ദമ്മാം: സ്വന്തം വീടകങ്ങളില്‍ പോലും സ്ത്രീകളും കുട്ടികളും മാനസിക പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നു എന്നത് നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട വസ്തുതയാണെന്ന് പ്രശസ്ത എഴുത്തുകാരി സോഫിയ ഷാജഹാന്‍ അഭിപ്രായപ്പെട്ടു. പട്ടാമ്പി കൂട്ടായ്മ വനിതാ വേദി സംഘടിപ്പിച്ച ലോക വനിതാ ദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
നിത്യജീവിതത്തില്‍ നമ്മോട് സഹവര്‍ത്തിക്കുന്ന സഹോദരിമാരോ അയല്‍പക്കങ്ങളിലുള്ളവരോ ഇത്തരം മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍, അത് തിരിച്ചറിഞ്ഞ് അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഓരോ സ്ത്രീക്കും കഴിയണം. സ്ത്രീ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന നമ്മള്‍, തൊട്ടടുത്ത വീട്ടിലെ സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ പോലും അവര്‍ ഇല്ലാതായിക്കഴിഞ്ഞാണ് വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിയുന്നത്. ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തിന്റെ നന്മയ്ക്കും കരുതലിനും വേണ്ടിയാകണം പ്രവര്‍ത്തിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എ.ഇ-യില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വീട്ടമ്മമാരുടെ ആത്മഹത്യകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അവരുടെ പ്രസ്താവന.
വനിതാ വേദി പ്രസിഡന്റ് നാഹിദ് സബ്രി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷഹനാസ് മന്‍സൂര്‍, റാഹിബ, കൂട്ടായ്മയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മൊയ്തീന്‍ പട്ടാമ്പി, ജനറല്‍ കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ പറമ്പില്‍, ജനറല്‍ സെക്രട്ടറി റസാഖ് കെ.പി, ട്രഷറര്‍ അഭിലാഷ് കൊപ്പം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വനിതാ വേദി ജനറല്‍ സെക്രട്ടറി സെല്‍മ ഷറഫുദ്ദീന്‍ സ്വാഗതവും സെക്രട്ടറി രേവതി അഭിലാഷ് നന്ദിയും പറഞ്ഞു. ഷെറിന്‍ സഫ്വാന്‍, ഷെറിന്‍ ഷിഹാബ്, ഷെറിന്‍ താഹിര്‍, നസ്മിയ, ആരിഫ ഷാഹിദ്, റാഷിഫ, ബല്‍ക്കീസ്, അന്‍വര്‍ പതിയില്‍, ഷാഹിദ് വിളയൂര്‍, മാസില്‍, ജംഷിദ് കൈപ്പുറം, സബ്രി അബ്ദുല്‍ റസാഖ്, സഫ്വാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Related News