കൊച്ചി: സപ്ലൈകോയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ പ്രവര്‍ത്തന മികവിന് അംഗീകാരം. ഐലൂജ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026-ല്‍ നൂതന സാങ്കേതികവിദ്യാധിഷ്ഠിത പരിവര്‍ത്തനം എന്ന വിഭാഗത്തിലെ പുരസ്‌കാരമാണ് സപ്ലൈകോയ്ക്ക് ലഭിച്ചത്.
നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സംഭരണവും വില്‍പ്പനയും കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോ നടപ്പിലാക്കിവരുന്ന പദ്ധതിക്കാണ് ('AI-Driven Data Governance for Supplyco: Smarter Procurement, Indenting and Sales Intelligence') അവാര്‍ഡ്.
നവംബര്‍ 27-ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈയില്‍ സംഘടിപ്പിച്ച എ.ഐ. ട്രാന്‍സ്ഫര്‍മേഷന്‍ കോണ്‍ക്ലേവില്‍ സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി. എം. ജയകൃഷ്ണനും മാര്‍ക്കറ്റിംഗ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ എം. ആര്‍. ദീപുവും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിജേഷ് സിംഗില്‍ നിന്നാണ് പുരസ്‌കാരം സ്വീകരിച്ചത്.
കോര്‍പ്പറേഷന്റെ സംഭരണം, ഇന്‍ഡന്റിംഗ്, സ്റ്റോക്ക് ലഭ്യത, വില്‍പ്പന എന്നീ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡാറ്റാ അനലിറ്റിക്‌സിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായ സംവിധാനം ഒരുക്കിയതിനാണ് ഈ അംഗീകാരം. ഡാറ്റാധിഷ്ഠിത തീരുമാനങ്ങള്‍, കൃത്യമായ ആവശ്യകതാ നിര്‍ണ്ണയം, മെച്ചപ്പെട്ട സംഭരണ ആസൂത്രണം, വില്‍പ്പന പ്രവണതകളുടെ വിശകലനം എന്നിവയിലൂടെ പ്രവര്‍ത്തനക്ഷമതയും സേവന നിലവാരവും ഉയര്‍ത്താന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു. ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭരണനിര്‍വ്വഹണത്തിലും പ്രവര്‍ത്തനങ്ങളിലും സാങ്കേതികവിദ്യയിലൂടെ കൈവരിക്കുന്ന നൂതന മാറ്റങ്ങളെ അംഗീകരിക്കുന്ന പുരസ്‌കാരമാണിത്.
സപ്ലൈകോയുടെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ പ്രചോദനമാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വി. എം. ജയകൃഷ്ണന്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കിയതോടെ സപ്ലൈകോയില്‍ സ്റ്റോക്ക് ലഭ്യത ഉറപ്പാക്കാനും പ്രതിമാസ വിറ്റുവരവില്‍ 50 കോടി രൂപയുടെ വര്‍ദ്ധനവ് കൈവരിക്കാനും സാധിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംഭരണ-വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമുള്ള കോര്‍പ്പറേഷന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവ്കണക്ട്, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് എ.ഐ. ട്രാന്‍സ്ഫര്‍മേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
Related News