റിയാദ്: തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ടി.എം.ഡബ്ല്യു.എ - റിയാദ് സംഘടിപ്പിച്ച ഒന്‍പതാമത് ഫുട്ബോള്‍ ഫിയസ്റ്റയില്‍ ഗോളുകളും ആവേശവും നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ സീനിയര്‍ വിഭാഗം ഫൈനലില്‍ സൈദാര്‍ പള്ളി യുണൈറ്റഡിനെ കീഴടക്കി മാഹി എഫ്.സി ചാമ്പ്യന്മാരായി. അണ്ടര്‍ 15 വിഭാഗത്തില്‍ മാഡ്രിഡ് റൈസിംഗ് സ്റ്റാര്‍സും അണ്ടര്‍ 10 വിഭാഗത്തില്‍ യുവെ ജൂനിയേഴ്സും കിരീടം ചൂടി. ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഹാട്രിക് ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ ഏഴ് ഗോളുകള്‍ നേടിയ അലി അമീന് സീനിയര്‍ വിഭാഗം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. അണ്ടര്‍ 15 വിഭാഗത്തില്‍ മുഹമ്മദ് സിയാനും അണ്ടര്‍ 10 വിഭാഗത്തില്‍ മുഹമ്മദ് സൈഫുല്‍ അസ്മാനും ഗോള്‍ഡന്‍ ബൂട്ട് നേടി.
മൈതാനത്തെ പോരാട്ടങ്ങള്‍ക്കൊപ്പം ഗാലറിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ടി.എം.ഡബ്ല്യു.എ. റിയാദിലെ അംഗങ്ങള്‍ക്ക് പുറമെ ബാലതാരങ്ങളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് മത്സരങ്ങള്‍ വീക്ഷിക്കാനെത്തിയത്. തലശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും പ്രവാസി കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന ഒരു വലിയ സാമൂഹിക സംഗമമായി ഫിയസ്റ്റ മാറി. ഓരോ ടീമിനെയും കളിക്കാരെയും പ്രോത്സാഹിപ്പിച്ചുള്ള ആര്‍പ്പുവിളികളും കൈയടികളും കുടുംബങ്ങളുടെ സജീവ സാന്നിധ്യവും ടൂര്‍ണമെന്റിന് യഥാര്‍ത്ഥ ഉത്സവാന്തരീക്ഷം നല്കി.
കളിയാവേശത്തിന് രുചിയുടെ അകമ്പടിയും ഒരുക്കിയിരുന്നു. തലശ്ശേരിയുടെ തനത് വിഭവങ്ങളുമായി പ്രവര്‍ത്തിച്ച ഭക്ഷണസ്റ്റാള്‍ നാടിന്റെ ഓര്‍മകളും രുചികളും പകര്‍ന്നപ്പോള്‍, ബ്രൗണികളും കുക്കികളും ഒരുക്കിയ പ്രത്യേക കൗണ്ടര്‍ മധുരപ്രിയരെയും ആകര്‍ഷിച്ചു. മികച്ച ഫുട്ബോളില്‍ മനസ്സുനിറഞ്ഞ കാണികള്‍ക്ക് രുചിവൈവിധ്യത്തിലൂടെ വയറും മനസ്സും നിറയ്ക്കാനുള്ള അവസരമായിരുന്നു ഒരുക്കിയത്.
ടി.എം.ഡബ്ല്യു.എ. റിയാദ് സ്പോര്‍ട്സ് കണ്‍വീനര്‍ എസ്സാര്‍ കാത്താണ്ടിയുടെ നേതൃത്വത്തില്‍ സ്പോണ്‍സര്‍മാരായ അലാംകോ സി.ഇ.ഒ ഷാനവാസ്, ബോളിവുഡ് ലോഞ്ച് മാനേജര്‍ അബ്ദുല്‍ റസാക്ക്, ടി.എം.ഡബ്ല്യു.എ. റിയാദ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് കാത്താണ്ടി, ജനറല്‍ സെക്രട്ടറി ഷമീര്‍ ടി.ടി, ട്രഷറര്‍ മുഹമ്മദ് നജാഫ്, വൈസ് പ്രസിഡന്റുമാരായ അഫ്താബ് അമ്പിലയില്, അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി, സ്പോണ്‍സര്‍ഷിപ്പ് ചുമതലയുള്ള തന്‍വീര്‍ ഹാഷിം എന്നിവരടക്കമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. -അബ്ദുല്‍ഖാദര്‍ മോച്ചേരി