കൊല്ലം: പാര്‍ട്ടി നേതൃത്വവുമായി പിണങ്ങിനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും എം.എല്‍.എയുമായ തോമസ് ഉണ്ണിയാടന്‍ യു.ഡി.എഫിന് പുതിയ തലവേദനയായവുന്നു. ഉണ്ണിയാടനെ പിന്തുണയ്ക്കുന്നവര്‍ സമാന്തര നീക്കവുമായി രംഗത്തെത്തുന്നു. പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തി ശക്തമായതോടെ ഉണ്ണിയാടനെ അനുകൂലിക്കുന്ന സൗഹൃദ കൂട്ടായ്മകള്‍ സംഘടനാരൂപത്തിലേക്ക് മാറാനുള്ള നീക്കത്തിലാണ്.
മന്ത്രിസ്ഥാനമോ ചീഫ് വിപ്പ് പദവിയോ ലഭിക്കാത്തതിലുള്ള അസംതൃപ്തി തോമസ് ഉണ്ണിയാടനില്‍ നിലനില്‍ക്കുന്നതായാണ് സൂചന. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും നിയമസഭാംഗവുമായിട്ടും അര്‍ഹമായ രാഷ്ട്രീയ പരിഗണന ലഭിച്ചില്ലെന്ന വികാരം അദ്ദേഹത്തിന്റെ അനുയായികളിലും ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉണ്ണിയാടനെ പിന്തുണയ്ക്കുന്നവര്‍ ഒത്തുചേര്‍ന്ന് പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ ഉണ്ണിയാടനോടുള്ള അവഗണന തുടരുന്ന സാഹചര്യത്തില്‍ അനുയായികളുടെ സംഘടിത നീക്കം നേതൃത്വത്തിന് പുതിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. നിലവില്‍ സൗഹൃദ കൂട്ടായ്മകളായി പ്രവര്‍ത്തിക്കുന്ന ഈ വിഭാഗം കൂടുതല്‍ സജീവമായ സംഘടനാ സംവിധാനത്തിലേക്ക് മാറുകയാണെങ്കില്‍ പാര്‍ട്ടിയിലെ ആഭ്യന്തര സമവാക്യങ്ങളില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.
തോമസ് ഉണ്ണിയാടന്റെ രാഷ്ട്രീയ നിലപാടും തുടര്‍നീക്കങ്ങളും ഈ കൂട്ടായ്മയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. നേതൃത്വവുമായുള്ള അസ്വാരസ്യം പരിഹരിക്കപ്പെടുമോ, അതോ അനുയായികളുടെ സമാന്തര സംഘടനാ നീക്കം കൂടുതല്‍ ശക്തിപ്പെടുമോ എന്നതാണ് കേരള കോണ്‍ഗ്രസിലെ പുതിയ രാഷ്ട്രീയ ചര്‍ച്ച.
Related News