിരുന്നു.
Related News