റിയാദ്: വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട് ദുരിതത്തിലായിരുന്ന കുടുംബത്തിന് റിയാദ് കോഴിക്കോടന്‍സിന്റെ കാരുണ്യഹസ്തം. റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോടന്‍സ്' പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി പണിത ആദ്യ വീട്, നാട്ടുകാരും മത-രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തരും ബന്ധുമിത്രാതികളും അയല്‍വാസികളും ഒത്തുചേര്‍ന്ന സന്തോഷാന്തരീക്ഷത്തില്‍ ബന്ധപ്പെട്ട കുടുംബത്തിന് കൈമാറി. സ്ഥലം എം. പി. ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ കോഴിക്കോടന്‍സ് ഭാരവാഹികളായ ചീഫ് ഓര്‍ഗനൈസര്‍ കെ. സി. ഷാജു, പുനരധിവാസ കമ്മറ്റി കണ്‍വീനര്‍ റാഫി കൊയിലാണ്ടി, കോഴിക്കോടന്‍സ് സ്ഥാപക മെമ്പര്‍മാരായ ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തുര്‍, ഫൈസല്‍ അഹ്‌മദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മര്‍ മുക്കം, പ്രഷീദ് കൊയിലാണ്ടി എന്നിവര്‍ ചേര്‍ന്നാണ് താക്കോല്‍ കുടുംബത്തെ ഏല്പിച്ചത്.
കോഴിക്കോടന്‍സ് പ്രവര്‍ത്തകരുടെ ഈ മഹനീയ ദൗത്യം മാതൃകാപരവും ശ്ലാഘനീയവുമാണെന്നും ഇതുമായി സഹകരിച്ച എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നുവെന്നും ഷാഫി പറമ്പില്‍ എം. പി. പറഞ്ഞു. ഒത്തിരി സന്തോഷത്തോടെയാണ് ഈ ധന്യ നിമിഷത്തില്‍ പങ്കുകൊള്ളുന്നതെന്നും എല്ലാവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ചടങ്ങില്‍ സംസാരിച്ച ഫാദര്‍ വില്‍സണ്‍ മുട്ടത്തുകുന്നേല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷെബി സെബാസ്റ്റ്യന്‍, ലൗലി ബിജു എടാട്ട്, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ. എം. അഭിജിത്, സല്‍മാ രാജു, ജമാല്‍ കോരങ്ങാട്ട്, മോഹനന്‍ പാറക്കടവ്, എന്‍.കെ. മുത്തലിബ്, രവീഷ് വളയം, ബവിത്ത് മലോല്‍, അനസ് നങ്ങാണ്ടി, വി.കെ. മൂസ, അഷറഫ് കൊറ്റാല, ജോസ് ഇരുപ്പക്കാട്ട്, ഒ. മുനീര്‍, പി.എസ്. ശശി, ബാലകൃഷ്ണന്‍ വിലങ്ങാട് തുടങ്ങി മത രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.
റിയാദ് പ്രവാസി സമൂഹത്തിന് തീര്‍ത്തും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് കോഴിക്കോടന്‍സിന്റെ ഈ പദ്ധതി. ദുരന്തത്തില്‍പെട്ട് നാട് ഒന്നടങ്കം സ്തംഭിച്ചുപോയ സന്ദര്‍ഭത്തില്‍ ദുരന്തഭൂമിയിലേക്ക് നേരിട്ട് സ്വന്തം പ്രതിനിധികളെ അയച്ച് പഠനം നടത്തിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ - സന്നദ്ധ സന്ഘടനകളുടെ ശ്രദ്ധ വിലങ്ങാട് പ്രദേശത്തിന് വേണ്ടത്ര ലഭിക്കുന്നില്ല എന്ന വിലയിരുത്തലിലാണ് വിലങ്ങാടിന് ആദ്യ പരിഗണ നല്‍കിയത്. വയനാട്-വിലങ്ങാട് പ്രദേശത്തേക്ക് ദുരന്ത സമയത്ത് നാട്ടില്‍നിന്നും വിദേശത്തുനിന്നും നിരവധി സഹായപ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും, സമയബന്ധിതമായി ഒരു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറാന്‍ സാധിച്ചത് നേട്ടമായി കാണുന്നുവെന്നും ഈ സാഹചര്യത്തില്‍ കോഴിക്കോടന്‍സിന്റെ വീട് നിര്‍മാണ പൂര്‍ത്തീകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
Related News