ജുബൈല്‍: ജുബൈലിലെ പൂളി റെസ്റ്റോറന്റില്‍ നടന്ന സൗജന്യ വിദ്യാഭ്യാസ സെമിനാറില്‍ 150-ലധികം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രമുഖ എഡ്-ടെക് സ്ഥാപനമായ ഫിസിക്സ് വാല (Physics Wallah) സംഘടിപ്പിച്ച പരിപാടിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് (WMF) ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സിലും പങ്കാളികളായി.
ഈ സഹകരണത്തിലൂടെ, ജുബൈലിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഫിസിക്സ് വാലയില്‍ നിന്ന് നേരിട്ടുള്ള അക്കാദമിക് മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രായോഗിക ഉപദേശങ്ങളും ലഭ്യമാക്കാന്‍ ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സിലിന് സാധിച്ചു. ഫിസിക്സ് വാല സീനിയര്‍ ഡയറക്ടര്‍ അതിര് ഹുസൈന്, അക്കാദമിക് ഹെഡ് അബ്ദുള്‍ അഹദ്, ശുഭം പാല് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് സെഷന് നയിച്ചത്.
JEE പരീക്ഷാ തയ്യാറെടുപ്പ്, ഫലപ്രദമായ പഠന തന്ത്രങ്ങള്‍, പരീക്ഷാ സമ്മര്‍ദ്ദവും മാനസികാവസ്ഥയും നിയന്ത്രിക്കല്‍, ഇന്റര്‍നെറ്റ് - ഗാഡ്ജെറ്റ് അഡിക്ഷനുകളില്‍ നിന്നുള്ള മോചനം എന്നിവയായിരുന്നു സെമിനാറിലെ പ്രധാന വിഷയങ്ങള്‍. സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്സ് വാല സൗജന്യ എജ്യുക്കേഷണല്‍ കിറ്റുകള്‍ വിതരണം ചെയ്തു.
ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സോണിയ ഹാരിസണ്‍, സെക്രട്ടറി സിന്റോ ജേക്കബ്, ട്രഷറര്‍ ഹാഷിര്‍ അലി, ചാരിറ്റി ഫോറം കോര്‍ഡിനേറ്റര്‍ നിസാം അബ്ദുള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍ വെച്ച് ഫിസിക്സ് വാല ടീമംഗങ്ങളായ സാദ് സലാം, അതിര് ഹുസൈന്, ശുഭം പാല്, അബ്ദുള്‍ അഹദ് എന്നിവര്‍ക്ക് ഡബ്ല്യൂഎംഎഫ് ജുബൈല്‍ കൗണ്‍സില്‍ സ്നേഹോപഹാരങ്ങള്‍ നല്കി.