മുംബൈ: ബോളിവുഡ് നടി ദീപിക പദുകോണ്‍ മെറ്റായുമായി സഹകരിച്ച് അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പതിപ്പിന്റെ പുതിയ ശബ്ദമായി മാറി. ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ മെറ്റാ എഐക്ക് ഇനി ദീപികയുടെ ശബ്ദമാകും.
നടി തന്നെയാണ് ഈ സന്തോഷവാര്‍ത്ത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഒരു സ്റ്റുഡിയോയില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചു.
'ഹായ്, ഞാന്‍ ദീപിക പദുകോണ്‍. ഞാന്‍ മെറ്റാ എഐയുടെ പുതിയ ശബ്ദമാണ്. അതുകൊണ്ട് റിംഗ് ടാപ്പ് ചെയ്യൂ, എന്റെ ശബ്ദം പുറത്തുവരും,'' വീഡിയോയില്‍ ദീപിക പറഞ്ഞു.
പോസ്റ്റിനൊപ്പം നടി കുറിച്ചത് ഇങ്ങനെ: 'ഓകെ, ഇത് വളരെ കൂള്‍ ആണെന്ന് ഞാന്‍ കരുതുന്നു! ഞാന്‍ ഇപ്പോള്‍ മെറ്റാ എഐയുടെ ഭാഗമാണ്, നിങ്ങള്‍ക്ക് ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ എന്റെ ശബ്ദത്തില്‍ ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യാം.'
എഐ അസിസ്റ്റന്റിന് ശബ്ദം നല്‍കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ദീപിക. ഈ സഹകരണം വഴി, മെറ്റായുടെ ഡിജിറ്റല്‍ അനുഭവങ്ങള്‍ക്ക് പരിചിതവും സൗഹൃദപരവുമായ ഒരു ടോണ്‍ നല്‍കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Related News