മൊഗാദിഷു: മത്സ്യത്തൊഴിലാളികളുടെ വേഷത്തിലെത്തിയ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ യെമന്‍ തീരത്ത് വെച്ച് യു.എ.ഇ ആസ്ഥാനമായുള്ള ചരക്കുകപ്പല്‍ റാഞ്ചി. യെമനിലെ ബല്ഹാഫിന് ഏകദേശം 120 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് സംഭവം. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരും നിലവില്‍ കപ്പലിലെ സുരക്ഷിത മുറിയില്‍ (സേഫ് റൂം) അഭയം പ്രാപിച്ചിരിക്കുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
യു.എ.ഇ ആസ്ഥാനമായുള്ള 'മാര്‍സ ഓഷ്യന്‍ ഷിപ്പിംഗ്' കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും പനാമ പതാകയ്ക്ക് കീഴില്‍ സര്‍വീസ് നടത്തുന്നതുമായ 'എം.വി. മാര്‍സ വിര്‍ഗോ' എന്ന കപ്പലാണ് തട്ടിയെടുത്തതെന്ന് സൊമാലിയയിലെ പുണ്ട്ലാന്‍ഡ് പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കപ്പല്‍ ഇപ്പോള്‍ സൊമാലിയന്‍ സമുദ്രാതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുകയാണെന്നും, കപ്പലിന്റെ നിയന്ത്രണം പൂര്‍ണ്ണമായും കൊള്ളക്കാരുടെ കൈകളിലാണെന്നും ബ്രിട്ടീഷ് മാരിടൈം ഏജന്‍സിയായ യു.കെ.എം.ടി.ഒ അറിയിച്ചു.
ആക്രമണം ആസൂത്രണം ചെയ്തത് യെമനില്‍ തമ്പടിച്ച്
സൊമാലിയയിലെ പുണ്ട്ലാന്ഡില് നിന്ന് മത്സ്യബന്ധന ബോട്ടില്‍ ഏദന്‍ ഉള്‍ക്കടല്‍ കടന്ന് യെമനിലെത്തിയ ആറംഗ സായുധ സംഘമാണ് കപ്പല്‍ റാഞ്ചിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കുന്നതിനായി ഇവര്‍ തെക്കന്‍ യെമനിലെ സൊമാലിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. പ്രാദേശികരായ സൊമാലിയന്‍ വംശജരില്‍ നിന്നാണ് ഇവര്‍ക്ക് ആയുധങ്ങള്‍ ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ യെമന്‍ മണ്ണില്‍ നിന്ന് പുറപ്പെട്ട് ഇത്തരമൊരു കപ്പല്‍ റാഞ്ചല്‍ നടത്തുന്നത് ഇതാദ്യമാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
2013-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഹോണ്‍ ഓഫ് ആഫ്രിക്കന്‍ തീരങ്ങളില്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ഏപ്രിലിന് ശേഷം മാത്രം കുറഞ്ഞത് 16 ആക്രമണങ്ങളെങ്കിലും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കയും ഇസ്രായേലും ഒരു വശത്തും ഇറാനും ഇറാന് അനുകൂല സായുധ സംഘങ്ങളും മറുവശത്തുമായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ചരക്കുകപ്പലുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങളാണ് അറേബ്യന്‍ ഉപദ്വീപില്‍ ഉണ്ടാകുന്നത്. യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങള്‍ക്ക് പുറമെ, സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തിരിച്ചുവരവും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Related News