ഹഫര്‍ അല്‍ ബാത്തീന്‍: വിശുദ്ധ റമദാന്‍ മാസത്തില്‍ രക്തബാങ്കുകളില്‍ അനുഭവപ്പെടാറുള്ള രക്തദൗര്‍ലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തീന്‍ കമ്മിറ്റി വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റമദാന്‍ കാലയളവില്‍ പകല്‍ സമയത്തെ നോമ്പ് കാരണം രക്തദാതാക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാറുണ്ട്. ഇത് അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും അടിയന്തര ശസ്ത്രക്രിയകള്‍ ആവശ്യമുള്ളവര്‍ക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഒ.ഐ.സി.സി വര്‍ഷങ്ങളായി ഇത്തരമൊരു മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്നത്.
പ്രവാസി സമൂഹത്തിന്റെ വലിയ പിന്തുണയോടെ നടന്ന ക്യാമ്പില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ രക്തം നല്‍കാന്‍ മുന്നോട്ടുവന്നു. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും വലിയ ആവേശമാണ് പങ്കെടുത്തവര്‍ പ്രകടിപ്പിച്ചത്.
ക്യാമ്പിന്റെ സംഘാടനത്തിന് വിബിന്‍ മറ്റത്ത്, സൈഫുദ്ധീന്‍ പള്ളിമുക്ക്, റാഫി പരുതൂര്‍, ജിതേഷ് തെരുവത്ത്, ഷബ്നാസ് കണ്ണൂര്‍, ജോമോന്‍ ജോസഫ്, ജോബി ആന്റണി, അബ്ദുള്‍ സമദ്, ഷാനവാസ് മഹീന്‍, ഉസ്മാന്‍ പള്ളങ്ങല്‍, അബ്ദുള്‍ ഗഫൂര്‍, സിദ്ധിഖ് ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
രക്തം ദാനം ചെയ്തവര്‍ക്കും ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ചവര്‍ക്കും ഒ.ഐ.സി.സി നേതൃത്വവും ബ്ലഡ് ബാങ്ക് അധികൃതരും നന്ദി രേഖപ്പെടുത്തി. നാടിന്റെയും പ്രവാസ ലോകത്തിന്റെയും നന്മ ലക്ഷ്യമാക്കിയുള്ള ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ വരും നാളുകളിലും സജീവമായി തുടരുമെന്ന് ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തീന്‍ കമ്മിറ്റി അറിയിച്ചു.
Related News