റിയാദ്: പ്രവാസികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക കൂട്ടായ്മകളുടെ ഇടപെടലുകളും പത്രത്താളുകളിലൂടെ പൊതുസമൂഹത്തിലെത്തിച്ച കെ. യു. ഇഖ്ബാലിനെ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അനുസ്മരിച്ചു. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിംഫിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഇഖ്ബാലിന്റെ മാധ്യമപ്രവര്‍ത്തനവും റിയാദിലെ പ്രവാസി സമൂഹവുമായുള്ള ബന്ധവും സംസാരിച്ചവര്‍ ഓര്‍ത്തെടുത്തു.
ജീവകാരുണ്യ രംഗത്ത് സജീവമായി ഇടപെട്ട വ്യക്തികളെയും സംഘടനകളെയും കണ്ടെത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇഖ്ബാല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജീവകാരുണ്യ പ്രവര്ത്തകന് തെന്നല മൊയ്തീന്‍കുട്ടി പറഞ്ഞു. പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്കിയ മാധ്യമശ്രദ്ധ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതായും അദ്ദേഹം അനുസ്മരിച്ചു.
എഴുത്തുകാര്‍, കലാകാരന്മാര്, സാമൂഹിക പ്രവര്‍ത്തകര്‍, സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകര്‍ എന്നിവരുടെ സംഭാവനകള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിലും ഇഖ്ബാല്‍ താല്‍പ്പര്യം കാണിച്ചിരുന്നു. നവാഗത പ്രതിഭകള്‍ക്ക് അംഗീകാരവും ആത്മവിശ്വാസവും നേടിക്കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ പങ്കുവഹിച്ചതായി ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.
റിംഫ് ട്രഷറര്‍ സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ സ്വാഗതം പറഞ്ഞു. കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി. മുസ്തഫ, ഒ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, കേളി മീഡിയ കണ്‍വീനര്‍ പ്രദീപ് ആറ്റിങ്ങല്‍, അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ. ജലീല്‍, സുധീര്‍ കുമ്മിള്‍, സിദ്ദീഖ് കല്ലുപറമ്പന്, ഷംനാദ് കരുനാഗപ്പള്ളി, വി. ജെ. നസറുദ്ദീന്‍, ജയന് കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്മാന്, ഷിബു ഉസ്മാന് എന്നിവര്‍ സംസാരിച്ചു.
Related News