കൊച്ചി: മാസങ്ങളായി ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ (ജി.സി.ഡി.എ) നിലനില്‍ക്കുന്ന അനിശ്ചിതത്വം നീങ്ങുന്നു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ മന്ത്രിയും തൃപ്പൂണിത്തുറയില്‍ നിന്ന് ആറു തവണ എംഎല്‍എയുമായ കെ. ബാബുവിന്റെ പേര് സജീവ പരിഗണനയില്‍. ജി.സി.ഡി.എ പുനഃസംഘടന നീളുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ. ബാബുവിനെ ചെയര്‍മാനായി നിയോഗിച്ചേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
കഴിഞ്ഞ മേയില്‍ സിപിഎം നേതാവ് കെ. ചന്ദ്രന്‍പിള്ള രാജിവച്ചതോടെ ജി.സി.ഡി.എ്ക്ക് പുതിയ നേതൃത്വം വന്നിട്ടില്ല. ചെയര്‍മാന്‍ നിയമനം വൈകുന്നത് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും വിവിധ വികസന പദ്ധതികളെയും ബാധിക്കുന്നുണ്ട്. കലൂര്‍ സ്‌റ്റേഡിയം നവീകരണമടക്കമുള്ള വിഷയങ്ങളില്‍ അനിശ്ചിതത്വം തുടരുകയാണ്.
സ്ഥാനമോ ചുമതലയോ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നേതൃത്വം പരിഗണിച്ചാല്‍ നിരസിക്കില്ലെന്നും കെ. ബാബു വ്യക്തമാക്കി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കുമ്പോള്‍ എറണാകുളത്തിന് പുറത്തുള്ള ചുമതലകള്‍ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്തിനായി നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
ഗോഷ്രീ ഐലന്‍ഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി (ജിഡ) മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചെങ്കിലും ജി.സി.ഡി.എയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. നേരത്തെ ഡൊമിനിക് പ്രസന്റേഷന്‍, എന്‍. വേണുഗോപാല്‍ എന്നിവരുടെ പേരുകളും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. നിയമനം വൈകുന്നതോടെ അതോറിറ്റി ഏറ്റെടുത്ത പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച കെ. ബാബു തൃപ്പൂണിത്തുറയില്‍ ദീപക് ജോയിക്ക് വഴിമാറുകയായിരുന്നു. പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത ബാബുവിന് അനുകൂല ഘടകമായേക്കുമെന്നാണ് വിലയിരുത്തല്‍.
36 വര്‍ഷം ജി.സി.ഡി.എ അംഗമായിരുന്ന ബാബു അതോറിറ്റിയുടെ നിലവിലെ പ്രസക്തിയെക്കുറിച്ചും പുനര്‍വിചിന്തനം വേണമെന്നും അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുമായി ഉണ്ടായിരുന്ന വരുമാന പങ്കിടല്‍ സംവിധാനം അവസാനിച്ചതോടെ ജി.സി.ഡി.എയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്നും കൊച്ചി വികസനത്തില്‍ അതോറിറ്റിയുടെ പങ്ക് പുതുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Related News