ന്യൂദല്‍ഹി; എട്ടുവര്‍ഷം പഴക്കമുള്ള ക്രിമിനല്‍ മാനനഷ്ടക്കേസില്‍ യൂട്യൂബര്‍ ധ്രുവ് റാത്തിക്കെതിരെ ഡല്‍ഹി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കോടതിയില്‍ ഹാജരാകാത്തതും നേരത്തേ പുറപ്പെടുവിച്ച ജാമ്യമുള്ള വാറന്റ് നടപ്പാക്കാന്‍ കഴിയാത്തതുമാണ് നടപടിക്ക് കാരണം. സാകേത് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഡിസംബര്‍ 3ന് വീണ്ടും പരിഗണിക്കും.
2018 മേയില്‍ ധ്രുവ് റാത്തി പ്രസിദ്ധീകരിച്ച ബി.ജെ.പി ഐ.ടി സെല്ലുമായി ബന്ധപ്പെട്ട വീഡിയോക്കെതിരെയാണ് കേസ്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പരാതിക്കാരനായ വികാസ് സംകൃത്യായന്‍ എന്ന വികാസ് പാണ്ഡെയെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ബി.ജെ.പിയുടെ ഐ.ടി സെല്ലിനെതിരെ വീഡിയോയിലെ ആരോപണം. ഈ ആരോപണങ്ങള്‍ തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി വികാസ് പാണ്ഡെ റാത്തിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇത് റീട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കെജ്രിവാളിനെതിരെയും പരാതിക്കാരന്‍ മാനനഷ്ടനടപടി സ്വീകരിച്ചു.
2019 ജൂലൈയില്‍ കോടതി റാത്തിക്ക് സമന്‍സ് അയച്ചിരുന്നെങ്കിലും വര്‍ഷങ്ങളായി അത് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. റാത്തി വിദേശത്താണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഗുരുഗ്രാമിലെ റാത്തിയുടെ താമസസ്ഥലത്ത് സമന്‍സ് കൈമാറാന്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഒക്ടോബര്‍ 17ന് കോടതി ജാമ്യമുള്ള വാറന്റ് പുറപ്പെടുവിച്ചെങ്കിലും അതും നടപ്പാക്കാനായില്ല. തുടര്‍ന്നാണ് ജാമ്യമില്ലാ വാറന്റിലേക്ക് കടന്നത്.
Related News