40 വർഷം മക്കയിലെ വിവിധ ഭാഗങ്ങളിൽ ഹാജിമാർക്കും ഉംറ തീർത്ഥാടകർക്കും ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നതിന് വേണ്ടി ബിൽഡിങ്ങുകളും നിരവധി ജോലിക്കാരും ഉണ്ടായിരുന്ന കോഴിക്കോട് വല്ലത്തായിപാറ സ്വദേശി അബ്ദുൽ കരീം.
അഭ്യന്തര ഉംറ തീർത്ഥാടനത്തിന് ദമാമും റിയാദും അടക്കം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ നിരവധി ബസുകളിൽ ഉംറ തീർത്ഥാടകർ എത്തും. അവർക്ക് ആവശ്യമായ താമസ സൗകര്യവും ഭക്ഷണവും അദ്ദേഹം ഒരുക്കിക്കൊടുത്തു. നല്ല നിലയിൽ ബിസിനസ് നടന്നിരുന്നു. കരീംക്കയുടെ അടുത്തു മെസ്സിൽ ജോലി ചെയ്തിരുന്ന ഒരു വ്യക്തി പറഞ്ഞത്, ചില ആഴ്ചകളിൽ ദുബായ് അടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 25 ബസ്സുകളിൽ പോലും ഉംറ തീർത്ഥാടകർ എത്തിയിരുന്നു എന്നാണ്.
നാട്ടിൽനിന്ന് ഉംറക്കും ഹജ്ജിനും ആര് എത്തിയാലും കരീംക്കയുടെ വീട്ടിലായിരുന്നു താമസം. നാട്ടിൽ നിന്നോ പരിസര പ്രദേശങ്ങളിൽ നിന്നോ ആരെങ്കിലും മക്കയിലെത്തിയാൽ കരീംക്കയുടെ സ്‌നേഹവും ഭക്ഷണവും അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും.
എല്ലാവരോടും നല്ല രീതിയിൽ മാത്രം ഇടപഴകിയ, എല്ലാവരോടും എന്നും സ്‌നേഹം മാത്രം കാത്തുസൂക്ഷിച്ച ഒരു പച്ചയായ മനുഷ്യനായിരുന്നു കരീംക്ക.
എല്ലാം നല്ല രീതിയിൽ നടന്നുപോകുന്നതിനിടയിൽ ഹറം വികസനത്തിനായി ബിൽഡിങ്ങുകൾ പൊളിച്ചുമാറ്റിയതോടെ കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. പിന്നെ കോവിഡ് മഹാമാരിയിൽ എല്ലാം തകിടംമറിഞ്ഞു. അപ്പോഴേക്കും നാട്ടിൽ പോയിട്ട് 17 വർഷം കഴിഞ്ഞിരുന്നു. ഇഖാമയുടെ കാലാവധി കഴിഞ്ഞു; റൂമിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. മുൻപ് ഏർപ്പെട്ട ചില ബിസിനസുകളിലെ സാമ്പത്തിക ബാധ്യതകൾ കാരണം പല നിലയിലുള്ള പീഡനങ്ങളും നേരിടേണ്ടിവന്നു. നിയമപരമായ കേസുകൾ നിലനിന്നിരുന്നതും ഇഖാമ (താമസ രേഖ) കാലാവധി കഴിഞ്ഞ് പുതുക്കാൻ സാധിക്കാതെ വന്നതും ഏറെ ബുദ്ധിമുട്ടിച്ചു. അവസാന നാളുകളിലും ഒരിക്കൽ കൂടി നാടണയണം എന്ന വലിയ ആഗ്രഹത്തിലായിരുന്നു അദ്ദേഹം.
വിവിധ അസുഖങ്ങളാൽ ആശുപത്രിയിൽ എത്തി ചികിത്സ തേടാൻ കഴിയാത്തവിധം പ്രയാസത്തിലായി. നല്ല രീതിയിൽ ബിസിനസ്സും മറ്റും നടന്ന സമയത്ത് എല്ലാവരും കൂടെയുണ്ടായിരുന്നു. പക്ഷേ, അവസാന നാളുകൾ ആയപ്പോൾ ആരും ഇല്ലാത്ത അവസ്ഥയായി. നൂറുകണക്കിന് ആളുകൾക്ക് ഭക്ഷണം പാകം ചെയ്തു കൊടുത്ത കരീംക്ക, കഴിക്കാൻ ഭക്ഷണം പോലും സ്വന്തമായി പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി. ഫോൺ നമ്പർ പോലും ആർക്കും അറിയില്ല. താമസിക്കുന്ന റൂം പോലും ആർക്കും അറിയില്ല. വളരെ അടുത്ത ഒന്നോ രണ്ടോ പേർക്ക് മാത്രം റൂം അറിയാം; അവർ വല്ലതും എത്തിച്ചു നൽകും, അത് കഴിക്കും.
എല്ലാ സൗകര്യങ്ങളും ഉണ്ടാകുമ്പോൾ എല്ലാവരും കൂടെയുണ്ടാകും; ചെറിയ താഴ്ച വരുമ്പോൾ എല്ലാവരും കൈയൊഴിയും. മരണസമയത്തും വല്ലാതെ ബുദ്ധിമുട്ടിയ അദ്ദേഹം, താമസിക്കുന്ന റൂമിന് അടുത്തുള്ള ഒരാളെ വിളിച്ച് "ഒന്ന് പെട്ടെന്ന് വരുമോ, എനിക്ക് തീരെ വയ്യ" എന്ന് പറഞ്ഞു. വിളിച്ച ആ വ്യക്തി നല്ല ഉറക്കമായത്കൊണ്ട് തന്നെ എണീറ്റ് അടുത്തുളള കരീംക്കയുടെ റൂമിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വിവരം ലഭിച്ച ഉടനെ ഞാൻ എത്തിയപ്പോഴേക്കും പോലീസും ബന്ധப்பட்ட വകുപ്പുകളിലെ ഉദ്യോഗസ്ഥരും എത്തിയിരുന്നു. നേരെ ഇടുങ്ങിയ റൂമിലേക്ക് കയറിയപ്പോൾ ചലനമറ്റ ശരീരം കിടക്കുന്നു. പരിസരം കണ്ടാൽ ആൾതാമസം ഇല്ലാത്തതുപോലെയുള്ള ഒരു റൂം. ഒരു മലയുടെ തൊട്ടുതാഴെ ഇരുമ്പ് ഷീറ്റുകൾ കൊണ്ട് ഉണ്ടാക്കിയത്. കാര്യങ്ങൾ എല്ലാം അറിയാം എനിക്ക്—നിയമപ്രശ്നങ്ങൾ, കേസുകൾ... പോലീസ് ഉദ്യോഗസ്ഥരോട് എന്ത് പറയും? ഇഖാമയുടെ കാലാവധി കഴിഞ്ഞത്, മറ്റ് പ്രശ്നങ്ങൾ... എന്ത് പറയും?
ഞാൻ കാര്യങ്ങൾ എല്ലാം ക്യാപ്റ്റനോട് തുറന്നുപറഞ്ഞു, സഹായിക്കണം എന്ന് അപേക്ഷിച്ചു. അല്ലാഹുവിന്റെ അതിഥികളായി എത്തിയ ആയിരങ്ങളെ സഹായിച്ച കരീംക്കയെ നല്ല രീതിയിൽ യാത്രയാക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ അല്ലാഹു നിയോഗിച്ച പോലെ എനിക്ക് തോന്നി.
"യാ മുജീബ്... ഒന്നും കൊണ്ടും ഭയപ്പെടേണ്ട, മുഴുവൻ സൗകര്യവും ഞാൻ നിനക്ക് ചെയ്തുതരും"—ക്യാപ്റ്റൻ ഖാലിദ്.
പെട്ടെന്ന് വിരലടയാളവും മറ്റും ശേഖരിച്ചു. കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് ശനിയാഴ്ച മഗ്രിബോടെ മയ്യിത്ത് മാറ്റി. നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെ നാട്ടിൽ നിന്നും ഭാര്യ മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള എൻ.ഒ.സി (NOC) എത്തിച്ചു നല്‍കി. . ബന്ധപ്പെട്ടവർക്ക് മരിച്ച് കിടക്കുന്ന ഫോട്ടോയും വീഡിയോകളും അയച്ചുകൊടുത്തു.
പോലീസ് സ്റ്റേഷനിൽ നിന്നും ഹോസ്പിറ്റലിൽ നിന്നും പേപ്പർ വർക്കുകൾ പൂർത്തീകരിച്ചു. ഞായറാഴ്ച മഗ്രിബിന് ശേഷം വിശുദ്ധ ഹറമിൽ വെച്ച് മയ്യിത്ത് നിസ്കരിച്ചു. മക്കയിലെ ശറായ മഖ്‌ബറ ഗദീമിൽ ബ്ലോക്ക് 25-ൽ 23-ാമത്തെ ഖബറിൽ മയ്യിത്ത് ഇറക്കിവെച്ച് കവിളിൽ മൂന്ന് പിടി മണ്ണ് വെച്ച് ഖബറടക്കി.
അപ്പോഴും എൻ്റെ മൊബൈൽ റിങ് ചെയ്തുകൊണ്ടേയിരുന്നു. കരീംക്കയുടെ മയ്യിത്ത് ഖബറടക്കിയോ എന്നറിയാൻ അടുത്ത സുഹൃത്തുക്കളുടെ ഫോൺ കോളുകളായിരുന്നു അത്. മയ്യിത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയശേഷം ചില സുഹൃത്തുക്കൾ വിവരമറിഞ്ഞ് താമസസ്ഥലത്ത് എത്തി, റൂമിന്റെ താക്കോൽ പോലും ചോദിച്ച സുഹൃത്തുക്കളുണ്ട്! എന്നെയും പലരും വിളിച്ചു, "റൂമിൽ എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് എടുക്കാമായിരുന്നു, കുറച്ചു സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു" എന്ന് പറഞ്ഞു. അവരോട് എല്ലാം ഞാൻ പറഞ്ഞു: "അടിച്ചു കൊണ്ടിരിക്കുന്ന ഒരു അലമാരയും ഒരു ഇരുമ്പ് കട്ടയിലും കുറച്ചു തുണികളും കുറെ കടലാസ് രേഖകളും ഒരു ഗ്യാസ് കുറ്റിയും കുറച്ചു പാത്രങ്ങളും മാത്രമേ ഉള്ളൂ."
മറ്റു ചിലർ വിളിച്ചു പറഞ്ഞു: "എനിക്കും കുറച്ച് തരാനുണ്ട്, ഞാൻ എല്ലാം പൊറുത്തു കൊടുത്തിരിക്കുന്നു."
മരണം അനിവാര്യമായ സത്യമാണ്. മുഴുവൻ ആളുകളും കരീംക്കയ്ക്ക് പൊറുത്തുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു.
യാ അല്ലാഹ്... കരീംക്കയുടെ ഖബർ ജീവിതം സുഖകരമാക്കണേ... 🤲
അദ്ദേഹത്തിന്റെ എല്ലാ പാപങ്ങളും പൊറുത്തുകൊടുക്കണേ...
ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും മാപ്പാക്കണേ... 🤲
ഖബർ വിശാലമാക്കണേ... ഖബറിൽ പ്രകാശം നിറയ്ക്കണേ...
ജന്നാത്തുൽ ഫിർദൗസിൽ ഉന്നതമായൊരു സ്ഥാനം നൽകി അനുഗ്രഹിക്കണേ... 🤲🏻
കരീംക്കയോട് എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് പൊറുത്തുകൊടുക്കാനും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനും എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏻
✍️ മുജിബ് പൂക്കോട്ടൂർ
കടപ്പാട് - എഫ്ബി
Related News