മുംബൈ: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ തിരിച്ചെത്തുന്നു. ഐ.പി.എല്‍ 2027 സീസണില്‍ ടീമിനെ നയിക്കാനുള്ള ചുമതല 39കാരനായ രോഹിത്തിന്. 2023ലാണ് രോഹിത് അവസാനമായി മുംബൈയെ നയിച്ചത്. അന്ന് ഗുജറാത്ത് ടൈറ്റന്‍സിനോട് ക്വാളിഫയര്‍ രണ്ടില്‍ തോറ്റാണ് മുംബൈയുടെ യാത്ര അവസാനിച്ചത്.
രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ചുമതലയേല്‍പ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും നേതൃത്വമാറ്റം. ആ പരീക്ഷണം പരാജയപ്പെട്ടതോടെ ഹാര്‍ദിക്കിനെ പഞ്ചാബ് കിങ്‌സിന് കൈമാറുകയും പകരം അര്‍ഷ്ദീപ് സിങ്ങിനെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുംബൈ നായകസ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തേണ്ടിവന്നത്.
ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ന്യൂസിലന്‍ഡ് ഏകദിനടി20 നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ പരിചയസമ്പത്തും ടീമിനോടുള്ള ബന്ധവും കണക്കിലെടുത്ത് രോഹിത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ നായകനാണ് രോഹിത്. ഐ.പി.എല്ലിലും ചാമ്പ്യന്‍സ് ലീഗ് ടി20യിലുമായി 163 മത്സരങ്ങളില്‍ ടീമിനെ നയിച്ച അദ്ദേഹം 93 വിജയങ്ങളും 70 തോല്‍വികളും നേടി. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈയെ അഞ്ച് ഫൈനലുകളിലേക്ക് നയിക്കുകയും അഞ്ചിലും കിരീടം നേടുകയും ചെയ്തു.
2024ല്‍ ഹാര്‍ദിക് നായകസ്ഥാനമേറ്റതിന് പിന്നാലെ മുംബൈയ്ക്ക് സ്ഥിരത കണ്ടെത്താനായില്ല. 2024ല്‍ അവസാന സ്ഥാനത്തായ ടീം അടുത്ത സീസണില്‍ പ്ലേഓഫിലെത്തിയെങ്കിലും ക്വാളിഫയര്‍ രണ്ടില്‍ പഞ്ചാബിനോട് തോറ്റു. 2026ല്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.
20ാം ഐ.പി.എല്‍ സീസണില്‍ ടീമിനെ നയിക്കാന്‍ തയ്യാറാണെന്നും മുംബൈയുടെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും രോഹിത് പ്രതികരിച്ചു.
Related News