ജിദ്ദ: മക്കയിലെ മൂന്നാം റിങ് റോഡിന്റെ (Third Ring Road) പുതുതായി നിര്‍മ്മിച്ച ഭാഗം തുറന്നതോടെ വിശുദ്ധ നഗരത്തിലെ ഗതാഗത സൗകര്യങ്ങളില്‍ വന്‍ കുതിച്ചുചാട്ടം. ജിദ്ദ, വിവിധ ഹോട്ടലുകള്‍, മസ്ജിദുല്‍ ഹറാം എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടകരെ കൂടുതല്‍ വേഗത്തിലും സുഗമമായും എത്തിക്കാന്‍ ഇത് ഗതാഗത ഓപ്പറേറ്റര്‍മാരെ സഹായിക്കും.
മക്കയെ ചുറ്റിയുള്ള നാല് പ്രധാന റിങ് റോഡുകളിലൊന്നിന്റെ ഭാഗമായ ഈ പുതിയ പാത തുറന്നതോടെ മസ്ജിദുല്‍ ഹറാമിലേക്കും മിനായിലെ ജംറാത്തുകളിലേക്കുമുള്ള യാത്രാസമയം 90 ശതമാനം വരെ കുറയുമെന്ന് 'റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റ്‌സ്' അറിയിച്ചു.
പുതിയ പാത നിലവില്‍ വന്നതോടെ യാത്രാദൂരത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്: പ്രിന്‍സ് മുത്തിബ് ജംഗ്ഷന്‍ - മസ്ജിദുല്‍ ഹറാം: 16.5 കിലോമീറ്ററില്‍ നിന്ന് 6.5 കിലോമീറ്ററായി കുറഞ്ഞു. ജംറാത്ത്: 12 കിലോമീറ്ററില്‍ നിന്ന് 4 കിലോമീറ്ററായി ചുരുങ്ങി.
തിരക്കേറിയ സമയങ്ങളിലും തീര്‍ത്ഥാടന സീസണുകളിലും ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചുരുങ്ങിയ യാത്രാദൂരം തീര്‍ത്ഥാടകര്‍ക്കും ഗതാഗത കമ്പനികള്‍ക്കും ഒരുപോലെ സമയലാഭമുണ്ടാക്കുമെന്നും ബിസിനസ് വിപുലീകരിക്കാന്‍ പുതിയ അവസരങ്ങള്‍ നല്‍കുമെന്നും 'മവാകിബ് അല്‍-ഖൈര്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍' മാനേജര്‍ അലി അബ്ദുള്‍ ലത്തീഫ് പറഞ്ഞു. നഗരത്തിനുള്ളില്‍ ബസുകളില്‍ മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുന്ന തീര്‍ത്ഥാടകര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ വേഗത്തില്‍ എത്താന്‍ പുതിയ പാത സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിദ്ദ വിമാനത്താവളം, മക്കയിലെ ഹോട്ടലുകള്‍, മസ്ജിദുല്‍ ഹറാം എന്നിവിടങ്ങളിലേക്കുള്ള യാത്രകളില്‍ ഗതാഗതക്കുരുക്ക് തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നതായി അല്‍-ഫത്തേഹ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ സയ്യിദ് അല്‍-മുഹമ്മദ് പറഞ്ഞു. 'ജിദ്ദയ്ക്കും മക്കയ്ക്കും ഇടയില്‍ ഞങ്ങള്‍ ദിവസവും 235 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. നമസ്‌കാര സമയങ്ങളിലെ റോഡ് നിയന്ത്രണങ്ങളും തിരക്കും കാരണം തീര്‍ത്ഥാടകരെ ഹറമിന് സമീപം ഇറക്കാന്‍ പ്രയാസമായിരുന്നു. പുതിയ റിങ് റോഡ് കാത്തിരിപ്പ് സമയം കുറയ്ക്കുകയും കൂടുതല്‍ ട്രിപ്പുകള്‍ നടത്താന്‍ സഹായിക്കുകയും ചെയ്യും,' അദ്ദേഹം വ്യക്തമാക്കി.
ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പുതിയ റോഡ് വലിയ ആശ്വാസമാണ് നല്‍കുന്നത്. കൂടുതല്‍ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് മക്കയിലെ ടാക്‌സി ഡ്രൈവറായ ജുനൈദ് താരിഖ് പറഞ്ഞു. സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചതും നമസ്‌കാരത്തിന് മുമ്പുള്ള റോഡ് അടയ്ക്കലും കാരണം നേരത്തെ ദിവസവും 30 മുതല്‍ 40 യാത്രക്കാര്‍ക്ക് മാത്രമാണ് സേവനം നല്‍കാന്‍ കഴിഞ്ഞിരുന്നതെന്നും, പുതിയ റോഡ് തുറന്നതോടെ ഈ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇരുവശങ്ങളിലുമായി പ്രതിദിനം 1,70,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ പാത, ഹജ്ജ്-ഉംറ സീസണുകളില്‍ വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി മക്കയിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Related News