സാന്‍ ഫ്രാന്‍സിസ്കോ: പരമ്പരാഗത മെസേജിംഗ് സേവനങ്ങള്‍ക്കപ്പുറം ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ആപ്പിനുള്ളില്നിന്ന് നേരിട്ട് ഇ-സിം വാങ്ങാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നു. അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്നവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ എളുപ്പത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലായിരിക്കും സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാവുക.
ഫിസിക്കല്‍ സിം കാര്‍ഡുകളുടെ സഹായമില്ലാതെ തന്നെ മൊബൈല്‍ നെറ്റ്വര്‍ക്കുകളുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ ഇ-സിം സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. വിദേശയാത്രകളില്‍ പ്രാദേശിക സിം കാര്‍ഡുകള്‍ വാങ്ങുന്നതിനോ സേവനദാതാക്കളെ തിരയുന്നതിനോ ഉള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി മിനിറ്റുകള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ഡാറ്റ പാക്കേജുകള്‍ സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും. ഉയര്‍ന്ന അന്താരാഷ്ട്ര റോമിംഗ് നിരക്കുകള്‍ ഒഴിവാക്കാമെന്നതിനൊപ്പം, നിലവിലുള്ള ഫോണ്‍ നമ്പറില്‍ തന്നെ വാട്സ്ആപ്പ് അക്കൗണ്ട് തടസ്സമില്ലാതെ ഉപയോഗിക്കുന്നത് തുടരാനും ഉപഭോക്താക്കള്‍ക്ക് കഴിയും.
ആഗോളതലത്തില്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ വിപുലീകരിക്കുന്നതിനായി പ്രമുഖ ടെലികോം കമ്പനികളുമായും ഇ-സിം സേവനദാതാക്കളുമായും സഹകരിച്ചാണ് വാട്സ്ആപ്പ് ഈ സേവനം വികസിപ്പിക്കുന്നത്. ഇന്ത്യയിലെ ജിയോ, കംബോഡിയയിലെ സ്മാര്‍ട്ട് ആക്സിയാറ്റ, ഫിലിപ്പീന്‍സിലെ സ്മാര്‍ട്ട് കമ്മ്യൂണിക്കേഷന്‍സ്, അമേരിക്കയിലെ വെറൈസണ്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുമായി വാട്സ്ആപ്പ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ ഡിജിറ്റല്‍ അനുഭവം കൂടുതല്‍ ലളിതമാക്കുന്ന ഈ ഫീച്ചര്‍ ഉടന്‍ തന്നെ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
Related News