ജിദ്ദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി, കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സൈഫുദ്ദീന്‍ വാഴയിലിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി ഒ.ഐ.സി.സി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്ത് രക്തം ദാനം ചെയ്തു.
സൗദി ദേശീയ ദിനത്തിന്റെ പ്രധാന സന്ദേശങ്ങളായ ഐക്യം, സഹോദര്യം, പരസ്പര സഹകരണം, സാമൂഹിക ഉത്തരവാദിത്വം എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രവാസികള്‍ തങ്ങളുടെ സേവന സന്നദ്ധതയിലൂടെ സമൂഹത്തിന് നല്‍കുന്ന സംഭാവനകളുടെ ഭാഗമായാണ് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കാണുന്നതെന്നും അവര്‍ വ്യക്തമാക്കി.
ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്ത എല്ലാ രക്തദാതാക്കള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങളും സഹകരണവും ഒരുക്കിയ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ക്കും, ബ്ലഡ് ബാങ്ക് വിഭാഗത്തിലെ ജീവനക്കാരായ ഡോ. അഹമ്മദ് അബ്ദുല്ല അല്‍ മാലിക്കി, അഹമ്മദ് അല്‍ അബ്ദലി, ഉമര്‍ അസീരി എന്നിവര്‍ക്ക് സംഘാടകര്‍ പ്രത്യേക നന്ദി രേഖപ്പെടുത്തി.
ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും ക്യാമ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രക്തദാനത്തിനായി എത്തിയവരെ ഏകോപിപ്പിക്കുന്നതിലും ആശുപത്രി അധികൃതരുമായി സഹകരിച്ച് ക്യാമ്പ് ക്രമീകരിക്കുന്നതിലും ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു.
Related News