റിയാദ്: മാധ്യമസ്വാതന്ത്ര്യത്തെ എന്നും മാനിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന സംസ്‌കാരമാണ് പാര്‍ട്ടിയുടെ ശക്തിയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാനുമായ ബെന്നി ബഹനാന്‍ എം.പി. പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് 'കടക്ക്പുറത്ത്' എന്ന് പറയുന്ന ശൈലി യു.ഡി.എഫിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച 'ലക്ഷ്യ' തെരഞ്ഞെടുപ്പ് മുന്നൊരുക്ക ക്യാമ്പില്‍ പങ്കെടുത്തശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ഒ.ഐ.സി.സി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ ഗൗരവമായ ഇടപെടല്‍ നടത്തുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ കടബാധ്യത ആറു ലക്ഷം കോടി രൂപയെത്തിയതായി ആരോപിച്ച അദ്ദേഹം, വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ പ്രതിസന്ധിയിലാണെന്നും കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച മൂലം വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് ഒഴുകുകയാണെന്നും, സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യത കുറവാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ സി.പി.എം ബി.ജെ.പി പരസ്യ കൂട്ടുകെട്ടുണ്ടെന്നാരോപിച്ച അദ്ദേഹം, വര്‍ഗീയ ധ്രുവീകരണത്തിലൂടെ യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നതെന്നും പറഞ്ഞു.
കെ.പി.സി.സി നേതൃമാറ്റം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി, നിലവില്‍ അത്തരമൊരു അജണ്ട പാര്‍ട്ടിക്കുമുന്നിലില്ലെന്നും സണ്ണി ജോസഫ് മികച്ച രീതിയിലാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എ. സലിം, ബാലകൃഷ്ണന്‍ പെരിയ, ഒ.ഐ.സി.സി ഭാരവാഹികളായ ബിജു കല്ലുമല, സലിം കളക്കര, ഫൈസല്‍ ബാഹസ്സന്‍, നിഷാദ് ആലങ്കോട്, എന്നിവരും പങ്കെടുത്തു.
Related News