വാഷിങ്ടണ്‍: അമേരിക്കയിലെ റൊണാള്‍ഡ് റീഗന് വാഷിങ്ടണ്‍ നാഷണല്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി ടാക്സി ചെയ്യുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളുടെ ചിറകുകള് പരസ്പരം കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അന്വേഷണം ആരംഭിച്ചു.
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം 638, വിമാനം 2152ന്റെ ചിറകില്‍ ഇടിക്കുകയായിരുന്നു. രണ്ടും ബോയിങ് 737-800 വിമാനങ്ങളായിരുന്നു. ടാക്സിങ്ങിനിടെ ഇരുവിമാനങ്ങളുടെയും ചിറകിന്റെ അറ്റങ്ങള്‍ പരസ്പരം തട്ടിയതായി എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു.
സംഭവത്തെ തുടര്‍ന്ന് രണ്ട് വിമാനങ്ങളും ഗേറ്റിലേക്ക് തിരിച്ചെത്തിച്ചു. പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി സര്‍വീസില്‍നിന്ന് മാറ്റിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. വിമാനങ്ങളില്‍നിന്ന് യാത്രക്കാരെ മാറ്റിയശേഷം അവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ കമ്പനി ആരംഭിച്ചു.
കൂട്ടിയിടിക്കുമ്പോള്‍ വിമാനത്തിന്റെ വലതുഭാഗത്ത് വലിയ ആഘാതം അനുഭവപ്പെട്ടതായി ഒരു യാത്രക്കാരന് ബി.ബി.സിയോട് പറഞ്ഞു. വിമാനം ശക്തമായി കുലുങ്ങിയതായും യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടായതായും അദ്ദേഹം വിവരിച്ചു. ജനലിലൂടെ നോക്കിയപ്പോള്‍ മറ്റൊരു വിമാനത്തിന്റെ ചിറക് തങ്ങളുടെ വിമാനത്തിന്റെ ചിറകിന് മുകളിലേക്ക് കയറിയ നിലയിലായിരുന്നു. ചിറകിന്റെ ഒരു ഭാഗം നിലത്ത് വീണതായും പിന്നീട് ഒരു വാഹനമെത്തി അത് നീക്കം ചെയ്തതായും യാത്രക്കാരന് പറഞ്ഞു.
ഡാലസ്ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തിലേക്കായിരുന്നു വിമാനം 638 പുറപ്പെടേണ്ടിയിരുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ആശയവിനിമയത്തിന്റെ ശബ്ദരേഖയിലും കൂട്ടിയിടി സ്ഥിരീകരിക്കുന്ന വിവരങ്ങളുണ്ട്.
കഴിഞ്ഞ വര്‍ഷം 67 പേരുടെ മരണത്തിനിടയാക്കിയ വിമാനവും സൈനിക ഹെലികോപ്റ്ററും തമ്മിലുള്ള കൂട്ടിയിടി നടന്ന അതേ വിമാനത്താവളത്തിലാണ് പുതിയ സംഭവവും ഉണ്ടായത്. ഇതോടെ വിമാനത്താവളത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
Related News