ബെയ്‌റൂത്ത്- ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിന് നേരെ ബുധനാഴ്ച ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ സഖ്യം ആരംഭിച്ച യുദ്ധത്തില്‍ ഹിസ്ബുള്ള കൂടി പങ്കുചേര്‍ന്നതിന് ശേഷം, നഗരമധ്യത്തിലുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ജനവാസമേഖലയായ ഐഷ ബക്കറിലെ കെട്ടിടമാണ് ലക്ഷ്യമിട്ടതെന്നും ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, രാജ്യത്തെ ശത്രുപക്ഷത്തെ പിന്തുണയ്ക്കുന്ന പ്രക്ഷോഭകാരികള്‍ക്കെതിരെ ഇറാന്‍ പോലീസ് മേധാവി അഹമ്മദ് റെസ റാദന്‍ കടുത്ത മുന്നറിയിപ്പ് നല്‍കി. ശത്രുക്കളുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ വെറും പ്രതിഷേധക്കാരായി കാണില്ലെന്നും അവരെ രാജ്യത്തിന്റെ ശത്രുക്കളായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിപ്ലവത്തെ സംരക്ഷിക്കാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും ഏത് നിമിഷവും തിരിച്ചടിക്കാന്‍ തയ്യാറായി 'കാഞ്ചിയില്‍ വിരല്‍ അമര്‍ത്തി' കാത്തിരിക്കുകയാണെന്നും റാദന്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖാംനഇ സുരക്ഷിതനാണെന്ന് ഇറാന്‍ പ്രസിഡന്റിന്റെ മകന്‍ സ്ഥിരീകരിച്ചു. യുദ്ധത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ഫെബ്രുവരി അവസാനം കൊല്ലപ്പെട്ട അലി ഖാംനഇയുടെ പിന്‍ഗാമിയായാണ് മകന്‍ മുജ്തബ അധികാരമേറ്റത്. ഇറാനിലെ നിലവിലെ യുദ്ധസാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മുജ്തബയെ പുതിയ നേതാവായി തിരഞ്ഞെടുത്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സൈനിക നേതൃത്വത്തിന്റെ താല്‍പ്പര്യപ്രകാരമാണ് ഈ നിര്‍ണ്ണായക തീരുമാനം ഉണ്ടായതെന്ന് ഉന്നത ഇറാനിയന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. യുഎസ്-ഇസ്രായേല്‍ സഖ്യവുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, രാജ്യത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു മാറ്റം വരുന്നത് വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
Related News