ജിദ്ദ: പൊതുസമൂഹത്തില്‍ മുസ്ലിം സമുദായം അകാരണമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോള്‍ വൈകാരിക പ്രതികരണങ്ങള്‍ക്കപ്പുറം വിവേകവും ആത്മീയ കരുത്തും സാമൂഹിക ഇടപെടലുകളും മുന്‍നിര്‍ത്തിയുള്ള സമീപനമാണ് അനിവാര്യമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി പാറത്തോട് അബ്ദുന്നാസ്വിര്‍ മൗലവി പറഞ്ഞു. ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഡികെഐസിസി) ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിന് നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സമുദായത്തിന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നീതിയുടെയും സമാധാനത്തിന്റെയും മാത്രം പക്ഷം ചേര്‍ന്ന് പൊതുസമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുന്ന സമീപനമായിരിക്കണം നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ സ്വീകരിക്കേണ്ടത്. പ്രകോപനങ്ങളില്‍ വീഴാതെ നിയമപരവും ധാര്‍മ്മികവുമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതികരിക്കുക വഴി വൈകാരികതയ്ക്കപ്പുറമുള്ള വിവേകം കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
സാമൂഹിക വേദികളിലും പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കാളികളാകുന്നതിലൂടെ സാമൂഹിക ഐക്യവും പങ്കാളിത്തവും ഉറപ്പാക്കണം. സമുദായ ശാക്തീകരണത്തിനായി വിദ്യാഭ്യാസത്തിനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും സംഘടനാ സംവിധാനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. പ്രവാചക മാതൃകയും ഇസ്ലാമിക മൂല്യങ്ങളും ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തിന് വിശ്വാസ്യത നല്‍കുന്ന ധാര്‍മ്മിക മാതൃകകളായി വിശ്വാസികള്‍ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിദ്ദ അല്‍ റബ്വ അല്‍ സലാമ ഹാളില്‍ പ്രസിഡന്റ് സൈദു മുഹമ്മദ് കാശിഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗ്ലോബല്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസ്വിര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അലി തേക്കുതോട്, ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുട്ടി ഹാജി ശാസ്താംകോട്ട, ജിദ്ദ കമ്മിറ്റി ചെയര്‍മാന്‍ അയ്യൂബ് ഖാന്‍ പന്തളം എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അലി തേക്കുതോട് അബ്ദുന്നാസ്വിര്‍ മൗലവിക്ക് മെമന്റോ നല്‍കി ആദരിച്ചു. ജനറല്‍ സെക്രട്ടറി ദിലീപ് ഉസ്മാന്‍ താമരക്കുളം സ്വാഗതവും ട്രഷറര്‍ റാഷിദ് വര്‍ക്കല നന്ദിയും പറഞ്ഞു.
Related News