തിരുവനന്തപുരം: ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന സിപിഎമ്മിലെ ആഭ്യന്തര കലഹം ഒടുവില്‍ പി.കെ. ശശിയുടെ രാജിയില്‍ കലാശിച്ചു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ശശി, മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയതയും പാര്‍ട്ടി നേതൃത്വവുമായുള്ള കടുത്ത അകല്‍ച്ചയുമാണ് ഈ നിര്‍ണ്ണായക തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ശശിയുടെ വീടിനു മുന്നിലൂടെ കടന്നുപോയിട്ടും അദ്ദേഹം സ്വീകരണത്തിന് എത്താത്തത് വലിയ ചര്‍ച്ചയായിരുന്നു. കടുത്ത പനിയാണ് കാരണമെന്ന് ശശി ന്യായീകരിച്ചെങ്കിലും, അദ്ദേഹത്തെ അനുനയിപ്പിക്കാനോ വിളിക്കാനോ പാര്‍ട്ടി ജില്ലാ നേതൃത്വം തയ്യാറാകാതിരുന്നത് അകല്‍ച്ചയുടെ ആഴം വ്യക്തമാക്കി. 'ശശിക്ക് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ട്, അതുകൊണ്ടാണ് ബ്രാഞ്ചില്‍ തുടരുന്നത്' എന്ന എം.വി. ഗോവിന്ദന്റെ പരസ്യപ്രതികരണം ശശിക്കേറ്റ കനത്ത തിരിച്ചടിയായി.
വിഭാഗീയതയുടെ പേരില്‍ നേരത്തെ തന്നെ പി.കെ. ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. എന്നിട്ടും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ അദ്ദേഹം കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നു. തനിക്കൊപ്പം നിന്നവര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ പിന്‍വലിക്കണമെന്ന ശശിയുടെ ആവശ്യം ജില്ലാ നേതൃത്വം തള്ളിയതാണ് അവസാനത്തെ പ്രകോപനം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശശി അനുകൂലികള്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചത് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജില്ലാ കമ്മിറ്റിയിലേക്ക് മടങ്ങിവരാമെന്ന ശശിയുടെ പ്രതീക്ഷകളും അസ്തമിച്ചതോടെയാണ് രാജി എന്ന തീരുമാനത്തില്‍ അദ്ദേഹം എത്തിയത്.
പാലക്കാട് ജില്ലയിലെ കരുത്തനായ ഈ മുന്‍ എംഎല്‍എയുടെ അടുത്ത നീക്കം കോണ്‍ഗ്രസ് പാളയത്തിലേക്കാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്വതന്ത്രനായി ശശി മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. സിപിഎമ്മിലെ ഒരു വിഭാഗം വോട്ടുകള്‍ കൂടി പെട്ടിയിലാക്കാന്‍ ശശിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
പാലക്കാട്ടെ സിപിഎം രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഈ രാജി, വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമാകും.
Related News