ദമ്മാം: മലയാളത്തിലെ പ്രിയകവിയും, ഗാനരചയിതാവുമായിരുന്ന ഒ.എന്‍.വി കുറുപ്പിന്റെ ഓര്‍മ്മയില്‍ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.ടി അലവി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും, സാംസ്‌കാരികപ്രവര്‍ത്തകയുമായ ഡോക്ടര്‍ സിന്ധു ബിനു അനുസ്മരണ പ്രഭാഷണം നടത്തി. അനിതരസാധാരണമായ തന്റെ രചനാ വൈഭവം കൊണ്ട് മലയാളത്തെ ഭാവസാന്ദ്രമാക്കിയ കവിതകള്‍ സമ്മാനിച്ച, അവിസ്മരണീയ ഗാനങ്ങളുടെ കുളിര്‍മഴ പൊഴിയിച്ച അതുല്യപ്രതിഭയായിരുന്നു ഒ.എന്‍.വി എന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം ജ്വലിച്ചു നിന്ന അപൂര്‍വ്വതയായിരുന്നു ഒഎന്‍വി കുറുപ്പിനെ വ്യത്യസ്തനാക്കിയത്. മലയാളിയുടെ മനം കവര്‍ന്ന പ്രിയ കവിയുടെ കവിതകള്‍ ചൊല്ലിയും, ഹൃദ്യമായ ഗാനങ്ങള്‍ ഓര്‍മ്മയില്‍ തിരികെയെത്തിച്ചുമാണ് ഡോക്ടര്‍ സിന്ധു ബിനു അനുസ്മരണം നിര്‍വഹിച്ചത്.
ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം, നാലുമണിപ്പൂക്കള്‍ തുടങ്ങി നാല്‍പതിലേറെ കവിതാ സമാഹാരങ്ങളും, ഭാവതീവ്രമായ ഇരുന്നൂറിലധികം ചലച്ചിത്രഗാനങ്ങളും, ഒട്ടനവധി നാടകഗാനങ്ങളും മലയാളത്തിന് സമര്‍പ്പിച്ചാണ് ഒ.എന്‍.വി മടങ്ങിയത്. കവിതയേയും, സിനിമാഗാനശാഖയേയും ഇത്രയുമധികം ജനകീയമാക്കിയ മറ്റൊരു കവിയും നമുക്കില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.
എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ആബിദ് അടിവാരം പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഷാജി മതിലകം, ഷബീര്‍ ചാത്തമംഗലം, മാലിക് മഖ്ബൂല്‍, ഷബ്ന നജീബ്, അനില്‍ റഹീമ, മുസ്തഫ കണ്ണൂര്‍, ലുഖ്മാന്‍ വിളത്തൂര്‍, നജ്മുസ്മാന്‍ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. മലയാളി സമാജം ഭാരവാഹികളായ മുരളീധരന്‍, ഫെബിനാ നജ്മുസമാന്‍, ഹുസൈന്‍ ചമ്പോളില്‍, ബിനു പുരുഷോത്തമന്‍, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണന്‍, വിനോദ് കുഞ്ഞ്, സഹീര്‍ മജ്ദാല്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. റൗഫ് ചാവക്കാട് അവതാരകനായിരുന്നു. ചടങ്ങില്‍ ലീനാ ഉണ്ണികൃഷ്ണന്‍ സ്വാഗതവും നജ്മുസ്മാന്‍ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.
Related News