റിയാദ്: സൗദി അറേബ്യയിലുള്ള മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ നിയമപരമായ പദവി ശരിയാക്കുന്നതിനായി അനുവദിച്ച സാവകാശം തിങ്കളാഴ്ച അവസാനിക്കും. പിഴകളും മറ്റ് നിയമനടപടികളും ഒഴിവാക്കുന്നതിനായി വാഹനങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുകയോ, അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദി നമ്പര്‍ പ്ലേറ്റുകള്‍ നേടുകയോ ചെയ്യേണ്ട അവസാന ദിവസമാണിന്ന്. സൗദി പൗരന്മാര്‍, പ്രവാസികള്‍, പ്രീമിയം റെസിഡന്‍സി ഉടമകള്‍ എന്നിവര്‍ക്കെല്ലാം ഈ നിയമം ബാധകമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സ്വന്തമായുള്ളവരും കസ്റ്റംസ് പോര്‍ട്ടുകള്‍ വഴി അവ ഓടിക്കാന്‍ അനുമതിയുള്ളവരും സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഈ രണ്ട് നടപടികളിലൊന്ന് സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്ത് തുടരുന്നതിനുള്ള പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി, 2026 ഓഗസ്റ്റ് 26 മുതല്‍ 90 ദിവസത്തെ സാവകാശമായിരുന്നു സക്കാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വാഹന ഉടമകള്‍ക്ക് നല്‍കിയിരുന്നത്.
പുതിയ ചട്ടങ്ങള്‍ പ്രകാരം, കസ്റ്റംസ് പോര്‍ട്ടുകള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന തീയതി മുതല്‍ 365 ദിവസത്തിനുള്ളില്‍ തുടര്‍ച്ചയായോ പല തവണകളായോ പരമാവധി 90 ദിവസം മാത്രമേ ഗള്‍ഫ് വാഹനങ്ങള്‍ക്ക് സൗദിയില്‍ തുടരാന്‍ അനുമതിയുള്ളൂ. വാഹന രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സും സാധുവാണെങ്കില്‍, ഈ നിശ്ചിത കാലാവധി അവസാനിക്കുന്നതിന് മുമ്പ് 30 ദിവസം വരെ കാലാവധി നീട്ടി നല്‍കാന്‍ അപേക്ഷിക്കാവുന്നതാണ്.
നിയമപരമായി അനുവദിച്ച സമയപരിധിയില്‍ കൂടുതല്‍ രാജ്യത്ത് തുടരുന്ന വാഹനങ്ങള്‍ക്ക് 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ, നിയമലംഘനം പരിഹരിക്കുന്നത് വരെ വാഹനം കണ്ടുകെട്ടുകയും, വാഹനം കെട്ടിവലിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ചെലവുകളും മറ്റ് പിഴത്തുകകളും ഉടമയില്‍ നിന്നോ ഡ്രൈവറില്‍ നിന്നോ ഈടാക്കുകയും ചെയ്യും. കുടിശ്ശികയുള്ള പിഴകള്‍ അടച്ച ശേഷം, നടപടിക്രമങ്ങള്‍ പാലിച്ച് വാഹനം സൗദിയില്‍ രജിസ്റ്റര്‍ ചെയ്യുകയോ, അല്ലെങ്കില്‍ പ്രവേശിച്ച കസ്റ്റംസ് പോര്‍ട്ട് വഴി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്താല്‍ മാത്രമേ നിയമലംഘനം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
Related News