l o a d i n g

കായികം

2026 ഫുട്ബോളിൽ ഒരു യുഗത്തിന്റെ അവസാനം.

Thumbnail
Publisher By     മുനീർ വാളക്കുട
November 21, 2026


ചരിത്രം ചില വർഷങ്ങളെ പ്രത്യേകം അടയാളപ്പെടുത്താറുണ്ട്. കാലത്തിന്റെ ഒഴുക്കിൽ സംഭവിച്ചു പോകുന്ന ചില മാറ്റങ്ങൾ പിന്നീട് ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു കാലഘട്ടത്തെത്തന്നെ മാറ്റിമറിക്കും. ലോകഫുട്ബോളിനെ സംബന്ധിച്ചിടത്തോളം 2026 അത്തരമൊരു വർഷമായി ഓർമിക്കപ്പെടും. വിജയങ്ങളുടെ ആരവങ്ങൾക്കൊപ്പം വിടവാങ്ങലുകളുടെ നൊമ്പരങ്ങളും പുതിയ പ്രതീക്ഷകളുടെ ഉദയത്തിനൊപ്പം പഴയ പ്രതാപങ്ങളുടെ മങ്ങലും കണ്ട വർഷം. ലോകം കാൽപന്തുകളിയുടെ ഏറ്റവും വലിയ വേദിയിൽ പുതിയ ലോക ചാമ്പ്യന്മാരെ സ്വീകരിച്ചപ്പോൾ, പതിറ്റാണ്ടുകളോളം ആ വേദിയുടെ മുഖങ്ങളായി നിലകൊണ്ട ചില മഹാപ്രതിഭകൾ പടിയിറങ്ങിപ്പോയ വർഷം. യൂറോപ്പിലെ പുൽമൈതാനങ്ങളിൽ പഴയ അധികാര കേന്ദ്രങ്ങൾ വെല്ലുവിളികൾ നേരിടുന്നു. ആരും വലിയ പ്രതീക്ഷകൾ വെച്ചുപുലർത്താതിരുന്ന ചില ക്ലബ്ബുകൾ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ രചിക്കുന്നു. കോടികൾ മുടക്കി സാമ്രാജ്യങ്ങൾ പടുത്തുയർത്തിയ ചില വമ്പൻ ക്ലബ്ബുകൾക്ക് സ്വന്തം മൈതാനങ്ങളിൽ പോലും ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥ. ഫുട്ബോൾ എന്ന കളി അതിന്റെ സ്വാഭാവികമായ പരിണാമത്തിലൂടെ മറ്റൊരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനകളാണ് 2026 ലോകത്തിന് നൽകിയത്. വർഷത്തിന്റെ ഏറ്റവും വലിയ സംഭവങ്ങളിലൊന്ന് മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പായിരുന്നു. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുത്ത ലോകകപ്പ്, 104 മത്സരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഫുട്ബോളിന്റെ ആഗോളവ്യാപ്തിക്ക് പുതിയൊരു അളവുകോൽ സൃഷ്ടിച്ചു.

ലോകകപ്പിന്റെ വേദി വികസിപ്പിക്കാനുള്ള ഫിഫയുടെ തീരുമാനം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പിന്റെ ഭാഗമാകാൻ അവസരം ലഭിക്കുമെന്നത് അതിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെട്ടപ്പോൾ, മത്സരങ്ങളുടെ നിലവാരത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകളും ഉയർന്നു. എന്നാൽ എല്ലാ സംവാദങ്ങൾക്കും അപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരെ ഒരേ ഫുട്ബോൾ ഉത്സവത്തിലേക്ക് എത്തിക്കാൻ ഈ ലോകകപ്പിന് കഴിഞ്ഞു. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന അർജന്റീനയെ ഫെറാൻ ടോറസിന്റെ നിർണായ ഗോളിലൂടെ പരാജയപ്പെടുത്തി സ്പെയിൻ രണ്ടാമതും ലോകത്തിന്റെ നെറുകയിലെത്തി. സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ നേതൃത്വത്തിലുള്ള പുതിയ തലമുറയുടെ ഫുട്ബോൾ മികവിനാണ് ലോകം അതിലൂടെ സാക്ഷ്യം വഹിച്ചത്. ലോകകപ്പിന്റെ ആ ചരിത്രവേദിയിൽ മറ്റൊരു വലിയ വാർത്ത ബ്രസീലിന്റെ പതനമായിരുന്നു. ഏർലിങ് ഹാലണ്ടിന്റെ നേതൃത്വത്തിലുള്ള നോർവെയുടെ മുന്നേറ്റം ബ്രസീലിയൻ ഫുട്ബോളിന്റെ ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചപ്പോൾ, ലോക ഫുട്ബോളിലെ പഴയ ശക്തികൾക്ക് പുതിയ ടീമുകളുടെ വെല്ലുവിളി എത്രത്തോളം ഗൗരവമുള്ളതാണെന്ന് അത് ഓർമിപ്പിക്കുകയും ചെയ്തു. ലോകകപ്പിൽ ഇംഗ്ലണ്ടും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാംസ്ഥാനം നേടിക്കൊണ്ട് 1966 ന് ശേഷമുള്ള അവരുടെ മികച്ച ലോകകപ്പ് നേട്ടമായിരുന്നു അത്. മൊറോക്കോ കേപ് വെർഡെ ഉൾപ്പെടെയുള്ള ടീമുകളുടെ പ്രകടനങ്ങളും ലോകകപ്പിലെ മത്സരവീര്യത്തിന് പുതിയ നിറങ്ങൾ നൽകി. ഒരുകാലത്ത് ലോകകപ്പ് സ്വപ്നം കാണാൻ പോലും കഴിയാത്ത രാജ്യങ്ങൾ ഇന്ന് വമ്പൻ ടീമുകളോട് തോളോട് തോൾ ചേർന്ന് പോരാടുന്ന കാഴ്ചയും 2026ന്റെ മനോഹരമായ അടയാളങ്ങളാണ്. എന്നാൽ ഈ വർഷത്തെ ഫുട്ബോൾ ചരിത്രത്തെ വേറിട്ടുനിർത്തുന്ന ഏറ്റവും വൈകാരികമായ സംഭവങ്ങൾ ലോകകപ്പിനേക്കാൾ അപ്പുറത്താണ്. പതിറ്റാണ്ടുകളോളം ലോകത്തിന്റെ ഫുട്ബോൾ ചർച്ചകളുടെ കേന്ദ്രബിന്ദുവായി നിലകൊണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ദേശീയ ടീമുകളോട് വിടപറഞ്ഞ വർഷമാണിത്. അവരുടെ വിടവാങ്ങൽ രണ്ട് താരങ്ങളുടെ വിരമിക്കൽ പ്രഖ്യാപനങ്ങളായി മാത്രം കാണാൻ കഴിയില്ല.


ആധുനിക ഫുട്ബോളിന്റെ ഒരു തലമുറയുടെ അവസാനമായിട്ടാണ് അതിനെ വിലയിരുത്തപ്പെടേണ്ടത്. അസ്തമയ സൂര്യന്റെ ചുവപ്പണിഞ്ഞ ആകാശം പോലെ, ഫുട്ബോൾ ലോകത്തെ ഏറ്റവും മനോഹരമായ ഒരു സുവർണ്ണ കാലഘട്ടത്തിന് 2026ൽ തിരശ്ശീല വീണിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടുകളോളം കാലം പച്ചപ്പുല്ലിനെ പ്രണയിച്ച, കാൽപന്തിന്റെ സൗന്ദര്യത്തെ ആകാശത്തോളം ഉയർത്തിയ രണ്ട് മഹാപ്രതിഭകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ബൂട്ടഴിക്കുമ്പോൾ അത് കേവലം രണ്ട് മനുഷ്യരുടെ പടിയിറക്കമല്ല. മറിച്ച്, ഒരു തലമുറയുടെ യൗവനത്തിന്റെയും സ്വപ്നങ്ങളുടെയും പടിയിറക്കമായിരുന്നു. ഒരാൾ സർഗാത്മകതയുടെ കയ്യൊപ്പ് പതിഞ്ഞ കവിതയായിരുന്നെങ്കിൽ, മറ്റൊരാൾ കഠിനാധ്വാനത്തിന്റെ തീച്ചൂളയിൽ ഉരുകിതെളിഞ്ഞ അഗ്നിപർവ്വതമായിരുന്നു. കാലം അവരെ രണ്ട് ധ്രുവങ്ങളിൽ നിർത്തി പോരടിക്കാൻ വിട്ടപ്പോഴും പരസ്പരം പ്രചോദിപ്പിച്ചു കൊണ്ട് ഇരുവരും ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് വളർത്തി. കളിക്കളത്തിലെ അവരുടെ തീവ്രമായ വൈരം അവസാനിക്കുമ്പോൾ ഫുട്ബോൾ ലോകം വല്ലാത്തൊരു ശൂന്യതയിലേക്ക് വഴുതി വീണിരിക്കുകയാണ്. വിജയങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും കാലത്തിന്റെ അനിവാര്യതയ്ക്ക് മുന്നിൽ തലകുനിച്ച് അവർ മടങ്ങുമ്പോൾ ഓരോ ഫുട്ബോൾ പ്രേമിയുടെയും നെഞ്ചിൽ ഒരു വിങ്ങലുണ്ട്. ഇനിയൊരു ഏഴാം നമ്പറുകാരനും പത്താം നമ്പറുകാരനും ഇതുപോലെ ലോകത്തെ രണ്ടായി പകുത്തെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവിന്റെ വിങ്ങൽ. അതിനും 2026 സാക്ഷിയായി. ആ മഹാപ്രതിഭകളുടെ വിടവാങ്ങലുകളുടെ നിരയിലേക്ക് ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കുവിന്റെ പേരും ചേർക്കപ്പെട്ടു. നവംബർ 16ന് ബെൽജിയം ദേശീയ ടീമിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച ലുക്കാക്കൂ രാജ്യത്തിനായി 135 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ നേടിയ ശേഷമാണ് പടിയിറങ്ങുന്നത്. വ്യക്തിഗത താരങ്ങളുടെ വിടവാങ്ങലുകൾക്കൊപ്പം യൂറോപ്പ്യൻ ക്ലബ് ഫുട്ബോളിലും ശ്രദ്ധേയമായ അധികാരമാറ്റങ്ങൾക്കാണ് 2026 സാക്ഷ്യം വഹിച്ചത്. വർഷങ്ങളായി കിരീടങ്ങൾ പങ്കിട്ടുപോന്ന വമ്പൻ ക്ലബ്ബുകളുടെ ആധിപത്യത്തിന് പുതിയ വെല്ലുവിളികൾ ഉയർന്നുകഴിഞ്ഞു. നോർവീജിയൻ ക്ലബ്ബായ ബോഡോ ഗ്ലിംറ്റും ഇറ്റാലിയൻ ക്ലബ്ബായ കോമോയുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. അതേസമയം ആധുനിക ഫുട്ബോളിലെ സാമ്പത്തികശക്തിയുടെ വളർച്ചയെ കുറിച്ചുള്ള ചർച്ചകളും ഈ വർഷം കൂടുതൽ ശക്തമായി. 2026 ലെ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ യൂറോപ്പ്യൻ ക്ലബ്ബുകളുടെ ചെലവ് 10 ബില്യൺ യൂറോ കടന്നതായി യുവേഫ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു കളിക്കാരന്റെ മൂല്യം അയാളുടെ കളി മികവിനപ്പുറം വിപണിയിലെ ആവശ്യകതയും വാണിജ്യസാധ്യതയും അനുസരിച്ച് നിർണയിക്കപ്പെടുന്ന കാലഘട്ടമാണിത്. കോടികൾ ചെലവഴിച്ച് താരങ്ങളെ സ്വന്തമാക്കുന്ന ക്ലബ്ബുകൾ ഒരുവശത്ത് നിലകൊള്ളുമ്പോൾ, മികച്ച അക്കാദമികളും പരിശീലന രീതികളും ഉപയോഗിച്ച് താരങ്ങളെ വളർത്തിയെടുക്കുന്ന ചെറിയ ക്ലബ്ബുകളും മറുവശത്തുണ്ട്. ഈ രണ്ട് ലോകങ്ങൾക്കിടയിലെ അന്തരം ഫുട്ബോളിന്റെ ഭാവിയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളും 2026 ഉയർത്തുന്നുണ്ട്. ഒടുവിൽ, കൊഴിഞ്ഞുപോകുന്ന ഈ വർഷം ഓർമിപ്പിക്കുന്നത് വലിയൊരു സത്യമാണ്. ഫുട്ബോളിൽ ഒന്നും ശാശ്വതമല്ല. ഇന്നത്തെ കരുത്തർ നാളത്തെ ഓർമകളാവാം. ഇന്നത്തെ അജ്ഞാതർ നാളത്തെ ഇതിഹാസങ്ങളുമാവാം. കിരീടങ്ങൾ കൈമാറപ്പെടും. ജഴ്സികൾ പുതിയ തലമുറയുടെ ചുമലുകളിലെത്തും. മൈതാനങ്ങളിലെ ആരവങ്ങൾ പുതിയ പേരുകളായി ഉയരും. പക്ഷേ പന്തുരുളുന്ന കാലത്തോളം ഫുട്ബോളിന്റെ കഥ അവസാനിക്കില്ല. ഒരു യുഗം മാഞ്ഞു പോകുമ്പോൾ മറ്റൊരു യുഗം പിറവി കൊള്ളും. അതാണ് ഈ കളിയുടെ സൗന്ദര്യം. അതാണ് ഫുട്ബോളിന്റെ അനശ്വരതയും.


Latest News

പാര്‍ശ്വവല്‍ക്കരണങ്ങളെ വിവേകത്തോടെ നേരിടണം: അബ്ദുന്നാസ്വിര്‍ മൗലവി പാറത്തോട്
പാര്‍ശ്വവല്‍ക്കരണങ്ങളെ വിവേകത്തോടെ നേരിടണം: അബ്ദുന്നാസ്വിര്‍ മൗലവി പാറത്തോട്
November 21, 2026
ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം; ഖത്തര്‍ പ്രതിനിധി സംഘം ടെഹ്റാനില്‍
ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം; ഖത്തര്‍ പ്രതിനിധി സംഘം ടെഹ്റാനില്‍
November 21, 2026
ഐ.ഐ.എസ്.ജെ ഓപ്പണ്‍ സ്‌കൂള്‍ മുന്‍പ്രിന്‍സിപ്പല്‍ ജോയ് പോള്‍ നിര്യാതനായി
ഐ.ഐ.എസ്.ജെ ഓപ്പണ്‍ സ്‌കൂള്‍ മുന്‍പ്രിന്‍സിപ്പല്‍ ജോയ് പോള്‍ നിര്യാതനായി
November 21, 2026
സൗദിയില്‍ ഒരാഴ്ചക്കിടെ 10,800 നിയമലംഘകര്‍ പിടിയില്‍; 12,000 പേരെ നാടുകടത്തി
സൗദിയില്‍ ഒരാഴ്ചക്കിടെ 10,800 നിയമലംഘകര്‍ പിടിയില്‍; 12,000 പേരെ നാടുകടത്തി
November 21, 2026
റിയാദിന് നേരെ ഹൂതി ആക്രമണ ശ്രമം വീണ്ടും, സഖ്യസേന തകര്‍ത്തു
റിയാദിന് നേരെ ഹൂതി ആക്രമണ ശ്രമം വീണ്ടും, സഖ്യസേന തകര്‍ത്തു
November 21, 2026
2026 ഫുട്ബോളിൽ ഒരു യുഗത്തിന്റെ അവസാനം.
2026 ഫുട്ബോളിൽ ഒരു യുഗത്തിന്റെ അവസാനം.
November 21, 2026
യു.പി: കോണ്‍ഗ്രസ്-എസ്.പി സീറ്റ് ചര്‍ച്ചക്ക് പുതിയ സമിതി, കണക്കുകള്‍ വെച്ച് തീരുമാനം
യു.പി: കോണ്‍ഗ്രസ്-എസ്.പി സീറ്റ് ചര്‍ച്ചക്ക് പുതിയ സമിതി, കണക്കുകള്‍ വെച്ച് തീരുമാനം
November 21, 2026
ഇന്ത്യ ലീഡിന്റെ പടിക്കല്‍, ചരിത്ര നേട്ടവുമായി രാഹുല്‍
ഇന്ത്യ ലീഡിന്റെ പടിക്കല്‍, ചരിത്ര നേട്ടവുമായി രാഹുല്‍
November 21, 2026
സ്‌പെയിന്‍-ഫ്രാന്‍സ്, ഇംഗ്ലണ്ട്-നോര്‍വേ, നാഷന്‍സ് കപ്പില്‍ തീപ്പാറും ക്വാര്‍ട്ടര്‍
സ്‌പെയിന്‍-ഫ്രാന്‍സ്, ഇംഗ്ലണ്ട്-നോര്‍വേ, നാഷന്‍സ് കപ്പില്‍ തീപ്പാറും ക്വാര്‍ട്ടര്‍
November 21, 2026
ടയ്‌ലര്‍ സ്വിഫ്റ്റിനും കമലിനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
ടയ്‌ലര്‍ സ്വിഫ്റ്റിനും കമലിനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
November 21, 2026