തിരുവനന്തപുരം: ഇസ്രായേലില്‍ മലയാളി മരണപ്പെട്ടതായി സൂചന. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ മുത്താന ശിവശൈലം സ്വദേശി സുരേഷ് സുന്ദരേശന്‍ (42) ആണ് മരിച്ചതായുള്ള വിവരം വീട്ടുകാര്‍ക്കു ലഭിച്ചത്. മരണ കാരണം എന്താണെന്നോ ഔദ്യോഗിക സ്ഥിരീകരണമോ ലഭിക്കാത്തതിനാല്‍ വീട്ടുകാര്‍ ആശങ്കയിലാണ്.
ഇസ്രായേലിലെ മലയാളി അസോസിയേഷന്‍ ഭാരവാഹിയാണെന്ന് പരിചയപ്പെടുത്തിയ ഒരാളാണ് സുരേഷിന്റെ മരണം ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചത്. ടെല്‍ അവീവില്‍ വെച്ചാണ് മരണം സംഭവിച്ചതെന്നും മൃതദേഹം അല്‍ ഖബീര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍, ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയോ മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളോ ഇതുവരെ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
മാര്‍ച്ച് 16-നാണ് സുരേഷ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. താന്‍ താമസിക്കുന്ന മേഖലയില്‍ മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പാണ് സുരേഷ് ഇസ്രായേലിലേക്ക് പോയത്. ആറ് മാസം മുന്‍പ് അമ്മയുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലെത്തി മടങ്ങിപ്പോയിരുന്നു.
'അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഇതുവരെ ആധികാരികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ കോള്‍ വന്നതിന് ശേഷം വലിയ ആശങ്കയിലാണ് ഞങ്ങള്‍,' എന്ന് സുരേഷിന്റെ ബന്ധു ബിജു ടി.എസ് പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് നിലവില്‍ സുരേഷിന്റെ കുടുംബം.
Related News