കുവൈത്ത് സിറ്റി: മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി കുവൈത്ത് രാജകുടുംബാംഗം ഉള്‍പ്പെടെ രണ്ടുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്ട്രോള് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അറസ്റ്റിലായവരില്‍ നിന്ന് 1.2 കിലോഗ്രാം ഹാഷിഷ്, 262 ലിറിക്ക ഗുളികകള്‍, 100 സനാക്സ് ഗുളികകള്‍, 200 ട്രമഡോള്‍ ഗുളികകള്‍, സംശയാസ്പദമായ 38 ഗുളികകള്‍, ലഹരിവസ്തുക്കള്‍ തൂക്കിനോക്കാന്‍ ഉപയോഗിക്കുന്ന നാല് സൂക്ഷ്മ ത്രാസുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടര്‍നടപടികള്‍ക്കായി നാര്‍ക്കോട്ടിക്സ് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും യാതൊരു വിവേചനവുമില്ലാതെ നിയമം ഒരുപോലെ ബാധകമാക്കാനും നിയമവാഴ്ച ശക്തിപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. നീതിയുടെയും സമത്വത്തിന്റെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നിയമത്തിന് അതീതമായി ആരുമില്ലെന്ന ഉറച്ച നിലപാടിന്റെയും അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Related News