ജിസാന്‍: സൗദി അറേബ്യയിലെ വിനോദസഞ്ചാര ഭൂപടത്തില്‍ വിസ്മയമായി മാറിയ ജിസാന്‍ ഫെസ്റ്റിവല്‍ 2026-ന് മാറ്റുകൂട്ടി ഫറസാന്‍ ദ്വീപുകളുടെ സാംസ്‌കാരിക സംഗമം. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഗവര്‍ണറേറ്റ്‌സ് നൈറ്റ്സ്' പ്രോഗ്രാമിന്റെ ഭാഗമായാണ് ജിസാനിലെ പ്രശസ്തമായ ഷിപ്പ് ഫെസ്റ്റിവല്‍ തിയേറ്ററില്‍ ഫറസാന്‍ ദ്വീപ് കലാസന്ധ്യ അരങ്ങേറിയത്. പ്രദേശവാസികളും സഞ്ചാരികളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് ഈ സാംസ്‌കാരിക വിരുന്നിന് സാക്ഷ്യം വഹിക്കാന്‍ ഒഴുകിയെത്തിയത്.
റെഡ് സീയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച അത്യാധുനികമായ ഷിപ്പ് ഫെസ്റ്റിവല്‍ തിയേറ്റര്‍ ഉത്സവപ്രതീതിയിലായിരുന്നു. ഫറസാന്‍ ദ്വീപുകളുടെ തനിമ വിളിച്ചോതുന്ന പൈതൃക കലാരൂപങ്ങളാണ് വേദിയില്‍ അരങ്ങേറിയത്. ദ്വീപിന്റെ സാംസ്‌കാരിക ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്ന കലാപ്രകടനങ്ങളും പാരമ്പര്യ വേഷവിധാനങ്ങളും കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. കലയും പൈതൃകവും ഒത്തുചേര്‍ന്നപ്പോള്‍ തിയേറ്ററിനുള്ളില്‍ ആവേശം അലതല്ലുന്ന അന്തരീക്ഷമാണ് ദൃശ്യമായത്.
ദ്വീപിന്റെ ടൂറിസം സാധ്യതകളും പൈതൃക സവിശേഷതകളും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശനമായിരുന്നു പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. ഫറസാന്‍ ദ്വീപുകളിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പുരാതന നിര്‍മ്മിതികള്‍, കടല്‍ത്തീരങ്ങള്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയ ദൃശ്യവിരുന്ന് കാണികള്‍ക്ക് പുതിയൊരു അനുഭവമായി. ഇതിനുപുറമെ വൈവിധ്യമാര്‍ന്ന വിനോദപരിപാടികളും ഓപ്പറയും സന്ധ്യയെ അവിസ്മരണീയമാക്കി.
ഓരോ ഗവര്‍ണറേറ്റുകളുടെയും സാംസ്‌കാരിക വൈവിധ്യങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഗവര്‍ണറേറ്റ്‌സ് നൈറ്റ്സ്' സംഘടിപ്പിക്കുന്നത്. ജിസാന്‍ മേഖലയുടെ ചരിത്രവും പരമ്പരാഗത ജീവിതരീതികളും പുതിയ തലമുറയ്ക്കും വിദേശ സഞ്ചാരികള്‍ക്കും പരിചയപ്പെടുത്താന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കുന്നു. പ്രകൃതിഭംഗിയും വിശാലമായ തീരപ്രദേശങ്ങളും പ്രാചീന സംസ്‌കാരവും ഒത്തുചേരുന്ന ജിസാനിലെ ഓരോ പ്രദേശത്തെയും ടൂറിസം ഭൂപടത്തില്‍ മുന്‍നിരയില്‍ എത്തിക്കാനാണ് അധികൃതര്‍ ഇതിലൂടെ ശ്രമിക്കുന്നത്.
സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ ടൂറിസം, വിനോദ മേഖലകള്‍ക്ക് ലഭിക്കുന്ന വലിയ പിന്തുണയുടെ അടയാളമാണ് ഈ മേള. പ്രാദേശികമായ തനിമകള്‍ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനും ജിസാന്‍ ഫെസ്റ്റിവലിന് സാധിക്കുന്നുണ്ട്. ഫറസാന്‍ ദ്വീപുകളുടെ തനിമയും സൗന്ദര്യവും നേരിട്ടറിയാന്‍ സാധിച്ച ഈ വൈകുന്നേരം ജിസാന്‍ ഫെസ്റ്റിവലിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായി മാറി.
Related News