റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തിയ സംയുക്ത പരിശോധനയില്‍ ഒരാഴ്ചക്കിടെ 10,800 പേര്‍ പിടിയിലായി. നവംബര്‍ 12 മുതല്‍ 18 വരെയുള്ള കാലയളവിലാണ് രാജ്യവ്യാപകമായി സുരക്ഷാ വിഭാഗങ്ങള്‍ പരിശോധന നടത്തിയത്. പിടിയിലായവരില്‍ 5,718 പേര്‍ താമസ നിയമലംഘകരും, 2,797 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമലംഘകരും, 2,268 പേര്‍ തൊഴില്‍ നിയമലംഘകരുമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അനധികൃതമായി രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,373 പേരെ സുരക്ഷാ സേന പിടികൂടി. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 28 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘകര്‍ക്ക് യാത്രാ സൗകര്യവും താമസവും തൊഴിലും നല്‍കുകയും അവരെ ഒളിപ്പിക്കുകയും ചെയ്ത 14 പേരെയും സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. നിലവില്‍ 2,211 സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം 41,000 നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 23,200-ലധികം നിയമലംഘകരെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയച്ചു. ഏകദേശം 10,800 പേരെ യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാനായി കൈമാറുകയും 12,000 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്ക് രാജ്യത്തേക്ക് കടക്കാന്‍ സൗകര്യമൊരുക്കുകയോ, യാത്രാ സൗകര്യവും അഭയവും നല്‍കുകയോ, ഏതെങ്കിലും തരത്തില്‍ സഹായം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. കൂടാതെ, ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും.
അറസ്റ്റ് വാറണ്ടുള്ളതും മാന്യതയ്ക്കും വിശ്വാസ്യതയ്ക്കും എതിരുമായ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിലുള്ളവര്‍ 999, 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Related News