ജനീവ ദശാബ്ദങ്ങളായി തുടരുന്ന ആണവ തര്‍ക്കം പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്നാം വട്ട പരോക്ഷ ചര്‍ച്ചകള്‍ ഇന്ന് ജനീവയില്‍ നടക്കും. ഇരുരാജ്യങ്ങളും പരസ്പരം സൈനിക മുന്നറിയിപ്പുകള്‍ നല്‍കുന്ന അതീവ സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്.
ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ അല്‍-ബുസൈദിയുടെ മധ്യസ്ഥതയിലുള്ള പരോക്ഷ ചര്‍ച്ചയാണിത്. അമേരിക്കയെ പ്രതിനിധീകരിച്ച് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കുഷ്‌നറും പങ്കെടുക്കുമ്പോള്‍, ഇറാന് വേണ്ടി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇറാന്‍ ആണവായുധം കൈവശം വെക്കുന്നത് അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പരിഹാരത്തിനാണ് മുന്‍ഗണനയെങ്കിലും, ഉടമ്പടിയില്‍ എത്തിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം അമേരിക്കന്‍ താല്പര്യങ്ങള്‍ക്കും യൂറോപ്പിനും ഭീഷണിയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൂണ്ടിക്കാട്ടി.
സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവ സാങ്കേതികവിദ്യ കൈവശം വെക്കാനുള്ള അവകാശം വിട്ടുകൊടുക്കില്ലെന്നും നീതിപൂര്‍വവും വേഗത്തിലുള്ളതുമായ കരാറാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കയുടെ ഉപരോധങ്ങള്‍ നീക്കുന്നതിനെക്കുറിച്ചുള്ള ഇറാന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്.
ചര്‍ച്ചകള്‍ പുരോഗമിക്കവെ തന്നെ മിഡില്‍ ഈസ്റ്റില്‍ അമേരിക്ക വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമാണിത്. ആക്രമിക്കപ്പെട്ടാല്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.
ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയും ചര്‍ച്ചകളുടെ ഭാഗമായി ജനീവയിലുണ്ട്. ട്രംപ് ഭരണകൂടം നല്‍കിയ 10 മുതല്‍ 15 ദിവസത്തെ സമയപരിധിക്കുള്ളില്‍ ഒരു തീരുമാനമുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Related News