ന്യൂഡല്‍ഹി: പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റും സുപ്രീം കോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡുമായ ഡോ. ജോസ് എബ്രഹാമിന് സുപ്രീം കോടതിയുടെ ആദരവ്. ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് (കോണ്‍സ്റ്റിറ്റിയൂഷന്‍ ഡേ) സുപ്രീം കോടതി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് ആണ് ആദരവ് സമ്മാനിച്ചത്. 'ലീഗല്‍ ലാന്‍ഡ്സ്‌കേപ്പ് ഓഫ് ഗ്ലോബല്‍ ഇന്ത്യന്‍സ്' എന്ന പുസ്തകം രചിച്ചതിനാണ് ഈ അംഗീകാരം. അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് റായ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ചാണ് ഈ പുസ്തകത്തിന്റെ പ്രകാശനം നടന്നത്. പ്രവാസ മേഖലയില്‍ ഇരുപത് വര്‍ഷത്തോളമുള്ള നിയമപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയതെന്ന് അഡ്വ. ഡോ. ജോസ് എബ്രഹാം പറഞ്ഞു. ഒ.സി.ഐ കാര്‍ഡ്, എന്‍.ആര്‍.ഐ, വിവാഹ രജിസ്ട്രേഷന്‍, ഡിവോഴ്സ് പ്രൊസീഡിങ്‌സ്, വില്‍പത്രം തയ്യാറാക്കല്‍, വിവിധ പവര്‍ ഓഫ് അറ്റോര്‍ണികള്‍, എക്‌സിക്യൂഷന്‍ ഓഫ് ഫോറിന്‍ ജഡ്ജ്‌മെന്റ്‌സ് തുടങ്ങിയവയാണ് പുസ്തകത്തിലെ ചില പ്രധാന വിഷയങ്ങള്‍.
മുന്‍ അംബാസഡറായ ടി.പി. ശ്രീനിവാസനാണ് പുസ്തകത്തിന് ആമുഖം എഴുതിയിട്ടുള്ളത്. നാളിതുവരെ പത്തിലധികം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അഡ്വ. ഡോ. ജോസ് എബ്രഹാം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാനായി രണ്ട് പതിറ്റാണ്ടിലേറെയായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് പത്രക്കുറിപ്പില്‍ അറിയിച്ചു.
Related News