പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനുള്ളിലെ സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) 143 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക തിങ്കളാഴ്ച പുറത്തിറക്കി. രണ്ടാം ഘട്ട നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഔദ്യോഗിക പട്ടിക പുറത്തുവിട്ടത്.
ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് വൈശാലി ജില്ലയിലെ രാഘോപൂര്‍ നിയമസഭാ സീറ്റില്‍നിന്നാണ് ജനവിധി തേടുന്നത്. നവംബര്‍ 6, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബര്‍ 14-ന് നടക്കും.
മഹാസഖ്യത്തിനുള്ളിലെ തര്‍ക്കങ്ങള്‍ കാരണം ആര്‍.ജെ.ഡി ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നില്ല. ഔദ്യോഗിക പട്ടിക പുറത്തിറക്കുന്നതിന് മുമ്പുതന്നെ പാര്‍ട്ടി എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നങ്ങള്‍ നല്‍കിയിരുന്നു. 2020 നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ആര്‍.ജെ.ഡിക്ക് ഒരു സീറ്റ് കുറവാണ് - 2020-ല്‍ 144 സീറ്റുകളിലാണ് മത്സരിച്ചത്.
മഹാസഖ്യത്തിനുള്ളിലെ സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങള്‍ക്കിടയിലെ ആര്‍.ജെ.ഡിയുടെ ഈ ഏകപക്ഷീയമായ നീക്കം സഖ്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം.
Related News