മദീന: ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്നുള്ള മദീന പലായനം (ഹിജ്റ) പുനരാവിഷ്‌കരിക്കുന്ന 'ഓണ്‍ ഹിസ് ഫുട്‌സ്റ്റെപ്‌സ്' പദ്ധതിക്ക് മദീനയില്‍ തുടക്കമായി. വിനോദസഞ്ചാര, ചരിത്ര, ആത്മീയ മേഖലകളെ കോര്‍ത്തിണക്കി നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയാണിത്.
ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍-ഷെയ്ഖ് ആണ് പദ്ധതിയുടെ ഉദ്ഘാടന വിവരം അറിയിച്ചത്. പ്രവാചകന്‍ പലായന വേളയില്‍ സഞ്ചരിച്ച ഓരോ ഘട്ടങ്ങളെയും അതേപടി അനുഭവിച്ചറിയാന്‍ സന്ദര്‍ശകര്‍ക്ക് ഇതിലൂടെ സാധിക്കും.
മക്ക മുതല്‍ മദീന വരെ നീളുന്ന 470 കിലോമീറ്ററിലധികം വരുന്ന പാതയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പ്രവാചകന്‍, അബൂബക്കര്‍ സിദ്ദീഖ് (റ) എന്നിവര്‍ പലായന സമയത്ത് കടന്നുപോയ പ്രധാന ഇടങ്ങളും വിശ്രമ കേന്ദ്രങ്ങളും ഈ പാതയില്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ സാംസ്‌കാരിക, മതവിനോദസഞ്ചാര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള 'വിഷന്‍ 2030'-ന്റെ ഭാഗമായാണ് ഈ ബൃഹദ് പദ്ധതി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദ്ദേശപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലാണ് ചരിത്ര സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളും ഒരുക്കിയിരിക്കുന്നതെന്ന് അല്‍-ഷെയ്ഖ് വ്യക്തമാക്കി.
Related News