കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന എട്ടാമത് മെഷിനറി എക്‌സ്‌പോ 2027-ന്റെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റ് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എക്‌സ്‌പോ ഏറെ പ്രയോജനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
'ഇന്‍വെസ്റ്റ് ഇന്‍ ഇന്നൊവേഷന്‍സ്' എന്ന പ്രമേയത്തില്‍ ജനുവരി നാല് മുതല്‍ ഏഴ് വരെ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം നടക്കുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ.) പ്രോത്സാഹിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന പുത്തന്‍ മെഷീനറികളുടെ സമഗ്രമായ പ്രദര്‍ശനമാണ് എക്‌സ്‌പോയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറും എക്‌സ്‌പോ ജനറല്‍ കണ്‍വീനറുമായ വി.ആര്‍. രാകേഷ് പറഞ്ഞു.
നിലവിലുള്ളതും ഭാവിയില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നതുമായ സംരംഭകര്‍, അംഗീകൃത മെഷിനറി വിതരണക്കാര്‍, നിര്‍മാതാക്കള്‍, വ്യാപാര പ്രമോഷന്‍ സംഘടനകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണല്‍ അസോസിയേഷനുകള്‍, ഗവേഷണ-സാങ്കേതിക പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് എക്‌സ്‌പോയില്‍ പങ്കെടുക്കാം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി മെഷിനറി നിര്‍മാതാക്കളും ഇത്തവണ പ്രദര്‍ശനത്തിന്റെ ഭാഗമാകും.
കാര്‍ഷിക അധിഷ്ഠിത ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ജനറല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ്, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇ-മൊബിലിറ്റി, പുനരുപയോഗ ഊര്‍ജം, തടി അധിഷ്ഠിത വ്യവസായം, അപ്പാരല്‍, റബ്ബര്‍-പ്ലാസ്റ്റിക് ഫുട്വെയര്‍, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് റീസൈക്ലിംഗ് എന്നീ മേഖലകളിലാണ് ഇത്തവണത്തെ മെഷിനറി എക്‌സ്‌പോ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഷീന്‍ ടൂളുകള്‍, ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍, സി.എന്‍.സി. മെഷീനുകള്‍, എസ്.പി.എമ്മുകള്‍, നൂതന പ്രോസസ്സിംഗ്-പാക്കേജിംഗ് മെഷീനുകള്‍ എന്നിവയുടെ പ്രദര്‍ശനത്തിനൊപ്പം തത്സമയ യന്ത്ര ഡെമോകളും എക്‌സ്‌പോയില്‍ ഉണ്ടാകും. പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ക്ക് സൗജന്യ സാങ്കേതിക സഹായം നല്‍കുന്നതിനായി സാങ്കേതിക സ്ഥാപനങ്ങളുടെ സ്റ്റാളുകളും, വായ്പ ലഭ്യത പോലുള്ള കാര്യങ്ങളെക്കുറിച്ച് അറിയാനായി ധനകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വേദിയില്‍ സജ്ജീകരിക്കും.
ഇന്ത്യാ ഗവണ്‍മെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ 'സംഭരണ, വിപണന പിന്തുണ' (പി.എം.എസ്.) പദ്ധതിയുടെ പിന്തുണയോടെ നടത്തുന്ന എക്‌സ്‌പോയില്‍, യോഗ്യതാ വ്യവസ്ഥകള്‍ക്ക് വിധേയമായി എം.എസ്.എം.ഇ.കള്‍ക്ക് സ്റ്റാള്‍ വാടകയുടെ 80 ശതമാനം വരെ റീഇംബേഴ്സ്മെന്റ് ലഭിക്കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെഷിനറി എക്‌സ്‌പോ കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.machineryexpokerala.in വഴി സ്റ്റാളുകള്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188401707 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Related News