റിയാദ്: സൗദി അറേബ്യയില്‍ വാണിജ്യ രജിസ്‌ട്രേഷനും (സി.ആര്‍) തൊഴിലാളികളും ഉണ്ടായിട്ടും മുനിസിപ്പല്‍ ലൈസന്‍സ് (ബലദിയ ലൈസന്‍സ്) എടുക്കാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി ആരംഭിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകള്‍ക്ക് മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം (Ministry of Municipalities and Housing) എസ്.എം.എസ്. വഴി ഔദ്യോഗിക മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി.
വാണിജ്യ മന്ത്രാലയത്തിന്റെ ഡാറ്റാബേസ് പരിശോധിച്ചതില്‍ സി.ആര്‍. എടുക്കുകയും കീഴില്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത പല സ്ഥാപനങ്ങള്‍ക്കും ബലദിയ ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. മുന്നറിയിപ്പ് സന്ദേശം ലഭിച്ച് 30 ദിവസത്തിനകം 'ബലദി' (Balady) പോര്‍ട്ടല്‍ വഴി ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് മുനിസിപ്പല്‍ ലൈസന്‍സ് നേടിയിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
നിശ്ചിത സമയപരിധിക്കുള്ളില്‍ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിയമാനുസൃതമാക്കിയില്ലെങ്കില്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും. നിയമലംഘകര്‍ക്ക് 50,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
സൗദിയില്‍ ബിസിനസ് നടത്തുന്ന പ്രവാസി സംരംഭകരും സ്ഥാപന ഉടമകളും തങ്ങളുടെ സി.ആറുമായി ബന്ധപ്പെട്ട ബലദിയ ലൈസന്‍സുകളുടെ നിലവിലെ അവസ്ഥ 'ബലദി' പ്ലാറ്റ്ഫോം വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും, ലൈസന്‍സ് ഇല്ലാത്തവരോ പുതുക്കാനുള്ളവരോ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
Related News